You are Here : Home / USA News

ലോസ്‌ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയത്തില്‍ തിരുനാളിനു തുടക്കംകുറിച്ചു

Text Size  

Story Dated: Friday, July 24, 2015 01:15 hrs UTC

- പ്രീത പുതിയകുന്നേല്‍

 

ലോസ്‌ആഞ്ചലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന്‌ വെള്ളിയാഴ്‌ച വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി. അഭിവന്ദ്യ ബിഷപ്പ്‌ സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍ രൂപത, ഒറീസ) ആണ്‌ തിരുനാളിനു മുഖ്യകാര്‍മികത്വം വഹിച്ചത്‌. വി. അല്‍ഫോന്‍സാമ്മയുടെ ജീവിതശൈലി പഠിച്ച്‌ നമ്മുടെ ക്രിസ്‌തീയ കുടുംബത്തില്‍ അത്‌ അനുകരിക്കുകയും, നമ്മുടെ കുട്ടികളെ അതുവഴി ദൈവ വിശ്വാസത്തില്‍ തീക്ഷണതയുള്ളവരായി വളര്‍ത്തുകയും ചെയ്യണമെന്ന്‌ പിതാവ്‌ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ജൂലൈ 19-ന്‌ ഞായറാഴ്‌ച ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍ കുട്ടികള്‍ക്കായി പ്രത്യേകം കുര്‍ബാനയര്‍പ്പിച്ചു. എല്ലാ പ്രതിസന്ധിയുടേയും, ഒറ്റപ്പെടലിന്റേയും, രോഗങ്ങളുടേയും ഇടയിലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത മാധുര്യമായ ഈശോയെ അനുഭവിക്കുവാന്‍ സാധിച്ച വി. അല്‍ഫോന്‍സാമ്മയെപ്പോലെ ദൈവത്തിന്റെ സാന്നിധ്യം വിശ്വാസത്തില്‍കൂടി അനുഭവിക്കുന്നതിനും നമ്മുടെ കൂടെ എപ്പോഴും നടക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ്‌, നമ്മുടെ പ്രതിസന്ധികളില്‍ തകരാതെ മുന്നോട്ടു ജീവിക്കുന്നതിനും നമ്മള്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന്‌ ബഹു. അച്ചന്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. ജൂലൈ 20-ന്‌ തിങ്കളാഴ്‌ചത്തെ വി. കുര്‍ബാന ഇടവകയിലെ ഗ്രാന്റ്‌ പേരന്റ്‌സിനു വേണ്ടിയാണ്‌ സമര്‍പ്പിച്ചത്‌. റവ.ഫാ. ബെന്നി അയത്തുപാടം ആയിരുന്നു മുഖ്യകാര്‍മികന്‍. വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ കേവലം അത്ഭുതങ്ങള്‍ കാണുവാനോ, അനുഭവിക്കുവാനോ വേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ, ദൈവത്തിന്റെ കൃപയ്‌ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‌ അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. ഗ്രാന്റ്‌ പേരന്റ്‌സ്‌ വഴി നമുക്ക്‌ ലഭിക്കുന്ന അവരുടെ ജീവിതാനുഭവങ്ങളും, അവരുടെ വിശ്വാസതീക്ഷണതയും നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിലും, വിശ്വാസജീവിതത്തിലും കൂടുതല്‍ ശക്തിപകരുവാന്‍ ഉപകരിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. വി. കുര്‍ബാനയെ തുടര്‍ന്ന്‌ ഗ്രാന്റ്‌ പേരന്റ്‌സിന്റെ സംഘടനയായ അഗാപ്പെ ഇടവക വികാരി ഫാ. വാടാന ഉദ്‌ഘാടനംചെയ്‌തു. വി. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന ജൂലൈ 25 വരെ ഉണ്ടായിരിക്കും. ജൂലൈ 25,26 തീയതികളില്‍ പ്രധാന തിരുനാളായി ആഘോഷിക്കുന്നു. പ്രീത പുതിയകുന്നേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.