You are Here : Home / USA News

34 വര്‍ഷം പാട്ടിന്റെ വഴി പിന്നിട്ട ഉണ്ണിമേനോന്‍ ജയറാം ഷോയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Wednesday, September 02, 2015 10:33 hrs UTC

 
ന്യൂയോര്‍ക്ക്‌: മലയാളിയുടെ സ്വകാര്യമായ ഗാന അഹങ്കാരമാണ്‌ ഉണ്ണിമേനോന്‍. പാട്ടിന്റെ പാലാഴിയില്‍ 34 വര്‍ഷം പിന്നിട്ട ഉണ്ണിമേനോന്‍ ഇതാ വീണ്ടും അമേരിക്കയില്‍. അമേരിക്കന്‍ മലയാളികള്‍ക്ക്‌ വിനോദത്തിന്റെ മാറ്റുകൂട്ടുവാനെത്തിയ ജയറാം ഷോയിലെ മുഖ്യ ഗായകനായാണ്‌ ഇത്തവണ ഉണ്ണിയുടെ വരവ്‌. കൊച്ചിയിലെ റിഹേഴ്‌സല്‍ ക്യാമ്പില്‍ ഉണ്ണിമേനോന്റെ നേതൃത്വത്തിലുള്ള ഗായകസംഘം രാവും പകലും ഒരുപോലെ പരിശീലനത്തിനായി ചെലവഴിച്ചിരുന്നു. പ്രവാസി മലയാളികള്‍ക്ക്‌ ഏറെ പ്രിയങ്കരമായ എത്രയെത്ര ഗാനങ്ങള്‍ ഉണ്ണിയുടേതായുണ്ട്‌. പ്രണയവും, വിരഹവും, ഗൃഹാതുരത്വവും നിറഞ്ഞ സംഗീതസ്വരമാധുരി. മധ്യമാവതി ശ്രീരാഗ മിശ്രിതത്തില്‍ `ഒരു ചെമ്പനീര്‍ പൂവിറുത്ത്‌ ഞാനോമലേ... ' എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ച ഉണ്ണിമേനോന്‍ തന്റെ സ്വരരാഗശ്രുതിലയം അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഒരിക്കല്‍ കൂടി സമ്മാനിക്കാന്‍ തയ്യാറെടുക്കുകയാണ്‌.

മലയാളം ഉണ്ണിമേനോനെ വിസ്‌മരിച്ചെങ്കിലും തമിഴ്‌ ചലച്ചിത്രലോകമാണ്‌ അംഗീകാരത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയര്‍ത്തിയത്‌. ഗുരുവായൂരില്‍നിന്ന്‌ ഏഴാമത്തെ വയസിലാണ്‌ ഉണ്ണിമേനോന്‍ കര്‍ണാടക സംഗീതത്തിന്റെ സ്വരമധുരിമയുള്ള പാലക്കാടിന്റെ മണ്ണിലേക്ക്‌ എത്തുന്നത്‌.എഞ്ചിനീയറായി മകന്‍ വളരണമെന്ന്‌ അച്‌ഛന്‍ ആഗ്രഹിച്ചപ്പോള്‍ ഉണ്ണിമേനോന്റെ മനസില്‍ നിറഞ്ഞത്‌ ഫുട്‌ബോളായിരുന്നു. പാലക്കാട്‌ നഗരത്തിലെ ബി.ഇ.എം. ഹൈസ്‌കൂളിലും ഗവ. വിക്‌ടോറിയ കോളജിലും പഠിച്ച ഉണ്ണിമേനോനിലെ നായകനെ കണ്ടെത്തിയത്‌ ബെന്നി, കൃഷ്‌ണന്‍, മാലതി തടങ്ങിയ സംഗീത അധ്യാപകരായിരുന്നു.

കാക്കത്തമ്പുരാട്ടിയെന്ന ഗാനവുമായി യുവജനോവത്സവ വേദികളിലും ഗാനമേള ട്രൂപ്പിലും നിറഞ്ഞുനിന്ന ഉണ്ണിമേനോന്‍ ആവഡിയിലെ ഹെവി വെഹിക്കിള്‍സില്‍ സൂപ്പര്‍വൈസര്‍ ട്രെയിനിയായാണ്‌ ജോലിയില്‍ പ്രവേശിച്ചത്‌. മദിരാശി സാലിഗ്രാമത്തിലെ ചെറിയ വീട്ടില്‍ ഗായകന്‍ കൃഷ്‌ണചന്ദ്രന്റെ കൂടെയുള്ള താമസമാണ്‌ ഉണ്ണിമേനോനെ പാട്ടിന്റെ ലോകത്തേക്ക്‌ നയിച്ചത്‌. റെക്കോഡിംഗ്‌ കാണുകയും ട്രാക്ക്‌ പാടുകയും ചെയ്‌ത കാലത്ത്‌ നാരായണന്‍കുട്ടിയെന്ന യഥാര്‍ത്ഥ പേരു മാറ്റി ഉണ്ണിമേനോനെന്ന പേരു സമ്മാനിച്ചത്‌ ആത്മസുഹൃത്തായ മോഹന്‍രാജാണ്‌.

1981ല്‍ ശ്രീകുമാരന്‍ തമ്പിയുടെ കവിതയിലെ 'വളകിലുക്കം' പാടിക്കൊണ്ടാണ്‌ ഉണ്ണിമേനോന്‍ ചലച്ചിത്ര ഗാനാലാപന ശാഖയിലേക്ക്‌ കടന്നുവന്നത്‌. യഥാര്‍ത്ഥത്തില്‍ സംഗീതസംവിധായകന്‍ ശ്യാമാണ്‌ ഉണ്ണിമേനോനിലെ ഗായകനെ കണ്ടെത്തിയത്‌. യേശുദാസെന്ന സ്വര്‍ണസ്വര കിലുക്കത്തിനിടയില്‍ ചെറിയൊരു കുപ്പിവളക്കിലുക്കം കേള്‍ക്കാനായത്‌ ഉണ്ണിയുടെ പുണ്യമെന്ന്‌ സംഗീതനിരൂപകര്‍ വിലയിരുത്തിയ കാലമായിരുന്നു അത്‌.

ഓളങ്ങള്‍ താളം, മാനത്തെ ഹൂറിപോലെ, തൊഴുതു മടങ്ങും, പൂങ്കാറ്റേ പോയി ചൊല്ലാമോ, പൂക്കാലം വന്നു, വിണ്ണിലെ ഗന്ധര്‍വ്വ വീണകള്‍ പാടും, ഓര്‍മ്മയിലൊരു ശിശിരം, ചന്ദനക്കുറിയുമായ്‌ വാ... തുടങ്ങി ഇരുനൂറ്റമ്പതോളം മലയാള ഗാനങ്ങളാണ്‌ ഉണ്ണിമേനോന്‍ ആലപിച്ചത്‌. ബ്യൂട്ടിഫുളിലെ മഴനീര്‍ തുള്ളികളിലൂടെ ഉണ്ണിമേനോന്‍ വീണ്ടും മലയാളികളുടെ ഹൃദയം കീഴടക്കി. എ.ആര്‍. റഹ്‌മാനാണ്‌ ഉണ്ണിമേനോനെ തമിഴകത്ത്‌ ശ്രദ്ധേയനാക്കി മാറ്റിയത്‌. പുതുവെള്ളൈ മഴൈ, കണ്ണുക്ക്‌ മെയ്യഴക്‌, പോരാളേ പൊന്നുത്തായേ, എങ്കെ അന്തവെണ്ണില, മിന്നലെ വിടുത്ത്‌ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ഉണ്ണിമേനോന്‍ തമിഴില്‍ ആലപിച്ചു. 1997ലും 2002ലും തമിഴ്‌നാട്‌ സര്‍ക്കാര്‍ മികച്ച ഗായകനുള്ള അവാര്‍ഡ്‌ നല്‍കിയെങ്കിലും മലയാളം മാത്രം ഇപ്പോഴും ഉണ്ണിമേനോനെ അവഗണിക്കുകയാണ്‌. അമേരിക്കന്‍ മലയാളികള്‍ക്കായി ജയറാം ഷോയില്‍ പാട്ടുകളുടെ സ്വരാഗഗംഗ തീര്‍ക്കാനൊരുങ്ങുമ്പോള്‍ ഉണ്ണിമേനോന്‍ അതൊന്നും ഓര്‍ക്കുന്നതേയില്ല. സ്‌ഥിതി, ബ്യൂട്ടിഫുള്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണിമേനോന്‌ കൊച്ചിയിലെ ആലാപ്‌, ചെന്നൈയിലെ സ്‌പെക്‌ട്രല്‍ സൗണ്ട്‌ ഓഫ്‌ മ്യൂസിക്‌ തുടങ്ങിയ റെക്കോഡിംഗ്‌ സ്‌റ്റുഡിയോകളും സ്വന്തമായുണ്ട്‌.

യുണൈറ്റഡ്‌ ഗ്ലോബല്‍ മീഡിയ എന്റര്‍ടെയ്‌ന്‍മെന്റാണ്‌ (യുജിഎം) പരിപാടിയുടെ നാഷണല്‍ സ്‌പോണ്‍സര്‍. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്‌ത എന്റര്‍ടെയ്‌ന്‍മെന്റ്‌ ഗ്രൂപ്പ്‌ ഹെഡ്‌ജ്‌ എന്റര്‍ടെയ്‌ന്‍മെന്റ്‌സാണ്‌ നടത്തുന്നത്‌. ന്യൂജേഴ്‌സി സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ദേവാലയത്തിന്റെയും, ഇന്ത്യന്‍ ക്‌നാനായ കാത്തലിക്ക്‌ കമ്മ്യൂണിറ്റി ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെയും (ikccny) ഇന്റര്‍നാഷണല്‍ ഇവന്റ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെയും (IENA) സംയുക്താഭിമുഖ്യത്തില്‍ സെപ്‌തംബര്‍ 13 ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ ലൊഡായിലുള്ള ഫെലീഷ്യന്‍ കോളേജ്‌ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4.55 ന്‌ തുടങ്ങും.

ന്യൂജേഴ്‌സി ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനില്‍ പുത്തന്‍ചിറ (732) 319-6001, സന്തോഷ്‌ തോമസ്‌ (848) 448-1375, മാത്യു ജോര്‍ജ്‌ (ബൈജു) (732)429-4955, ഐ.ഇ.എന്‍.എ (201)523-6262, ienashows@gmail.com, ഹെഡ്‌ജ്‌ ഇവന്റ്‌സ്‌ ന്യയോര്‍ക്ക്‌, ബാബു പൂപ്പള്ളില്‍ (914)720-7891, സണ്ണി (516)528-7492, സജി ഹെഡ്‌ജ്‌ ഇവന്റ്‌സ്‌ (516)433-4310

www.hedgeeventsny.com, hedgebrokerage@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.