You are Here : Home / USA News

കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ശ്രദ്ധേയമായി

Text Size  

Story Dated: Saturday, August 22, 2015 10:19 hrs UTC


 
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ ദൈനംദിന വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി പുറത്തിറക്കിയ ഡെയിലി ന്യൂസ് ബുള്ളറ്റിന്‍ 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' ഏറെ ശ്രദ്ധേയമായി. പ്രൊഫഷണല്‍ പത്രങ്ങള്‍ ചെയ്യുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെയും നിത്യേനയുള്ള പിറവി. ന്യൂസ് ലെറ്ററിന് 'കോണ്‍ഫറന്‍സ് ക്രോണിക്കിള്‍' എന്നു പേരിട്ടത് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തയായിരുന്നു. ജൂലൈ 15 ബുധന്‍ മുതല്‍ 18 ശനി വരെ അപ്‌സ്റ്റേറ്റ് ന്യൂയോര്‍ക്കിലുള്ള എലന്‍വില്‍ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ നടന്ന കോണ്‍ഫറന്‍സിലായിരുന്നു നാലു ലക്കങ്ങളിലായി കോണ്‍ഫറന്‍സ് ക്രോണിക്കിള്‍ പ്രസിദ്ധീകരിച്ചത്.
 
കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ സജ്ജമാക്കിയായിരുന്നു ക്രോണിക്കിള്‍ പ്രസിദ്ധീകരണം. അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലായിരുന്നു കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ എഡിറ്റര്‍. എല്ലാ ദിവസവും ബെഡ് കോഫിയോടൊപ്പം രാവിലെ ആറു മണിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലായിരുന്നു ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ചത്. റവ. ഡോ. വര്‍ഗീസ് ഡാനിയല്‍, ഫാ. ഷിബു ഡാനിയല്‍, ഫാ. പൗലൂസ് റ്റി. പീറ്റര്‍, വര്‍ഗീസ് പ്ലാമ്മൂട്ടില്‍, ഫിലിപ്പോസ് ഫിലിപ്പ്, ഷാജി വര്‍ഗീസ്, ലിന്‍സി തോമസ് എന്നിവരായിരുന്നു ഓണ്‍സൈറ്റ് പബ്ലിക്കേഷന്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റേഴ്‌സായി പ്രവര്‍ത്തിച്ചിരുന്നത്. ഫോട്ടോഗ്രാഫി: എബി ഡേവിഡ്, ബിനു സാമുവല്‍, സോബിന്‍ ചാക്കോ, സാങ്കേതിക സഹായം നല്‍കിയവരില്‍ തോമസ് വറുഗീസ്, സാറാ രാജന്‍, സാജു ജോര്‍ജ്, സാജന്‍ പോത്തന്‍, സജി പോത്തന്‍, ജീമോന്‍ വറുഗീസ്, ആനി ലിബു ജോണ്‍, ജെസി തോമസ് തുടങ്ങിയവരുള്‍പ്പെടെ നിരവധി പേരുണ്ടായിരുന്നു. ഫാ. ഷിബു ഡാനിയല്‍ കാര്‍ട്ടൂണ്‍ വിഭാഗം കൈകാര്യം ചെയ്തു. കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറാര്‍ തോമസ് ജോര്‍ജ് തുടങ്ങിയവരും സമ്പൂര്‍ണ്ണമായ സഹകരണം നല്‍കി.
 
ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതു പോലെ തന്നെയായിരുന്നു ക്രോണിക്കിളിന്റെ പ്രസിദ്ധീകരണവും. കോണ്‍ഫറന്‍സിലെ വിവിധ സെഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക കറസ്‌പോണ്ടന്റുമാരും ഉണ്ടായിരുന്നു. ഇവര്‍ വൈകിട്ടോടെ എത്തിക്കുന്ന വാര്‍ത്തകള്‍ നന്നായി എഡിറ്റ് ചെയ്ത് മനോഹരമാക്കി പുലര്‍ച്ചോയോടെ പേജ് വിന്യാസം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് പ്രിന്റ് ചെയ്യുകയുമായിരുന്നു പതിവ്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരെല്ലാം ഉറക്കത്തിന്റെ ആലസ്യത്തിലാഴ്ന്നു കിടന്നപ്പോള്‍ ഇതിനു വേണ്ടി ത്യാഗമനോഭാവത്തില്‍ പ്രവര്‍ത്തിച്ച അംഗങ്ങളെല്ലാം തന്നെ ഉണര്‍ന്നിരുന്നു പ്രവര്‍ത്തിച്ചു. കാര്‍ട്ടൂണും, ഫോട്ടോ ഓഫ് ദി ഡേ-യും, ഫോട്ടോ സ്‌നാപ്പ്‌സും, കോണ്‍ഫറന്‍സ് റൗണ്ടപ്പുമൊക്കെ സ്ഥിരം പംക്തികളായി. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രിന്റിങ്, മനോഹരമായ പേജ് ലേ ഔട്ട് എന്നിവ കൊണ്ട് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഓരോരുത്തരും ക്രോണിക്കിളിനെ ഹൃദയത്തോടു ചേര്‍ത്തു വച്ചു. കോണ്‍ഫറസില്‍ പങ്കെടുത്തവര്‍ ഈ പ്രത്യേക പതിപ്പ് സൂക്ഷിച്ച് വയ്ക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്ന കാഴ്ചയ്ക്കും എലന്‍വില്‍ വേദിയായി. ക്രോണിക്കിള്‍ കൃത്യസമയത്തു തന്നെ വിതരണം ചെയ്യുന്നതില്‍ മുന്‍കൈയെടുത്ത ടീം അംഗങ്ങള്‍ ഒരു മനസ്സു പോലെ എല്ലാ ദിവസം പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ സംഘാടക മികവായിരുന്നു കോണ്‍ഫറന്‍സ് ക്രോണിക്കിളിന്റെ വിജയം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അഭിനന്ദിച്ചു.
 
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.