You are Here : Home / USA News

'വിദ്യാജ്യോതി' മലയാളം സ്‌കൂളിന്റെ വാര്‍ഷികം

Text Size  

Story Dated: Saturday, July 11, 2015 11:13 hrs UTC

ജയപ്രകാശ് നായര്‍

ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'വിദ്യാജ്യോതി' മലയാളം സ്‌കൂളിന്റെ വാര്‍ഷികം ജൂണ്‍ 19 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ന്യൂസിറ്റിയിലെ സുക്കര്‍ പാര്‍ക്കിലുള്ള ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുകയുണ്ടായി. അഷിത സജിയും ലിയ സജിയും ചേര്‍ന്ന് അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ട് വാര്‍ഷികാഘോഷത്തിനു തുടക്കം കുറിച്ചു. സ്റ്റെഫാനിയ സൈമനും സെറഫിന സൈമനും ചേര്‍ന്ന് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.
പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടഞ്ചിറയുടെ ആമുഖ പ്രസംഗത്തില്‍ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയുമുണ്ടായി.
പ്രസിഡന്റ് ഷാജിമോന്‍ വെട്ടം വിദ്യാജ്യോതി സ്‌കൂളിന്റെ പ്രവര്‍ത്തനം ഭംഗിയായി നടക്കുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സ്‌കൂളിന്റെ പ്രവര്‍ത്തനത്തില്‍ സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിച്ചു.
സെക്രട്ടറി അലക്‌സ് എബ്രഹാം, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ഓലഹന്നാന്‍, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന സുപ്രസിദ്ധ സാഹിത്യകാരനും പത്രപ്രവര്‍ത്തകനും യാത്രാ വിവരണങ്ങളിലൂടെ സുപരിചിതനുമായ ജോര്‍ജ് തുമ്പയില്‍, മലയാളഭാഷ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറയുകയുണ്ടായി. മറ്റൊരു ഭാഷ പഠിക്കുന്നതിലൂടെ മറ്റൊരു സംസ്‌കാരം മനസിലാക്കാനുള്ള അവസരം ആണ് ലഭിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേഹ റോയ്, സാന്ദ്രാ ജോജോ, ക്രിസ് മുണ്ടാങ്കല്‍, അലീന റോസ്, എലിസബത്ത് കളപ്പുര, റേച്ചല്‍, മറീന, സാലി നൈനാന്‍ എന്നിവര്‍ മനോഹരങ്ങളായ വിവിധ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. ആഡ്രിയന്‍ ജോസഫ്, അലീന റോസ് മുണ്ടാങ്കല്‍, നേഹ റോയ്, നേഹ പാണ്ടിപ്പള്ളി, സാറ സ്‌കറിയ, ആന്‍സിലിയന്‍ മാത്യു എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ഉപകരണ സംഗീതവുമായി ഷോണ്‍ ആന്റണി എത്തി.
 
സീനിയര്‍ അധ്യാപികയായ മറിയാമ്മ നൈനാന്‍ സ്‌കൂളിന്റെ കരിക്കുലത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. അധ്യാപകരായ ജോജോ ജെയിംസ്, മഞ്ജു മാത്യു, സിനു നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് സമ്മാനദാനം നിര്‍വഹിക്കുകയുണ്ടായി. വൈസ് പ്രിന്‍സിപ്പല്‍ തോമസ് മാത്യു കൃതജ്ഞത അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
.
വെല്‍ബി കളപ്പുരയ്ക്കല്‍, വെസ്ലി കളപ്പുരയ്ക്കല്‍, ആല്‍ബര്‍ട്ട് പറമ്പി, റോബര്‍ട്ട് പറമ്പി എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു. മലയാളം സ്‌കൂള്‍ വാളണ്ടിയേഴ്‌സ് ചേര്‍ന്ന് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചുകൊണ്ട് വാര്‍ഷികാഘോഷത്തിനു തിരശ്ശീല വീണു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.