You are Here : Home / USA News

ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ ഭാരത്‌ ബോട്ട് ക്ലബ് വിജയികള്‍

Text Size  

Story Dated: Thursday, August 13, 2015 10:28 hrs UTC

- ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്‌ : ഫ്ലഷിംഗ് മെഡോസ് പാര്‍ക്കില്‍ ആണ്ടുതോറും നടന്നു വരാറുള്ള ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസ്, ഓഗസ്റ്റ് 8 ശനിയാഴ്ച്ച നടക്കുകയുണ്ടായി. ഹെറിറ്റേജ് ഓപണ്‍ 500 മീറ്റര്‍ മത്സരത്തില്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനായി തുഴഞ്ഞ ഭാരത്‌ ബോട്ട് ക്ലബിന്റെ ടീം വിജയശ്രീലാളിതരായി. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം സമ്മാനം നേടുന്നത്. അതുകൊണ്ടുതന്നെ ഈ വിജയം എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന ഒരു നിമിഷമാണ് എന്ന് വിജയം ആഘോഷിച്ചുകൊണ്ട് പ്രസിഡന്റ് ജോണ്‍ താമരവേലി പറഞ്ഞു. ഫൈനലില്‍ എതിരാളികളെ അനേക വള്ളപ്പാടുകള്‍ക്ക് പിന്നിലാക്കിക്കൊണ്ട് വിജയിക്കാനായത് ഭാരത്‌ ബോട്ട് ക്ലബ്ബിലെ അംഗങ്ങളുടെ കൂട്ടായ കഠിന പ്രയത്നം കൊണ്ടു തന്നെയാണെന്ന് വൈസ് ​പ്രസിഡന്റ്​ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അഭിപ്രായപ്പെട്ടു. സില്‍വര്‍ ജൂബിലി കൊണ്ടാടുന്ന ഹോങ്കോങ്ങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ സമ്മാനാര്‍ഹരായതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് സെക്രട്ടറി ചെറിയാന്‍ ചക്കാലപ്പടിക്കല്‍ പറഞ്ഞു.

 

വിശാല്‍ വിജയന്‍ ട്രഷററായും, കോശി ചെറിയാന്‍ ടീം മാനേജരായും പ്രവര്‍ത്തിക്കുന്ന ഭാരത്‌ ബോട്ട് ക്ലബ്ബിന്റെ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഒരു കുട്ടനാട്ടുകാരന്‍ കൂടിയായ പ്രൊഫ. ജോസഫ് ചെറുവേലിയാണ് . ശശിധരന്‍ നായര്‍, കൃഷ്ണരാജ് മോഹനന്‍ എന്നിവരാണ് രക്ഷാധികാരികള്‍. പ്രധാന സ്പോണ്‍സര്‍ ഹൗസ് ഓഫ് സ്പൈസസ് ആയിരുന്നു. അടുത്ത വര്‍ഷം സ്ത്രീകളുടെ ഒരു ടീമിനെ കൂടി പ്രാക്ടീസ് ചെയ്യിച്ച് തുഴയിക്കുവാന്‍ ആലോചിക്കുന്നുണ്ടെന്ന് കോ ക്യാപ്ടന്‍ കൂടിയായ എബ്രഹാം തോമസ്‌ അറിയിച്ചു. ഈ വര്‍ഷം ഇനി ബാക്കിയുള്ള മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഈ വിജയത്തിലൂടെ ഭാരത്‌ ബോട്ട് ക്ലബ്ബിന് ഊര്‍ജ്ജം ലഭിക്കുമെന്ന് ക്യാപ്റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.