You are Here : Home / USA News

അനുഗ്രഹ നിറവില്‍ 36-മത് മാര്‍ത്തോമ്മാ ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Friday, August 14, 2015 10:34 hrs UTC

ഡെലവര്‍വാലി: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട 36-ാമത് ഭദ്രാസന യൂത്ത് കോണ്‍ഫറന്‍സിന് അനുഗ്രഹകരമായ സമാപനം. ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ആഗസ്റ്റ് 2ന് ഞായറാഴ്ച വരെ നടന്ന ദേശീയ കോണ്‍ഫറന്‍സില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളില്‍ നിന്നുള്ള 150 ല്‍ പരം യുവജനങ്ങള്‍ പങ്കെടുത്തു. വെസ്റ്റ്‌ചെസ്റ്റര്‍ യൂണിവേഴ്സ്റ്റി ഓഫ് പെന്‍സില്‍വാനിയായില്‍ വച്ച് നടന്ന കോണ്‍ഫറന്‍സിന് ഡെലവര്‍വാലി സെന്റ് തോമസ് ഇടവകയാണ് ആതിഥേയത്വം വഹിച്ചത്. ജൂലൈ 30ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

 

സഭാ നാഥനായ യേശുക്രിസ്തുവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് സഭയുടെ വിശ്വാസത്തെ മുറുകെപിടിച്ചു കൊണ്ട് നാം അധിവസിയ്ക്കുന്ന സമൂഹത്തിലും, സഭയിലും, രാജ്യത്തും കത്തുന്ന വിളക്കുകളായി ശോഭിയ്ക്കുവാന്‍ യുവജനങ്ങള്‍ക്ക് കഴിയട്ടെയെന്ന് തിരുമേനി ആശംസിച്ചു. കോണ്‍ഫറന്‍സ് ശ്രോതാക്കളെ കൂടാതെ ഭദ്രാസന സെക്രട്ടറി റവ.ബിനോയി തോമസ്, റവ.ബിനു സി. ശാമുവേല്‍, റവ.റജി തോമസ്, റവ.വര്‍ഗീസ്. കെ. തോമസ്, റവ ജിജൂ ജോണ്‍, റവ.മാത്യൂസ് ഏബ്രഹാം എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. യൂത്ത് ചാപ്ലയിന്മാരായ റവ.ഡെന്നീസ് ഏബ്രഹാം, റവ.ജോര്‍ജ്ജ് ചെറിയാന്‍, റവ.ഷിബി ഏബ്രഹാം എന്നിവര്‍ വേദപഠന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. റവ.ഏബ്രഹാം കുരുവിള, ഡോ.ചെറിയാന്‍ വര്‍ഗീസ് എന്നിവര്‍ ട്രാക്ക് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ. ഷോണ്‍ രാജന്‍ മുഖ്യപ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. മുഖ്യചിന്താവിഷയമായ റോമര്‍ 5:3-5 വരെയുള്ള വാക്യങ്ങളെ അധികരിച്ച് നിരവധി ചര്‍ച്ചകളും പഠനങ്ങളും നടന്നു. ദൈവത്തിന്റെ സ്‌നേഹം നമുക്ക് നല്‍കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിയ്ക്കുന്നതുകൊണ്ട് ജീവിതത്തിലെ കഷ്ടങ്ങളിലും നാം പ്രശംസിയ്ക്കണം. ദൈവത്തിലുള്ള പ്രത്യാശയ്ക്ക് ഭംഗം വന്നുകൂടാ. യുവജനങ്ങള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് ചര്‍ച്ചകളെ സജീവമാക്കിയത് ശ്രദ്ധേയമായിരുന്നു. പ്രെയിസ് ആന്റ് വര്‍ഷിപ്പി, ടാലന്റ് നൈറ്റ് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് നിറഞ്ഞുനിന്ന നാലുദിനങ്ങള്‍ സ്മരണകളില്‍ എന്നും നിറഞ്ഞുനില്‍ക്കുമെന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി കോണ്‍ഫറന്‍സ് സമാപിച്ചു. ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.റോയി തോമസ്, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ്ജ് മാത്യു, ചര്‍ച്ച് യൂത്ത് ഫെല്ലോഷിപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.