You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) കര്‍ഷകശ്രീ അവാര്‍ഡ് വര്‍ക്കി പള്ളിത്താഴത്തിന്

Text Size  

Story Dated: Wednesday, September 16, 2015 10:49 hrs UTC

തോമസ് അലക്‌സ്

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി എല്ലാവര്‍ഷവും നടത്തിവരാറുള്ള കര്‍ഷകശ്രീ അവാര്‍ഡിന്റെ 2015-ലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും ന്യൂസിറ്റിയിലുള്ള വര്‍ക്കി പള്ളിത്താഴത്തിനും, രണ്ടാം സമ്മാനം വാലി കോട്ടേജിലുള്ള മത്തായി പാറക്കാട്ടിനും, മൂന്നാം സ്ഥാനം വെസ്റ്റ് നയാക്കിലുള്ള തോമസ് ജോസഫും കരസ്ഥമാക്കി. സന്തോഷ് വര്‍ഗീസ്, പൗലോസ് ജോസഫ്, തോമസ് ചാക്കോ, സണ്ണി ജയിംസ്, സേവ്യര്‍ ചെമ്മാച്ചേരില്‍, ബേബി തോമസ് എന്നിവര്‍ ക്യാഷ് അവാര്‍ഡോടുകൂടിയുള്ള പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി. മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്റ് കൗണ്ടിയുടെ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുഖ്യാതിഥികളായിരുന്ന വാസുദേവ് പുളിക്കലും, പദ്മശ്രീ ഡോ. സോമസുന്ദരവും ചേര്‍ന്ന് ക്യാഷ് അവാര്‍ഡുകളും, ഫാ. തദേവൂസ് അരവിന്ദത്ത് എവര്‍റോളിംഗ് ട്രോഫിയും വിതരണം ചെയ്തു. കോര്‍ഡിനേറ്റേഴ്‌സായ തോമസ് അലക്‌സ്, ജോസ് അക്കക്കാട്ട്, ജീജോ ആന്റണി, വിന്‍സെന്റ് ജോണ്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

 

പച്ചക്കറി തോട്ടങ്ങളുടെ വലിപ്പം, സൗന്ദര്യം, ഫലങ്ങള്‍, വിളവുകളുടെ മികവ് തുടങ്ങിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് വിധിനിര്‍ണ്ണയം നടത്തിയത്. പൊതുസമൂഹത്തിന്റെ സംസ്കാരത്തെ പരുവപ്പെടുത്തുന്നതില്‍ കാര്‍ഷികമേഖലയ്ക്ക് വലിയ പങ്കുണ്ട്. പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഒരാള്‍ കൃഷ് ചെയ്താല്‍ സമൂഹം അതിനോടു മുഖംതിരിക്കരുത്. ഒരു സംഘടനയ്ക്ക് ഈ മേഖലയോടുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണ് മാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കര്‍ഷകശ്രീ അവാര്‍ഡ് ദാനം. തിരുവോണത്തോടനുബന്ധിച്ച് മാര്‍ക്ക് നടത്തുന്ന ഈ കര്‍ഷകശ്രീ അവാര്‍ഡുകള്‍ പൊതുസമൂഹത്തില്‍ മാറ്റത്തിനു തുടക്കംകുറിക്കുമെന്നതില്‍ സംശയമില്ല. ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ആളുകള്‍കാര്‍ഷിക തനിമയിലേക്കു മടങ്ങിപ്പോകുന്നതിലൂടെ വിഷാംശമില്ലാത്ത മലയാളത്തനിമയുള്ള ഒരു സമൂഹത്തെ അമേരിക്കന്‍ ഐക്യനാടുകളിലും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. അധ്വാനിച്ചാല്‍ ഫലമുണ്ടാകുമെന്നതിനു തെളിവാണ് കര്‍ഷകശ്രീ അവാര്‍ഡ് നേടിയ വര്‍ക്കി പള്ളിത്താഴത്തിന്റെ പ്രവര്‍ത്തനവിജയം. അമേരിക്കയിലെ പ്രതികൂല കാലാവസ്ഥയില്‍ മണ്ണിന്റെ പരുവപ്പെടുത്തല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള ഏതാണ് ആറുമാസക്കാലത്തെ പ്രയത്‌നമാണ് ഈ വിജയത്തിനു പിന്നില്‍. ഈ കൃഷിയിടത്തില്‍ പാവല്‍, പടവലം, മത്ത, വെള്ളരി, കുമ്പളം, ചുരയ്ക്ക, ചീര, ബീന്‍സ്, ബീറ്റ്‌റൂട്ട്, വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍, വെണ്ട, വഴുതന, മുളക്, കോളിഫ്‌ളവര്‍, കാബേജ്, പീച്ചിങ്ങ എന്നിവയ്ക്കുപുറമെ വാഴ, മുന്തിരി, ചെറി, പെസ്സിമോ ഇവയെല്ലാം ഒരു കുടക്കീഴില്‍ എന്നപോലെ തയറാക്കിയിരിക്കുന്നത് ഏറെ കൗതുകം സൃഷ്ടിക്കുന്നു. തോട്ടത്തിന്റെ ആകര്‍ഷണീയതമൂലം ഒട്ടേറെ തദ്ദേശവാസികള്‍ തോട്ടം സന്ദര്‍ശിക്കാറുണ്ട്. കൃഷി സംരക്ഷണത്തിനായി വര്‍ക്കിയുടെ ഭാര്യ മേരിയും എപ്പോഴും സഹായിക്കുന്നു. മാര്‍ക്ക് പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, വൈസ് പ്രസിഡന്റ് സിബി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വരും വര്‍ഷങ്ങളിലും മത്സരം സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.marcny.org സന്ദര്‍ശിക്കുക. നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ബന്ധപ്പെടുക: contact@marcny.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.