You are Here : Home / USA News

സ്വാമി ഉദിത്‌ ചൈതന്യയുടെ പ്രഭാഷണം ആത്മസാക്ഷാത്‌കാരത്തിന്റ നിമിഷങ്ങളായി

Text Size  

Story Dated: Wednesday, August 12, 2015 09:50 hrs UTC

ന്യൂജേഴ്‌സി: പ്രപഞ്ചപരിപാലകനായ ശ്രീഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച്‌ നാമം ഒരുക്കിയ സ്വാമി ഉദിത്‌ ചൈതന്യുയുടെ ആത്മീയ പ്രഭാഷണം ഭക്തജനങ്ങള്‍ക്ക്‌ മോക്ഷദായകമായ നിമിഷങ്ങളായി. 2015 ഓഗസ്റ്റ്‌ രണ്ടാം തീയതി ന്യൂജേഴ്‌സി മോര്‍ഗന്‍വില്ലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച്‌ നടത്തിയ പ്രഭാഷണത്തില്‍ സ്വാമി ഭഗവത്‌ വചനങ്ങളെ കാലോചിതമായി വ്യാഖ്യാനിച്ചപ്പോള്‍ അത്‌ ഭക്തജനങ്ങള്‍ക്ക്‌ ആത്മവിചിന്തനത്തിന്റേയും ആത്മസാക്ഷാത്‌കാരത്തിന്റേയും ദിവസമായി. കര്‍മ്മോത്സുകമായ ജീവല്‍പ്രാരാബ്‌ദങ്ങളില്‍പ്പെട്ടുഴറുന്ന മനുഷ്യന്‌ ആത്മശാന്തിയ്‌ക്കും, ആത്മസാക്ഷാത്‌കാരത്തിനും ധ്യാനത്തിന്റെ ആവശ്യകതയെപ്പറ്റി സ്വാമി ചൂണ്ടിക്കാട്ടി. ദിനചര്യയില്‍ നമ്മെ തിരിച്ചറിയാനുള്ള നിമിഷങ്ങള്‍ ക്രമീകരിച്ച്‌ ദിവസവും ആത്മശാന്തിക്ക്‌ ഊര്‍ജ്ജം പകര്‍ന്ന്‌ നമ്മളിലെ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ അവസരങ്ങളെ അനുയോജ്യമായി ഉപയോഗപ്പെടുത്തുമ്പോഴാണ്‌ ജീവിതം വിജയം കൈവരിക്കുന്നത്‌.

 

പരാജയങ്ങള്‍ കര്‍മ്മഫലമല്ല, മറിച്ച്‌ എല്ലാവരിലും നിറയുന്ന കഴിവുകള്‍ യഥാസമയം അവസരത്തിനൊത്തുയര്‍ന്ന്‌ ഉപയോഗിക്കാന്‍ വിമുഖത കാട്ടുമ്പോഴാണ്‌ ഉണ്ടാകുന്നത്‌. സ്വാമിയുടെ ഭാഗവതം വില്ലേജിന്റെ സാമൂഹിക സേവനങ്ങളും, കാരുണ്യപ്രവര്‍ത്തനങ്ങളേയും പറ്റിയും വിശദീകരിച്ചു. തിരക്കിട്ട ജീവിതത്തിലും, ധ്യാനത്തിലൂടെ നാം നമ്മെ തിരിച്ചറിഞ്ഞ്‌ യഥാസമയം അവസരങ്ങളെ വിനിയോഗിച്ച്‌ വിജയം കൈവരിക്കാന്‍ സ്വാമി ഭക്തജനങ്ങളെ ആഹ്വാനം ചെയ്‌തു. ലൗകീക ജീവിതത്തിന്റെ സുഖദുഖങ്ങള്‍ക്കും അപ്പുറം ആത്മീയ നിറവിന്റേയും ഭക്തിയുടേയും ചൈതന്യം നിറച്ച്‌ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ഉണര്‍വോടെ നേരിടാന്‍ നമ്മെ പ്രാപ്‌തരാക്കാന്‍ സ്വാമിയുടെ പ്രഭാഷണം സഹായിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചുകൊണ്ട്‌ ഇത്തരം ഒരു അവസരം ന്യൂജേഴ്‌സിയില്‍ ഒരുക്കിയതിനു നാമത്തിന്റെ ഭാരവാഹികളെ രക്ഷാധികാരി മാധവന്‍ ബി. നായര്‍ അനുമോദിച്ചു.

 

നാമത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും ആത്മീയതയ്‌ക്ക്‌ മുന്‍തൂക്കം നല്‍കിയിരുന്നു എന്ന്‌ സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ പ്രസിഡന്റ്‌ ഡോ. ഗീതേഷ്‌ തമ്പി ഈ പരിപാടിയുടെ വിജയത്തിന്‌ ചുക്കാന്‍ പിടിച്ച സഞ്‌ജീവ്‌ കുമാര്‍, സജിത്‌ ഗോപിനാഥ്‌ എന്നിവരേയും മറ്റ്‌ ടീം അംഗങ്ങളേയും പ്രത്യേകം അനുമോദിച്ചു. ജയ്‌ നായര്‍ അവതരിപ്പിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ മാലിനി നായരും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും, ഡോ. ആഷാ വിജയകുമാര്‍, ലക്ഷ്‌മി ജയശങ്കര്‍, റിഷി നായര്‍ എന്നിവര്‍ ആലപിച്ച ഭക്തിഗാനവും, ശ്രീവര്‍ഷ കാലോത്തും പ്രണതി അമ്പാട്ടിയും ചേര്‍ന്ന്‌ അവതരിപ്പിച്ച ഭജനും ചടങ്ങിന്‌ മിഴിവേകി. വിവിധ സാമൂഹിക-സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത ഭക്തിനിര്‍ഭരമായ ചടങ്ങ്‌ മഹാപ്രസാദത്തിനുശേഷം പരിപാടിയുടെ എം.സിയായിരുന്ന അരുണ്‍ ഗോപാലകൃഷ്‌ണന്‍ നാമത്തിനുവേണ്ടി നന്ദി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.