You are Here : Home / USA News

ആത്മശാന്തിയുടെ ദൈവീകാനുഭവമായി ഫാമിലി യൂത്ത് കോണ്‍ഫറന്‍സ്

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, July 15, 2015 11:26 hrs UTC

ന്യൂയോര്‍ക്ക്: ആത്മശാന്തിയും ആത്മീയതയും തലമുറകളിലേക്ക് പകര്‍ന്നു നല്‍കുക എന്ന ചരിത്രദൗത്യമാണ് ഇത്തവണത്തെ മലങ്കര ഓര്‍ത്തഡോക്‌സ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യമെന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. സൗഹൃദത്തിന്റെ കൂട്ടായ്മയ്ക്കാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം വീണ്ടും വേദിയാവുന്നത്. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ആത്മീയ നിറവിന്റെ മറ്റൊരു നവോത്ഥാന ദിനം കൂടിയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. സമകാലിക സംഭവങ്ങളുടെയൊക്കെ പശ്ചാത്തലത്തില്‍ മാറി കൊണ്ടിരിക്കുന്ന ലോകത്തില്‍, വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും നാശം നേരിട്ടു കൊണ്ടിരിക്കുന്ന വേളയില്‍ ഇത്തരമൊരു കോണ്‍ഫറന്‍സ് അനിവാര്യമാണ്. അത് തികച്ചും അനുയോജ്യമായ വിധത്തില്‍ ഇവിടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. മാറി കൊണ്ടിരിക്കുന്ന യുവജനങ്ങളുടെ ആത്മീയതാത്പര്യങ്ങള്‍ക്കു കൂടി മുന്‍തൂക്കം നല്‍കിയാണ് ഇത്തവണ കോണ്‍ഫറന്‍സ് നടക്കുക. അവരിലേക്ക് ആത്മവിശുദ്ധിയുടെ പൊന്‍പ്രാവിനെ സ്വീകരിക്കാന്‍ തക്കവിധം ഈ കോണ്‍ഫറന്‍സ് ഉപയുക്തമാകുമെന്നും നമുക്കു വിശ്വസിക്കാം. പ്രതിസന്ധികള്‍ മറികടക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ വഴിതെളിക്കുമെന്നും അച്ചടക്കമുള്ള ജീവിതശൈലിയിലൂടെ കുടുംബജീവിതത്തില്‍ വിജയിക്കാന്‍ ഭദ്രാസന കുടുംബാംഗങ്ങളെ പ്രാപ്തരാക്കുകയാണ് ഫാമിലി കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നതെന്നും മാര്‍ നിക്കോളോവോസ് പറഞ്ഞു. ആത്മീയവും മാനസികവുമായ വളര്‍ച്ചയും വ്യക്തിജീവിതത്തില്‍ ആത്മവിശ്വാസവും വളര്‍ത്താന്‍ കോണ്‍ഫറന്‍സ് വഴി തെളിക്കട്ടെയെന്ന് മെത്രാപ്പോലീത്ത ആശംസിച്ചു.
വിശ്വാസത്തില്‍ അഭിവൃദ്ധിപ്പെടുന്ന തലമുറ (തലമുറയോട് നിന്റെ ക്രിയകളെ പുകഴ്ത്തി, നിന്റെ വീര്യ പ്രവര്‍ത്തികളെ പ്രസ്താവിക്കും എന്ന സങ്കീര്‍ത്തന ഭാഗത്തെ 145-ാം അധ്യായം നാലാം വാക്യത്തെ അടിസ്ഥാനമാക്കി) എന്നതാണ് ചിന്താവിഷയം. വിശ്വാസത്തിലൂന്നീയ ഒരു തലമുറയ്ക്ക് മാത്രമേ ആത്മീയമായ ഉയിയര്‍പ്പിന്റെ ഫലം ലഭക്കുകയുള്ളു. ഇതിന്റെ സമകാലിക പ്രസക്തിയും സാമൂഹികമായുള്ള സഭയുടെ ഇടപെടലുകളും ഇവിടെ ചര്‍ച്ചാവിധേയമാകുന്നു. നമ്മുടെ കൂട്ടായ്മകളിലും കുടുംബങ്ങളിലും സൗഹൃദങ്ങളിലും സംഭവിച്ചിരിക്കുന്ന തകര്‍ച്ചയുടെ ആക്കം കുറയ്ക്കുന്നതിനും നമുക്ക് തന്നെ മാറി ചിന്തിക്കുന്നതിനും സമാധാനത്തിന്റെയും ശാശ്വത ശാന്തിയുടെയും അന്തരീക്ഷം സംജാതമാക്കുന്നതിനും ഈ കോണ്‍ഫറന്‍സ് മാറുമെന്നും ഉറപ്പുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.