You are Here : Home / USA News

ആര്യയും ബഡായി ബംഗ്ലാവും പിന്നെ ജയറാം ഷോയും

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 01, 2015 10:44 hrs UTC

 


 

ന്യൂയോര്‍ക്ക്‌: മാസങ്ങള്‍ക്കു മുമ്പുള്ള കഥയാണ്‌. യു.എസില്‍ ഒരു ഷോയില്‍ പങ്കെടുക്കാനായിരുന്നു ബഡായി ബംഗ്ലാവ്‌, എന്ന സൂപ്പര്‍ ഹിറ്റ്‌ ഏഷ്യാനെറ്റ്‌ ടോക്ക്‌ ഷോ നായിക ആര്യ എത്തിയത്‌. പ്രോഗ്രാമൊക്കെ ഭംഗിയായി കഴിഞ്ഞപ്പോള്‍ സ്‌റ്റേജിന്‌ പിറകിലേക്ക്‌ കുറച്ച്‌ ആന്റിമാര്‍ വന്നു. അവര്‍ക്ക്‌ ആര്യയെ പരിചയപ്പെടണം. സംസാരിക്കണം.

ആര്യ അദ്‌ഭുതപ്പെട്ടുപോയി. അമേരിക്കയില്‍ തനിക്കും ആരാധകരോ? സംഭവം സത്യമാണ്‌. 'ബഡായി ബംഗ്ലാവ്‌' തുടങ്ങിയതു മുതല്‍ ആര്യയുടെ ആരാധകരാണവര്‍.

''എന്താ ഭര്‍ത്താവിനെ കൊണ്ടുവരാതിരുന്നത്‌?''പരിചയപ്പെട്ടശേഷം കൂട്ടത്തിലെ മുതിര്‍ന്ന സ്‌ത്രീ ചോദിച്ചു.
''വിദേശത്തേക്ക്‌ പോകാന്‍ ഒരാള്‍ക്ക്‌ മാത്രമേ സ്‌പോണ്‍സര്‍മാര്‍ ടിക്കറ്റ്‌ നല്‍കാറുള്ളൂ. അതുകൊണ്ടുതന്നെ ഭര്‍ത്താവിനെ കൊണ്ടുവരാന്‍ പറ്റില്ല.' ആര്യ മറുപടി പറഞ്ഞു.

''പുള്ളി മിമിക്രിയൊക്കെ ചെയ്യുന്നതല്ലേ. നിങ്ങളുടെ പ്രോഗ്രാമില്‍ മിമിക്രി ഉള്‍പ്പെടുത്തിയാല്‍ പോരേ?''
അടുത്തയാളുടെ ചോദ്യം കേട്ടപ്പോള്‍ ആര്യയ്‌ക്ക്‌ കാര്യം പിടികിട്ടി. ഇവര്‍ സംസാരിക്കുന്നത്‌ തന്റെ സ്വന്തം ഭര്‍ത്താവിനെക്കുറിച്ചല്ല. രമേഷ്‌ പിഷാരടിയുടെ കാര്യമാണ്‌.

''രമേഷ്‌ പിഷാരടിക്ക്‌ വേറെ ഭാര്യയും കുട്ടിയുമൊക്കെയുണ്ട്‌.''ആര്യ പറഞ്ഞപ്പോള്‍ ഉടന്‍ വന്നു അടുത്ത സംശയം.
''അപ്പോള്‍ അവന്‍ കുട്ടിയെ ഇതുവരെ ചതിക്കുകയായിരുന്നോ?'' ആന്റിമാര്‍ വിടുന്ന മട്ടില്ല. ആര്യ അവരോട്‌ വിശദമായിത്തന്നെ സംസാരിച്ചു.

''എനിക്കും സ്വന്തമായി ഭര്‍ത്താവുണ്ട്‌. കുട്ടിയും. ഇതൊരു പ്രോഗ്രാം മാത്രമാണ്‌. എല്ലാവരും സ്വന്തം പേര്‌ ഉപയോഗിക്കുന്നു എന്നു മാത്രം.''

ആര്യയ്‌ക്ക്‌ ഇതാദ്യത്തെ അനുഭവമല്ല. 'ബഡായി ബംഗ്ലാവി'ലെ ഗൃഹനാഥ ആയതു മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ്‌. അഞ്ചുവര്‍ഷം സീരിയലുകളില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും കിട്ടാത്ത പ്രശസ്‌തിയാണ്‌ ഒറ്റയൊരു ഷോ കൊണ്ട്‌ അവര്‍ നേടിയെടുത്തത്‌. ബംഗ്ലാവിലെ പെണ്‍കുട്ടിയെ കണ്ടാണ്‌ 'ലൈലാ ഓ ലൈലാ' എന്ന മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന്‍ ജോഷി വിളിച്ചത്‌. അതു കഴിഞ്ഞ്‌ വിനീത്‌ ശ്രീനിവാസന്‍ നായകനായ 'ഒരു സെക്കന്‍ഡ്‌ ക്ലാസ്‌ യാത്ര'. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഏഷ്യാനെറ്റില്‍ 'ബഡായി ബംഗ്ലാവ്‌' ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്‌. ഇതൊരിക്കലും അവസാനിക്കരുതേ എന്ന പ്രാര്‍ഥനയാണിപ്പോഴും ആര്യയ്‌ക്ക്‌. അമേരിക്കയില്‍ പരിപാടിക്കു മുന്‍പേ വന്‍ ജനപ്രീതിയാര്‍ജ്ജിച്ചു കഴിഞ്ഞ ജയറാം ഷോ- എന്ന മെഗാ ഇവന്റ്‌ ഷോയില്‍ പങ്കെടുക്കുന്ന ത്രില്ലിലാണ്‌ ആര്യ ഇപ്പോള്‍. അമേരിക്കയിലേക്ക്‌ പറക്കാനുള്ള വിസ എത്തിക്കഴിഞ്ഞു. റിഹേഴ്‌സല്‍ ക്യാമ്പില്‍ മറ്റ്‌ താരങ്ങള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ജയറാം ഷോയില്‍ തന്റെ ഭാഗം വിജയമാക്കാനുള്ള യത്‌നത്തിലാണ്‌ ഈ കലാകാരി.

ജയറാം ഷോയില്‍ ആര്യയേ കൂടാതെ, പ്രിയാമണി, ഉണ്ണിമേനോന്‍, ധര്‍മ്മജന്‍, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്‌, ഡെലിസി, വിഷ്‌ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്‌ക്രിപ്‌റ്റ്‌ റൈറ്റേഴ്‌സ്‌ തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്‌. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്‌ ഡാന്‍സ്‌ ഐറ്റംസ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍.

അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്‌. സെപ്‌തംബര്‍ 12-ന്‌ ന്യൂയോര്‍ക്കിലും (Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367 ) സെപ്‌തംബര്‍ 13-ന്‌ ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്‌ത എന്റര്‍ടെയ്‌ന്‍മെന്റ്‌ ഗ്രൂപ്പ്‌ ഹെഡ്‌ജ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌ മലയാളികള്‍ക്കായി ഒരുക്കുന്നത്‌.

ജയറാം ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സജി ഹെഡ്‌ജ്‌ ഇവന്റ്‌സ്‌ (516)433-4310 www.hedgeeventsny.com, hedgebrokerage@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.