You are Here : Home / USA News

ഡെന്‍വര്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ മിഷനില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 24, 2015 01:01 hrs UTC

ഡെന്‍വര്‍: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാ മിഷന്‍ ദേവാലയത്തില്‍ ഭാരത അപ്പസ്‌തോലനും, മിഷന്റെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ഓര്‍മ്മത്തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടെ ആഘോഷിച്ചു. ജൂലൈ 5-ന്‌ ഞായറാഴ്‌ച തിരുനാള്‍ ദിനം. വൈകിട്ട്‌ 5.30-ന്‌ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ. ജോണ്‍ കോലഞ്ചേരി കപ്പൂച്ചിന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മിഷന്‍ ഡയറക്‌ടര്‍ ഫാ. സജി ചേന്നാത്ത്‌ വി.സി, ഫാ. സോജന്‍ പറപ്പില്‍ കപ്പൂച്ചിന്‍, ഫാ. ജോബ്‌ അറയ്‌ക്കപ്പറമ്പില്‍ കപ്പൂച്ചിന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലി മധ്യേ ഫാ. ജോണ്‍ കോലഞ്ചേരി നല്‍കിയ വചന സന്ദേശത്തില്‍ മാര്‍ത്തോമാ ശ്ശീഹാ കേരള ജനതയ്‌ക്ക്‌ നല്‍കിയ ക്രിസ്‌തീയ വിശ്വാസ പരിവര്‍ത്തനത്തിലൂന്നിയ, ദൈവാനുഭവത്തില്‍ ആഴപ്പെട്ട്‌, വിശ്വാസം പിന്‍തലമുറയ്‌ക്ക്‌ പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ വളരെ ഹൃദ്യമായ ഭാഷയില്‍, വിശ്വാസ സാക്ഷ്യങ്ങള്‍ സഹിതം ഉത്‌ബോധിപ്പിക്കുകയുണ്ടായി. ദിവ്യബലിയെ തുടര്‍ന്ന്‌ ലദീഞ്ഞ്‌, തിരുശേഷിപ്പ്‌ വണക്കം, നേര്‍ച്ചകാഴ്‌ച സമര്‍പ്പണം തുടങ്ങിയ ചടങ്ങുകളും നടത്തപ്പെട്ടു. 5.30-ന്‌ വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയില്‍ മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയോടെ വിശ്വാസികള്‍ പ്രാര്‍ത്ഥനാനിരതരായി പങ്കുകൊണ്ടു. മിഷന്‍ ഗായകസംഘം ആലപിച്ച ഇമ്പമാര്‍ന്ന ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി. ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജോര്‍ജ്‌ ചക്കാലയില്‍, ബെന്നി ഡേവിസ്‌ മുണ്ടയ്‌ക്കല്‍, സിജു സെബാസ്റ്റ്യന്‍ കുറവക്കാട്ട്‌, ടോണി ഫ്രാന്‍സീസ്‌ ഇറയമംഗലം, സുനില്‍ അലക്‌സാണ്ടര്‍ ഒറ്റത്തെങ്ങില്‍, ജോ ഓലപ്പുറത്ത്‌ എന്നിവരായിരുന്നു. തിരുനാള്‍ ആഘോഷങ്ങളിലും തിരുകര്‍മ്മങ്ങളിലും സജീവമായി പങ്കെടുത്ത എല്ലാ മിഷന്‍ കുടുംബാംഗങ്ങള്‍ക്കും, തിരുനാള്‍ മോടിയാക്കുന്നതിനു പിന്നില്‍ പ്രത്യേകം പ്രവര്‍ത്തിച്ച മിഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കും മിഷനറീസ്‌ ഓഫ്‌ ചാരിറ്റി സിസ്റ്റേഴ്‌സിനും മിഷന്‍ ഡയറക്‌ടര്‍ ഫാ. ഷാജി ചേന്നാത്ത്‌ നന്ദി രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ തിരുനാള്‍ കര്‍മ്മങ്ങള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.