You are Here : Home / USA News

ക്രിസ്‌തീയ സഭ ആദ്യഫലമായിത്തീരണം: ന്യൂടെസ്റ്റ്‌മെന്റ്‌ കണ്‍വന്‍ഷന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 22, 2015 07:51 hrs UTC

ഒഹിയോ: യേശുക്രിസ്‌തുവിന്റെ വരവിങ്കല്‍ സഭ ആദ്യഫലമായി കാണപ്പെടണമെന്നും എങ്കില്‍ മാത്രമേ വാനമേഘത്തില്‍ എടുക്കപ്പെടുകയുള്ളുവെന്നും ന്യൂടെസ്റ്റ്‌മെന്റ്‌ മിനിസ്‌ട്രിയുടെ നോര്‍ത്ത്‌ അമേരിക്കന്‍ കണ്‍വന്‍ഷന്‍ സമാപന യോഗത്തില്‍ ചീഫ്‌ പാസ്റ്റര്‍ വെസ്‌ലി (പെന്തക്കോസ്‌ത്‌ മിഷന്‍) ഉത്‌ബോധിപ്പിച്ചു. ആഷ്‌ലാന്റ്‌ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ഓഡിറ്റോറിയത്തില്‍ ജൂലൈ 8 മുതല്‍ 12 വരെ നടന്ന കണ്‍വന്‍ഷനില്‍ അമേരിക്ക ഉള്‍പ്പടെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ആദ്യഫലമായിത്തീരേണ്ടതിനു മൂന്നു കാര്യങ്ങള്‍ നമ്മില്‍ നിന്ന്‌ നീക്കേണ്ടിയിരിക്കുന്നു. അവ `കറ, വാട്ടം, മാലിന്യം' എന്നിവയാണ്‌. ഇതിനു രണ്ടു കാര്യങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കേണ്ടിയിരിക്കുന്നു. അവ വിശുദ്ധിയും തേജസുമാണ്‌. വിശുദ്ധി കൂടാതെ ദൈവത്തെ ആര്‍ക്കും കാണുവാന്‍ സാധ്യമല്ല. നമ്മെ ആദ്യഫലമാക്കിത്തീര്‍ക്കേണ്ടതിനു മൂന്നുതരം സ്‌നേഹം നമ്മുടെയുള്ളില്‍ ഉണ്ടാകണം. ഒന്നാമത്‌ പിതാവായ ദൈവത്തിന്റെ ത്യാഗം സഹിക്കുന്ന സ്‌നേഹം. പിതാവായ ദൈവം ഏകപുത്രനായ യേശുവിനെ പാപികളായ മാനവജനതയ്‌ക്കായി ക്രൂശില്‍ ബലിയാടാകാനായി നല്‍കി. രണ്ടാമത്തേത്‌ യേശുവിന്റെ സ്‌നേഹം. യേശുവിന്റെ സ്‌നേഹം സ്വയം ത്യജിക്കുന്ന സ്‌നേഹമാകുന്നു. പാപികളായ മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്‌ക്കായി സ്വന്ത ഇഷ്‌ടം വെടിഞ്ഞ്‌ പിതാവിന്റെ ഇഷ്‌ടത്തിന്‌ ഏല്‍പിച്ചുകൊടുത്ത മഹാസ്‌നേഹം. മൂന്നാമത്തേത്‌ പരിശുദ്ധാത്മാവിന്റെ സ്‌നേഹം. മറ്റുള്ളവര്‍ക്കുവേണ്ടി പരാതികള്‍ കൂടാതെ പ്രാര്‍ത്ഥിക്കുന്ന സ്‌നേഹം. വിശുദ്ധന്മാരായ വിശ്വാസികള്‍ ആദ്യഫലമായിത്തീരുമ്പോള്‍ ദൈവ വേലക്കാര്‍ ആദ്യഫലമായിത്തീരുന്നു. യേശുക്രിസ്‌തുവിന്റെ വരവിങ്കല്‍ സഭ സ്‌നേഹത്തിന്റെ വിശുദ്ധമായി കാണപ്പെടണം. ദൈവസ്‌നേഹം കാത്തുസൂക്ഷിക്കുകയും, ലോക പ്രകാരം അശുദ്ധമാകുന്ന എല്ലാറ്റില്‍ നിന്നും വേര്‍പെട്ട ജീവിതം നയിക്കേണ്ടത്‌ ആവശ്യമാണെന്നും ചീഫ്‌ പാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. യൂത്ത്‌ സെമിനാറുകളും, പ്രത്യേക ഉപവാസ പ്രാര്‍ത്ഥനകളും, ഡിവൈന്‍ ഹീലിംഗ്‌ ക്ലാസുകളും നടന്നു. സ്‌നാനാ ശുശ്രൂഷയും, ദൈവ വേലയ്‌ക്കായി സമര്‍പ്പിക്കപ്പെടുന്ന ശുശ്രൂഷയും അനേകരുടെ വിടുതലിന്റെ സാക്ഷ്യങ്ങളും കണ്‍വന്‍ഷനെ അനുഗ്രഹമാക്കിയതായി പങ്കെടുത്ത വിശ്വാസികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.