You are Here : Home / USA News

താമ്പാ ബേ മലയാളി അസോസിയേഷന്റെ ഓണം രുചിയുടെ ആഘോഷംകൂടിയായി

Text Size  

Story Dated: Saturday, August 29, 2015 11:01 hrs UTC

സജി കരിമ്പന്നൂര്‍

ന്യൂപോര്‍ട്ട്‌റിച്ചി: താമ്പാബേ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണം സെന്റ്‌ ജോര്‍ജ്‌ ഗ്രീക്ക്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വര്‍ണ്ണാഭമായി കൊണ്ടാടി. ഗൃഹാതുരത്വത്തിന്റെ നിറഞ്ഞ ഓര്‍മ്മകള്‍ അംഗങ്ങള്‍ പരസ്‌പരം കൈമാറി. സമൃദ്ധമായ കേരളത്തിനിമയുടെ ചൈതന്യ ഉത്സവമായ തിരുവോണം, ലോകമെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കുന്ന ഒരു കണ്ണിയാണെന്ന്‌ ആഘോഷങ്ങള്‍ക്ക്‌ ഭദ്രദീപം കൊളുത്തിക്കൊണ്ട്‌ പ്രസിഡന്റ്‌ ജയ്‌മോള്‍ തോമസ്‌ പറഞ്ഞു. വിശിഷ്‌ടാതിഥി ഡോ. ചിറ്റൂര്‍ രാധാകൃഷ്‌ണന്‍ ഓണസന്ദേശം നല്‍കി. കേരളത്തനിമ തൊട്ടുണര്‍ത്തുന്ന, നാവില്‍ രുചിയൂറുന്ന വിഭവങ്ങളുമായി വിരുന്നൊരുക്കിക്കൊണ്ട്‌ മാര്‍ട്ടിനും കൂട്ടരും നടത്തിയ ഓണസദ്യ മറക്കാനാവാത്ത അനുഭവമായിരുന്നു. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതികളും ഉള്‍ക്കൊണ്ടുകൊണ്ട്‌ നിരവധി കലാപരിപാടികള്‍ സംഘാടകര്‍ ഇക്കുറി ഒരുക്കിയിരുന്നു.

 

വര്‍ണ്ണപ്പൂക്കളം ഒരുക്കി അവര്‍ മാവേലി മന്നനെ എതിരേറ്റു. ദൃശ്യവിസ്‌മയം തീര്‍ത്തുകൊണ്ട്‌ ഓണപ്പൂവിളിയും, നൃത്തനൃത്യങ്ങളും അരങ്ങേറി. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണപ്പാട്ടുകളുടെ ഭാവലയങ്ങളില്‍ കാണികള്‍ മതിമറന്നു. മലയാളിയുടെ ഗതകാലജീവിതത്തിന്റെ സ്‌പന്ദനങ്ങളില്‍ ഓണം അന്നും ഇന്നും എന്നും നിറഞ്ഞുനില്‍ക്കുന്നുവെന്ന്‌ ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്‌ താമ്പാ ബേ മലയാളി അസോസിയേഷന്റെ `രണ്ടായിരത്തിപതിനഞ്ച്‌ ഓണം'. ജിബിന്‍ തോമസിന്റെ നേതൃത്വത്തില്‍ 'ബീറ്റ്‌സ്‌ ഓഫ്‌ താമ്പാ'യുടെ ചെണ്ടമേളം, ന്യൂപോര്‍ട്ട്‌ റിച്ചി മലയാളി മങ്കമാരുടെ താലപ്പൊലി തുടങ്ങിയവ ആഘോഷങ്ങള്‍ക്ക്‌ മിഴിവേകി. മേരി മാര്‍ട്ടിന്‍, മിനിമോള്‍ പോള്‍സണ്‍ എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു. ജോബി തോമസ്‌, ശ്രുതി നമ്പ്യാര്‍ എന്നിവരുടെ പുതുമ നിറഞ്ഞ അവതരണം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സെക്രട്ടറി ബിനു മാമ്പള്ളി ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. വൈസ്‌ പ്രസിഡന്റ്‌ ബാബു ചൂരക്കളം, ട്രഷറര്‍ ബാബു ദേവസ്യ, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ ആനി തെക്ക്‌, അംഗങ്ങളായ നെവിന്‍ തോമസ്‌, സംഗീത്‌ മാത്യു, ജോസഫ്‌ വര്‍ക്കി, കമ്മിറ്റി അംഗങ്ങളായ പോള്‍സണ്‍ ജയിംസ്‌, മാര്‍ട്ടിന്‍ വര്‍ക്കി, ജോര്‍ജി വര്‍ഗീസ്‌, ബിജു ലൂക്കോസ്‌, ഷാനി ജോസഫ്‌, ഷിബു കൈതത്തറ, ജോസ്‌ കറുത്തേടത്ത്‌, ഫ്രാന്‍സീസ്‌ തോമസ്‌, അലക്‌സ്‌ ജോണ്‍ തുടങ്ങിയവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി. സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.