You are Here : Home / USA News

നായര്‍ ബനവലന്റ് അസോസിയേഷന്‍ തിരുവോണം ആഘോഷിച്ചു

Text Size  

Story Dated: Wednesday, September 09, 2015 11:02 hrs UTC

 
ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള ഗ്ലെന്‍ഓക്‌സ് സ്‌കൂള്‍ ഓഫ്  ടീച്ചിംഗ്  ഓഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായി ആഘോഷിച്ചു. 
 
രഘുനാഥന്‍ നായര്‍ നയിച്ച ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ മാവേലിത്തമ്പുരാനെ എതിരേറ്റ് ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുമ്പോള്‍ ആര്‍പ്പും കുരവയുടെയും ആരവം ഉയരുന്നുണ്ടായിരുന്നു. ട്രഷറര്‍ കൂടിയായ സേതുമാധവന്‍  ആണ് മഹാബലിയുടെ വേഷത്തിലെത്തിയത്. വാമനന്റെ വേഷത്തിലെത്തിയത് സജീവ്  നമ്പ്യാര്‍ ആയിരുന്നു. 
കലാ സതീഷിന്റെ നേതൃത്വത്തില്‍ ഒരുക്കിയ പൂക്കളം അതീവ സുന്ദരമായിരുന്നു. 
 
അസോസിയേഷന്റെ പ്രഥമ വനിത രാജേശ്വരി രാജഗോപാല്‍ ഭദ്രദീപം കൊളുത്തി ചടങ്ങുകള്‍ക്ക് ആരംഭം കുറിച്ചു. ജനറല്‍ സെക്രട്ടറി  രാംദാസ് കൊച്ചുപറമ്പില്‍ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ എല്ലാവര്‍ക്കും ഓണത്തിന്റെ സര്‍വ മംഗളങ്ങളും നേരുകയും, സന്നിഹിതരായിരുന്നവരെ ഓണാഘോഷത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ദീപികാ കുറുപ്പും അഞ്ജിതാ അജയനും പ്രാര്‍ത്ഥനാ ഗാനങ്ങള്‍ ആലപിച്ചു. 
 
കലാ സതീഷിന്റെ നേതൃത്വത്തില്‍ അസോസിയേഷന്റെ വിമന്‍സ് ഫോറം അവതരിപ്പിച്ച തിരുവാതിര വളരെ ഹൃദ്യമായി.  കലാ മേനോന്‍, നീന കുറുപ്പ്, രേവതി നായര്‍, ശ്രേയ മേനോന്‍, സോണിയ നായര്‍, മഞ്ജു സുരേഷ്, ശ്രീജയ നായര്‍, ബിന്ദു സുന്ദരം എന്നിവരാണ് തിരുവാതിരയില്‍ പങ്കെടുത്തത്.  
      
ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ജയപ്രകാശ് നായര്‍ ഓണസന്ദേശം നല്‍കുകയും സെപ്തംബര്‍ 12 നു നടക്കുന്ന ജയറാം ഷോ 2015 ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
 
മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന അസോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായ രവി രാഘവനെ പരിചയപ്പെടുത്തിയത് വൈസ് പ്രസിഡന്റ്  ഡോ. സ്മിതാ പിള്ളയാണ്.  ശ്രീ രവി രാഘവന്‍ അസോസിയേഷന്റെ സ്ഥാപക പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. 
 
എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ജി.കെ.പിള്ള, 2016  ഓഗസ്റ്റ് 12,  13, 14 തീയതികളില്‍ ഹ്യൂസ്റ്റനില്‍ വച്ച് നടക്കാന്‍ പോകുന്ന മൂന്നാമത് നാഷണല്‍ കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ഐശ്വര്യപൂര്‍ണമായ ഓണം നേരുകയും ചെയ്തു. 
 
ഓണാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍ യു.എന്‍. അംബാസഡര്‍ ടി.പി. ശ്രീനിവാസനും പത്‌നി ലേഖ ശ്രീനിവാസനും വേദിയില്‍ വച്ച്  പൂച്ചെണ്ട് നല്‍കി ആദരിച്ചു. അദ്ദേഹം എല്ലാവര്‍ക്കും ഓണത്തിന്റെ ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.  ആദ്യകാല മലയാള ചലച്ചിത്ര നടിയായ അംബികാ സുകുമാരന്‍ ഏവര്‍ക്കും നല്ല ഒരു ഓണം ആശംസിച്ചു. 
 
സുശീലാമ്മ പിള്ളയുടെ നേതൃത്വത്തില്‍ ഒരുക്കി വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം രണ്ടാം പകുതി ആരംഭിച്ചു. ലീലാ ഗോപിനാഥിന്റെ  ഓണപ്പാട്ടോടു കൂടി കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഊര്‍മ്മിള നായരുടെ ശാസ്ത്രീയ നൃത്തത്തിനു ശേഷം അസോസിയേഷന്റെ ഭാവി വാഗ്ദാനങ്ങളായ അര്‍ജിത്, വരുണ്‍, നിതിന്‍, സഞ്ജിത്ത്, സേവ എന്നിവരുടെ തബല വാദ്യമേളം ഏവരെയും അത്ഭുതപ്പെടുത്തി.  സുപ്രസിദ്ധ ഗായകനും കവിയുമായ അജിത് നായര്‍ രചനയും ആലാപനവും നിര്‍വഹിച്ച ഗാനത്തിനൊപ്പം മകള്‍ ഗായത്രി നായര്‍ ചുവടു വച്ചു. ഗായത്രിയുടെ നൃത്തത്തിനു വേണ്ട വേഷവിധാനങ്ങള്‍ അമ്മ ഷൈലജയുടെ കരവിരുതില്‍ നിന്നായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അത് ഹര്‍ഷാരവങ്ങളോടെയാണ് സദസ്യര്‍ സ്വീകരിച്ചത്.   
 
ഹരിലാല്‍ നായര്‍, മഞ്ജു സുരേഷ്, ദിലീപ് നായര്‍, ക്രിസ് തോപ്പില്‍ എന്നിവര്‍ അവതരിപ്പിച്ച കോമഡി സ്‌കിറ്റ് വളരെ ഹൃദ്യമായി.  ഡോ. സ്മിതാ  പിള്ള, രേഖ മേനോന്‍, ശ്രീജ പിള്ള, സ്മിതാ ഹരിലാല്‍, നീന കുറുപ്പ്, ലേയ ശ്രീകാന്ത്, ആശാ അനീഷ്, ആനിന്ദിത അജയന്‍, മഞ്ജു സുരേഷ്, ബീന മേനോന്‍ എന്നിവര്‍ പങ്കെടുത്ത 'ഡാന്‍ഡിയ' നൃത്തം വളരെ പുതുമയുള്ളതും അഷ്ടമി രോഹിണി ദിവസം കൂടിയായതുകൊണ്ട് അവസരോചിതവും ആയിരുന്നു.  അനുഷ്‌ക ബാഹുലേയന്‍ ആലപിച്ച ഗാനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.   
 
അര്‍ജിത്ത് നായര്‍, സാനിയ നമ്പ്യാര്‍, നിതിന്‍ കുറുപ്പ്, വേദ ശബരിനാഥ്, വരുണ്‍ പിള്ള, ഐശ്വര്യ ഹരി,  സൂര്യ,  അഞ്ജിത അജയന്‍, സഞ്ജിത്ത് മേനോന്‍, മീര ഹരിലാല്‍ എന്നിവര്‍ പങ്കെടുത്ത ബോളിവുഡ് നൃത്തച്ചുവടുകള്‍ക്കൊപ്പം കാണികള്‍ താളമടിച്ചത് കുട്ടികള്‍ക്ക് വളരെ പ്രോത്സാഹനമേകി.   കവിയും ഗായകനുമായ അജിത് നായര്‍ ഒരു നല്ല പഴയ ഹിന്ദി ഗാനം ആലപിക്കുകയുണ്ടായി. 
 
മുന്‍ പ്രസിഡന്റ് രഘുവരന്‍ നായര്‍ക്ക് കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചതിന് പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാലും ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ജയപ്രകാശ് നായരും ചേര്‍ന്ന്  പ്രശംസാ ഫലകം നല്‍കി അനുമോദിച്ചു. 
 
അമേരിക്കയിലുടനീളം ഗാനമേളകളില്‍ പങ്കെടുത്തിട്ടുള്ള, വാഷിംഗ്ടണ്‍ ഡി.സി. യില്‍ നിന്നെത്തിയ സുപ്രസിദ്ധ ഗായിക കാര്‍ത്തിക ഷാജി  മനോഹരമായി ഗാനം ആലപിച്ചു. 'മിഴിയറിയാതെ' എന്ന ആല്‍ബത്തില്‍  കാര്‍ത്തിക പാടിയ ഗാനം വളരെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.   
 
ജനക് രാജും സംഘവും കാഴ്ച്ചവെച്ച നൃത്തങ്ങള്‍ അതിമനോഹരമായിരുന്നു. കലാ കേന്ദ്രം എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന ജനക് രാജ് അവതരിപ്പിച്ച നൃത്ത രൂപം അദ്ദേഹത്തിന്റെ മികവ് തെളിയിക്കുന്നതായിരുന്നു.  പ്രസിദ്ധ ഗായകന്‍ മുരളി കൃഷ്ണ പല ഗാനങ്ങള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച 'മെഡലെ' എല്ലാവര്‍ക്കും ഇഷ്ടമായി. 
 
മേഘ രവീന്ദ്രന്‍, മോണിക്ക കുറുപ്പ്, അനുഷ്‌ക ബാഹുലേയന്‍, ദീപിക കുറുപ്പ്, നന്ദിനി തോപ്പില്‍, ദേവിക രാജീവ്, അനഘ കുമാര്‍, അഭിരാമി സുരേഷ് എന്നിവര്‍ പങ്കെടുത്ത ബോളിവുഡ് ഫിനാലെയോടെ ഓണാഘോഷ പരിപാടികള്‍ക്ക് തിരശീല വീണു.  
 
ജനറല്‍ സെക്രട്ടറി രാം ദാസ് കൊച്ചുപറമ്പില്‍ കൃതജ്ഞത രേഖപ്പെടുത്തി. എം. സി.യായി ജയശ്രീ നായര്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു.  കലാപരിപാടികളുടെ ചുക്കാന്‍ പിടിച്ചത് കലാ സതീഷ് ആയിരുന്നു.   
         
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.