You are Here : Home / USA News

എന്റെ സുഹൃത്ത് ജോര്‍ജ് കുര്യന്‍ സാര്‍ -ഒരു അനുസ്മരണം

Text Size  

Story Dated: Wednesday, July 22, 2015 07:53 hrs UTC

തോമസ് കൂവള്ളൂര്‍

ഈയിടെ കേരളാ എക്‌സ്പ്രസില്‍ 'നീലസാഗരത്തില്‍ വിരിഞ്ഞ നീലത്താമര' എന്ന തലക്കെട്ടില്‍ പ്രശസ്ത പ്രവാസി മലയാള എഴുത്തുകാരി എത്സി ബേബി നോവലിസ്റ്റ് ജോര്‍ജ് കുര്യനെപ്പറ്റി വളരെ സത്യസന്ധമായ രീതിയില്‍ എഴുതിയ ലേഖനം വായിക്കാനിടയായി. ആ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ജോര്‍ജ് കുര്യന്‍ സാറിനെപ്പറ്റി അല്പം എഴുതേണ്ടത് എന്റെ കടമയായി എനിക്കു തോന്നി. മനുഷ്യരായ നമ്മുടെ ചുരുങ്ങിയ ഇഹലോക ജീവിതത്തില്‍ ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കളെ നേടാന്‍ കഴിയുക എന്നുള്ളത് വളരെ അപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണ്. എന്റെ ജീവിതത്തില്‍ വളരെചുരുക്കം ചില ആത്മാര്‍ത്ഥ സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞിട്ടുള്ളത് മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. അക്കൂട്ടത്തില്‍ ഒരു ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു ഈയിടെ നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ പ്രശസ്ത എഴുത്തുകാരനും, ചിന്തകനും, നോവലിസ്റ്റുമായ ജോര്‍ജ്ജ് കുര്യന്‍ സാര്‍. ആകസ്മികമായാണ് 2006ല്‍ ഇന്‍ഡ്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്കില്‍ വച്ചുനടത്തിയ ആദ്യത്തെ ദേശീയ കണ്‍വന്‍ഷനില്‍ ഞങ്ങള്‍ അടുത്തു പരിചയപ്പെട്ടത്.

 

അന്നത്തെ പരിചയപ്പെടല്‍ ഒരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു. അതിനുശേഷം ഞങ്ങള്‍ ദിവസവുമെന്നോണം നിരന്തരം ഫോണിലൂടെ നിരവധി കാര്യങ്ങളെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. പിന്നീടു ഞങ്ങള്‍ ഒരു കുടുംബം പോലെ അടുത്തു. അദ്ദേഹത്തിന്റെ താമസം ന്യൂജെഴ്‌സിയിലും എന്റെ താമസം ന്യൂയോര്‍ക്കിലും ആയിരുന്നിട്ടു കൂടി അകലം ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ലാതായി. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചു നടത്താറുള്ള മിക്ക പരിപാടികള്‍ക്കും ഞാന്‍ കുടുംബസമ്മേതം പങ്കെടുത്തിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ 'മലകളും താഴ് വരകളും' എന്ന നോവലിന്റെ പ്രകാശനകര്‍മ്മം ഞാനുള്‍പ്പെട്ട സംഘടനയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ ഈസ്റ്റര്‍ വിഷുപരിപാടിയില്‍ പ്രകാശനം ചെയ്തതും വാര്‍ത്താമാദ്ധ്യമങ്ങളില്‍ വന്നിരുന്നു. 2008 ല്‍ ഞാന്‍ യോങ്കേഴ്‌സ് കേന്ദ്രമായി ഇന്‍ഡോ അമേരിക്കന്‍ യോഗോ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന പേരില്‍ യോഗാ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ മറ്റാരെക്കാള്‍ കാര്യമായി എന്നെ പ്രോത്സാഹിപ്പിച്ച വ്യക്തി അദ്ദേഹമാണ്. യോഗയിലുമുള്ള എന്റെ കഴിവുകള്‍ മനസ്സിലാക്കിയ അദ്ദേഹം എന്നെ പലവിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തി. ഇടയ്ക്ക് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു ക്ഷണിച്ചുവരുത്തി അദ്ദേഹവും കുടുംബാംഗങ്ങളും ചേര്‍ന്ന് ഒരു ഫാമിലി യോഗ തന്നെ തുടങ്ങി. അദ്ദേഹത്തിന്റെ പേരക്കിടാങ്ങളായ അരിയാനയും ജയനും വളരെ താല്‍പര്യത്തോടെ യോഗയില്‍ ഭാഗഭാക്കുകളായി.

 

അന്ന് അദ്ദേഹം എനിക്കു പ്രോത്സാഹന സമ്മാനമായി 100 ഡോളര്‍ നല്‍കി ആദരിച്ചതും മറക്കാനാവില്ല. എനിക്ക് ആയിടെ 'യോഗാചാര്യ' എന്ന പദവി നല്‍കി ആദരിക്കാനും അദ്ദേഹം മറന്നില്ല. 2009ല്‍ സ്വാമി ബുവയെ ആദരിക്കുന്നതിനുവേണ്ടി ഇന്‍ഡോഅമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വച്ചു നടത്തിയ യോഗാ സദ്‌സംഗില്‍ അദ്ദേഹം പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. അന്ന് യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിലേയ്ക്ക് സംഭാവനയായി അദ്ദേഹം നല്‍കിയ 100 ഡോളര്‍ എന്നെ സഹായിക്കാനെന്ന പേരില്‍ എന്നോടൊപ്പം നിന്നിരുന്ന ഒരു മഹാന്‍ ചൂണ്ടിക്കൊണ്ടു പോയതില്‍ ജോര്‍ജ്ജുസാര്‍ സരസമായിട്ടാണെങ്കിലും അദ്ദേഹത്തിന്റെ നീരസം പ്രകടിപ്പിച്ചത് എനിക്കു മറക്കാനാവില്ല. ആത്മാര്‍ത്ഥതയില്ലാത്തവരെ ഒരിക്കലും നമ്മോടൊപ്പം നിര്‍ത്തരുതെന്നും, അങ്ങിനെ ചെയ്താല്‍ അവര്‍ നമ്മെ ഇല്ലാതാക്കാന്‍ വരെ ശ്രമിക്കുമെന്നും ജീവിതത്തില്‍ വളരെ അനുഭവങ്ങളുള്ള ആ നല്ല മനുഷ്യന്‍ പലപ്പോവും എന്നെ ഉപദേശിച്ചിരുന്നു. അറിവിന്റെ ലോകത്തില്‍ ജോര്‍ജ് സാര്‍ ഒരു അതികായകനായിരുന്നു. വരാനിരിക്കുന്ന പുതിയ ഒരു ലോകത്തെപ്പറ്റി അദ്ദേഹം പലപ്പോഴും പറയാറുണ്ടായിരുന്നു.

 

2009 ജൂണ്‍ മാസത്തില്‍ അദ്ദേഹം ന്യൂജേഴ്‌സിയിലെ ബ്ലൂം ഫീല്‍ഡില്‍ ഉള്ള 14 ബ്രൂംലി പ്ലെയിസിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് സാഹിത്യകാരന്മാരുടെ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടിയപ്പോള്‍ എന്നെയും ക്ഷണിച്ചിരുന്നു. അന്നാണ് പ്രസിദ്ധ എഴുത്തുകാരി എത്സി ബേബിയെ പരിചയപ്പെടാന്‍ എനിക്കു കഴിഞ്ഞത്. അന്ന് വിവിധ വിഷയങ്ങളെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. എഴുത്തുകാരനെന്നതിനും പുറമെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവിനും, രാജ്യ തന്ത്രജ്ഞനും വേണ്ട അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 2009 മെയ് മാസത്തില്‍ ഞങ്ങള്‍ സംസാരിച്ച ഒരു കാര്യം ഞാനെന്റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നത് ഇവിടെ ചേര്‍ക്കുന്നത് ഉചിതമെന്നെനിക്കു തോന്നുന്നു. 'ഭാരതത്തെ എങ്ങിനെ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാവും? നമുക്കു വേണ്ടത് പഴയ കേരളവും പഴയ ഭാരതവുമല്ല ഒരു നൂതന കേരളവും, അഭിനവ ഭാരതവുമാണ്. അതു സാധിക്കുന്നതിന് അമേരിക്കയിലെ പ്രശ്‌സ്തരായ എഞ്ചിനീയര്‍മാരുടെയും, ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും, രാഷ്ട്രതന്ത്രജ്ഞരുടെയും അറിവുകള്‍ ശേഖരിച്ച് അതു കേരള ജനതയെയും, ഭാരതത്തിലുള്ള ജനങ്ങളെയും മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുക. നമ്മുടെ അറിവ് മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ശ്രമം നടത്തുക. അതിന് സാമുഹ്യരംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിച്ചാല്‍ സാധിക്കുമെന്നും അദ്ദേഹം എന്നെ ഉല്‍ബോധിപ്പിച്ചിരുന്നു.

 

വാസ്തവത്തില്‍ നാം ആലോചിച്ചു നോക്കിയാല്‍ നമ്മുടെ നാടായ കേരളത്തിലെ ഇന്നുള്ള വികസനങ്ങള്‍ക്കു കാരണം ആദ്യകാലത്ത് വിദേശത്തു പോയി അറിവു സമ്പാദിച്ച പ്രവാസികളല്ലാതെ മറ്റാരാണ്. ഒരു കാലത്ത് ഒറ്റ മുണ്ടു മാത്രമുടുത്ത്, കൗപീന ധാരികളായിരുന്ന കേരളക്കാരെ അണ്ടര്‍ വെയറും പാന്റും ഷര്‍ട്ടും ഇടുവിച്ച് ടൈയും കെട്ടി ലോക പൗരന്മാര്‍ക്കൊപ്പം കിടപിടിക്കത്തക്കവരാക്കി മാറ്റാന്‍ കഴിഞ്ഞത് എസ്.കെ. പൊറ്റക്കാടിനെപ്പോലെയും ജോര്‍ജ് കുര്യനെയും പോലുള്ള, പുറംലോകത്തു പോയി അറിവുനേടി ആ അറിവ് തങ്ങളുടെ ജനതയ്ക്കു പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞ എഴുത്തുകാരും, സാമുഹ്യ പ്രവര്‍ത്തകരുമല്ലാതെ മറ്റാരാണ്. ജോര്‍ജ് കുര്യന്‍ സാറിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിനും, ഏതാനും മണിക്കൂറുകള്‍ സംസാരിക്കാനുമുള്ള ഭാഗ്യം എനിക്കു ലഭിച്ചു. അദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മ അമ്മാമ്മ ഫ്‌ലോറന്‍സ് നൈറ്റിംഗേലിനെപ്പോലെ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതു കണ്ടപ്പോള്‍ എത്രകാര്യമായാണ് അവര്‍ തങ്ങളുടെ ചാച്ചനെ (ചാച്ചന്‍ എന്നാണ് അവര്‍ ജോര്‍ജ്‌സാറിനെ വിളിച്ചിരുന്നത്) അവസാനം വരെ ശുശ്രൂഷിച്ചു കൊണ്ടിരുന്നത് എന്നും നേരിട്ടുകാണാന്‍ കഴിഞ്ഞു. നല്ലൊരു നേഴ്‌സ് കൂടി ആയ അവര്‍ ചാച്ചനെ ശുശ്രൂഷിക്കാന്‍ കിട്ടിയ അവസരം ഭാഗ്യമായി കരുതി. ഇത്തരത്തിലുള്ള നല്ല ഭാര്യമാര്‍ നമ്മുടെ സമൂഹത്തിന് മൊത്തം ഒരു മാതൃകയാണ്. പലരും സ്വപ്‌നം കാണാറുള്ള 'ലോകമേ തറവാട്' എന്ന സങ്കല്പം സ്വന്തം ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി കാണാന്‍ കഴിഞ്ഞ ഒരു ഭാഗ്യവാനായിരുന്നു ജോര്‍ജ്ജ് സാര്‍ എന്ന് അദ്ദേഹത്തിന്റെ അന്തിമ ശുശ്രൂഷാവേളയില്‍ എനിക്കു കാണാന്‍ കഴിഞ്ഞു. സാഹിത്യ രംഗത്തെ അറിയപ്പെടുന്ന പ്രൊഫസര്‍ ഡോ. ജോയി റ്റി. കുഞ്ഞാപ്പു, പ്രൊഫസര്‍ ഡോ. ശശിധരന്‍ കുട്ടാല, ജോയന്‍ കുമരകം, അതുപോലെ അറിയപ്പെടുന്ന നിരവധി ആള്‍ക്കാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഒരു മഹാന്‍ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ ശവസംസ്‌ക്കാരവേളയില്‍ പങ്കെടുത്ത വിശിഷ്ടവ്യക്തികളുടെ സാന്നിദ്ധ്യം അദ്ദേഹത്തിന്റെ സുഹൃത് വലയം എത്രമാത്രം വിപുലമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധുവും സ്‌നേഹിതനുമായ എബ്രാംജി ഇന്നും അദ്ദേഹത്തിന്റെ കുടുംബത്തിനു താങ്ങും തണലുമായി നില്‍ക്കുന്നു. 'സുഖിയായ് ഭാഗ്യവാനായ് ആരെയും കരുതേണ്ട ശവസംസ്‌ക്കാരം വരെ ഭാഗ്യങ്ങളിരിയ്ക്കായ്കില്‍' എന്ന പദ്യശകലം ഇവിടെ ഓര്‍മ്മ വരുന്നു. അതെ ജോര്‍ജ് സാര്‍ ഭാഗ്യവാന്‍ തന്നെ ആയിരുന്നു. ജോര്‍ജ് കുര്യന്‍ സാറിന്റെ സ്മരണയ്ക്കുമുമ്പില്‍ എന്റെ ആദരാഞ്ജലികള്‍!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.