You are Here : Home / USA News

ദൈവവിശ്വാസം കൈവെടിയരുത്: മാർ ക്ളിമ്മിസ് കാതോലിക്കാ ബാവ

Text Size  

Story Dated: Monday, August 10, 2015 10:32 hrs UTC

വാഷിങ്ടൺ∙ ലോകത്തിൽ എവിടെ ആയിരിക്കുമ്പോഴും ഏതു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ആഴമായ ദൈവവിശ്വാസം മുറുകെപിടിക്കാൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവ ആഹ്വാനം ചെയ്തു. ചതുർദിന മലങ്കര കാത്തലിക് കൺവൻഷന്റെ സമാപനദിവസം സമൂഹബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ക്ളിമ്മിസ് കാതോലിക്കാബാവ. കൺവൻഷന്റെ ഉദ്ഘാടനം നിർവഹിച്ചതും ക്ളിമ്മിസ് കാതോലിക്കാബാവയാണ്. ഉദ്ഘാടന ചടങ്ങിൽ അമേരിക്കയിലെ മലങ്കര കാത്തലിക് എക്സാർക്കിയേറ്റ് അധ്യക്ഷൻ തോമസ് മാർ യൗസേബിയോസ് അധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളിൽ നടന്ന സെഷനുകൾക്ക് പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ ദിവന്നാസിയോസ്, പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, തിരുവല്ല അതിരൂപതാ സഹായമെത്രാൻ ഫിലിപ്പോസ് മാർ സ്തേഫാനോസ്, ഹാർലിങ്ടൺ ബിഷപ്പ് പോൾ എസ്. ലവാർദി, റവ. ഡോ. ജോസഫ് പാംബ്ളാനി, റവ. ഡോ. ഏബ്രഹാം ഒരപ്പാങ്കൽ, കരോളിൻ ഗംബാലെ, ഫാ. ടോം ബെറ്റ്സ്, ഡീക്കൻ ജെറി മാത്യു, ബിനു ഏബ്രഹാം, രാജേഷ് ജേക്കബ്, ഡോ. മനോജ് മാത്യു, ഗ്രേസി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. വാഷിങ്ടണിൽ മലങ്കര കാത്തലിക് കൺവൻഷനിൽ പങ്കെടുക്കാൻ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവ, വാഷിങ്ടൺ ആർച്ച്ബിഷപ്പ് കർദിനാൾ ഡോണൾഡ് വേൾ, കർദിനാൾ തിയഡോർ മക്ക്കാറിക്, തോമസ് മാർ യൌസേബിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്നിവർ എത്തിയപ്പോൾ. കൺവൻഷനോടനുബന്ധിച്ചു നടന്ന ആർച്ച്ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനത്തിൽ ഫിലിപ്പോസ് മാർ സ്തേഫാനോസ് പ്രഭാഷണം നടത്തി. പൊതുസമ്മേളനം വാഷിങ്ടൺ ആർച്ച്ബിഷപ്പ് കർദിനാൾ ഡോണൾഡ് വേൾ ഉദ്ഘാടനം ചെയ്തു. മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. വാഷിങ്ടൺ മുൻ ആർച്ച്ബിഷപ്പ് കർദിനാൾ തിയഡോർ മക്ക്കാറിക്, തോമസ് മാർ യൌസേബിയോസ് എന്നിവർ പ്രസംഗിച്ചു. മോൺ. പീറ്റർ കോച്ചേരി, ഫാ. അഗസ്റ്റിൻ മംഗലത്ത്, പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി ജോൺ പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടികൾക്കു നേതൃത്വം നൽകി. പന്ത്രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ കർദിനാൾ ക്ളിമ്മിസ് കാതോലിക്കാബാവ നേരത്തെ വാഷിങ്ടൺ ആർച്ച്ബിഷപ്പ് കർദിനാൾ ഡോണൾഡ് വേളുമായി ഔദ്യോഗിക മന്ദിരത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

മാർപാപ്പയുടെ യുഎസ് സന്ദർശനം, ഇന്ത്യയിലെ ബിഷപ്സ് കോൺഫറൻസിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയവ ചർച്ചാവിഷയമായി. വാഷിങ്ടൺ സെന്റ് എലിസബത്ത് ഇടവക അസോഷ്യേറ്റ് വികാരി ഫാ. ജേക്കബ് ജോർജ് ചിറയത്തും ഒപ്പമുണ്ടായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കർദിനാൾ മാർ ക്ളിമ്മീസ് ബാവ ന്യൂയോർക്കിലുള്ള മലങ്കര കത്തോലിക്കാ സമൂഹങ്ങളെ സന്ദർശിക്കും. ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളനുമായും കൂടിക്കാഴ്ച നടത്തും. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി കർദിനാൾ ക്ളിമ്മിസ് ബാവ 17ന് മടങ്ങും. 19ന് നാട്ടിലെത്തും.

 

വാർത്ത∙വിൻജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.