You are Here : Home / USA News

കരിപ്പൂര്‍ എയര്‍പോര്‍ട്ട്‌ നവീകരണം താമസിപ്പിക്കരുതെന്ന്‌ ന്യൂയോര്‍ക്ക്‌ മലബാര്‍ ഡവലപ്‌മെന്റ്‌ ഫോറം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, September 15, 2015 12:11 hrs UTC

 
ന്യൂയോര്‍ക്ക്‌: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ആയതിനാല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ട്‌ ന്യൂയോര്‍ക്ക്‌ മലബാര്‍ ഡവലപ്‌മെന്റ്‌ ഫോറം ന്യൂയോര്‍ക്കിലെത്തിയ പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, മലബാര്‍ ഡവലപ്‌മെന്റ്‌  ഇനീഷ്യേറ്റീവ്‌ ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ്‌ മൂപ്പന്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കി. മലയാളി സംഘടനകളുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി അമേരിക്കയിലെത്തിയതായിരുന്നു ഇരുവരും.
 
ഈ മാസം ആരംഭിക്കാനിരുന്ന നവീകരണ പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിന്റേയും അധികൃതരുടേയും നടപടിയില്‍ ശക്തമായ വിയോജിപ്പും രേഖപ്പെടുത്തി. എയര്‍പോര്‍ട്ട്‌ വികസനത്തിന്‌ ആവശ്യമായ എല്ലാവിധ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കി. വിമാനത്താവള നവീകരണം, ക്ലീന്‍ കേരള മുതലായ പദ്ധതികളുടെ പൂര്‍ണ്ണ വിവരങ്ങളടങ്ങിയ നിവേദനം സമര്‍പ്പിക്കുകയും, ഈ പദ്ധതികള്‍ക്ക്‌ ന്യൂയോര്‍ക്ക്‌ മലബാര്‍ ഡവലപ്‌മെന്റ്‌ ഫോറത്തിന്റെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തതായി ടീം ലീഡര്‍ യു.എ. നസീര്‍ അറിയിച്ചു.     
 
യു.എ. നസീര്‍, ഡോ. അബ്ദുല്‍ അസീസ്‌, ഹനീഫ്‌ എരഞ്ഞിക്കല്‍, മുസ്‌തഫാ കമാല്‍, അബ്ദു വെട്ടിക്കത്ത്‌, ഷാജിദ്‌ അലി മുഹമ്മദ്‌, ആരിഫ്‌ കളപ്പാടന്‍, സുല്‍ഫിക്കര്‍ ഹബീബ്‌, മുഹമ്മദ്‌ നയീഫ്‌, ഷാമില്‍ കാട്ടുങ്ങല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  
 
ഇതിനിടെ റണ്‍വേയുടെ റീകാര്‍പ്പറ്റിംഗ്‌ ഈ മാസം 23-ന് ആരംഭിക്കുമെന്ന്‌ സ്ഥലം എം.പി.യും കോഴിക്കോട്‌ എയര്‍പോര്‍ട്ട്‌ അഡ്വൈസറി കമ്മിറ്റി ചെയര്‍മാനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പാര്‍ലമന്ററി കമ്മിറ്റി മെംബറുമായ ഇ. അഹമ്മദിന്‌ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) എം. സത്യാവതി ഉറപ്പു നല്‍കി.
 
ഇന്ന്‌ (സെപ്‌തംബര്‍ 14) 12 മണിക്ക്‌ ഡി.ജി.സി.എ.യുടെ ഡല്‍ഹി ഓഫീസില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഉറപ്പു നല്‍കിയത്‌. ഇതു സംബന്ധിച്ച്‌ എല്ലാ രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയെന്നും 23-ന്‌ പ്രവൃത്തികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. ഇതു സംബന്ധിച്ച്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റി പ്ലാനിംഗ്‌ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എസ്‌. റഹേജക്ക്‌ എം.പി.യുടെ സാന്നിദ്ധ്യത്തില്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.