You are Here : Home / USA News

നാമം മഞ്ച് ഓണാഘോഷം ശനിയാഴ്ച; ജോര്‍ജ് തുമ്പയിലിനെ ആദരിക്കുന്നു

Text Size  

Story Dated: Friday, September 18, 2015 01:42 hrs UTC

 
ന്യൂജേഴ്‌സി:
പ്രമുഖ മലയാളി സംഘടനകളായ നാമവും മഞ്ചും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തിന് കേളികൊട്ടുയര്‍ന്നു. നാളെ (19, ശനിയാഴ്ച) പതിനൊന്നു മണിക്ക് എഡിസണ്‍ ടൗണ്‍ഷിപ്പിലുള്ള ഹെര്‍ബര്‍ട്ട് ഹൂവര്‍ മിഡില്‍ സ്‌കൂളില്‍ ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍. (174 Jackson Avenue, EDISON, NJ 08837) ന്യൂജഴ്‌സിയിലെ അസോസിയേഷനുകളുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു സംഘടനകള്‍ ഒരുമിച്ചു നിന്നു ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍ പറഞ്ഞു.

മാവേലി മന്നനെ പരമ്പരാഗത രീതിയില്‍ സ്വീകരിച്ചു കൊണ്ടാണ ്പരിപാടികള്‍ക്ക് തുടക്കമാവുക. താലപ്പൊലി, വാദ്യമേളം, പുലികളി, അത്തപ്പൂക്കളം എന്നിവയുടെ അകമ്പടിയോടെയാണ് സ്വീകരണമൊരുക്കിയിരിക്കുന്നതെന്ന് സംയുക്ത ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു. തുടര്‍ന്ന് ഓണസദ്യ. ശേഷം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വേറിട്ട മത്സരങ്ങള്‍ ഒരുക്കമാവും. സംഘടനയുടെ അംഗങ്ങള്‍ നയിക്കുന്ന വള്ളംകളി, വടംവലി എന്നിവയ്ക്ക് പുറമേ എട്ടുവീട്ടില്‍ പയ്യന്‍സ് എന്ന പേരില്‍ പ്രേം നാരായണന്‍, സഞ്ജീവ് കുമാര്‍, സിജി ആനന്ദ്, കാര്‍ത്തിക്ക് ശ്രീധര്‍, അജിത് കണ്ണന്‍, സുനില്‍ രവീന്ദ്രന്‍ എന്നിവര്‍ ഒരുമിക്കുന്ന തിരുവാതിരകളിയും സജ്ജീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് മറ്റു കലാപരിപാടികളും അരങ്ങേറും. ഏറ്റവും നന്നായി പായസം തയ്യാറാക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടു വരുന്ന പായസത്തിന്റെ മേന്മയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

ഒരുമയുടെ ഓണസന്ദേശം 'ഒരുമ' മലയാളികള്‍ക്ക് പകര്‍ന്നുകൊണ്ട് നടത്തുന്ന ആഘോഷപരിപാടികളില്‍ മലയാളത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന പരിപാടികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വീനര്‍ സജിത് കുമാര്‍, കോ കണ്‍വീനര്‍മാരായ സജിമോന്‍ ആന്റണി, അജിത് പ്രഭാകര്‍ എന്നിവരും രണ്ട് അസോസിയേഷനുകളിലെയും കമ്മിറ്റിയംഗങ്ങളും പരിപാടികളുടെ വിജയത്തിനായി അക്ഷീണം യത്‌നിക്കുന്നു.

ഓണാഘോഷപരിപാടിയില്‍ മലയാളിസമൂഹത്തിന് പ്രയോജനകരമായ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച വ്യക്തിക്കുള്ള പുരസ്‌ക്കാരം നല്‍കുന്നുണ്ട്. എഴുത്തിന്റെ വഴിയില്‍, പത്രപ്രവര്‍ത്തന പാതയില്‍ കാല്‍ നൂറ്റാണ്ടോളം പരിചയമുള്ള വ്യക്തിയായ മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് തുമ്പയിലിനാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ എഴുത്തിനെയും മാധ്യമപ്രവര്‍ത്തനത്തെയും ഇത്രയും സ്‌നേഹത്തോടെ അഭിമുഖീകരിക്കുന്ന മറ്റൊരു വ്യക്തിയില്ലെന്നു നിസ്സംശയം പറയാം. ഈ നിസ്വാര്‍ത്ഥ സേവനം ജോര്‍ജ് തുമ്പയില്‍ എന്ന എഴുത്തുകാരനെ വേറിട്ടൊരു വ്യക്തിത്വത്തിന്റെ ഉടമയാക്കുന്നു. ഈ സേവനനിറവിനെയാണ് മഞ്ചും നാമവും ചേര്‍ന്ന് ആദരിക്കുന്നത്.

ഔദ്യോഗിക ജീവിതചര്യകള്‍ക്കിടയിലും അക്ഷരസ്‌നേഹമെന്ന സ്വധര്‍മ്മത്തെ മുറുകെ പിടിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് തുമ്പയിലിന്റെ പ്രവര്‍ത്തനം ഏറെ അഭിനന്ദനാര്‍ഹമാണ്. അത് അംഗീകരിക്കപ്പെടേണ്ടതാണെന്ന ബോധ്യമാണ് ഇത്തരമൊരു പുരസ്‌ക്കാരത്തിനു പിന്നിലെന്നു നാമം പ്രസിഡന്റ് ജിതേഷ് തമ്പി അറിയിച്ചു. അക്ഷരസ്‌നേഹത്തെ നെഞ്ചോടു ചേര്‍ത്ത ഈ മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലയിലൊക്കെയും തന്റെ മേധാവിത്വം ഉറപ്പിച്ചിട്ടുണ്ട്. അഞ്ചിലധികം പുസ്തകങ്ങള്‍ എഴുതി. അമേരിക്കയിലുടനീളം അവതരിപ്പിച്ച ഇരുനൂറ്റിയമ്പതില്‍ പരം വിവിധ കലാസാംസ്‌ക്കാരിക പരിപാടികളുടെ അവതാരകന്‍.

മീഡിയ കണ്‍സള്‍ട്ടന്റ്, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍, മനോരമ ഓണ്‍ലൈന്‍ ഡോട്ട് കോം, ഇ-മലയാളി ഡോട്ട് കോം സീനിയര്‍ എഡിറ്റര്‍, മലയാളംപത്രം എന്നിവ ഉള്‍പ്പെടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ കറസ്‌പോണ്ടന്റ്.

യാത്രാവിവരണ കോളമിസ്റ്റ്, 2000ലെ ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍. ഫൈന്‍ ആര്‍ട്‌സ് മലയാളം ക്ലബ്ബിന്റെ സ്ഥാപകസെക്രട്ടറിയും നിലവിലെ സെക്രട്ടറിയുമായി നിരവധി കഥാപാത്രങ്ങളെ രംഗത്ത് അവതരിപ്പിച്ച അഭിനേതാവ്. ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാപകരിലൊരാള്‍. ഈ മാധ്യമപ്രവര്‍ത്തകന്റെ നേട്ടത്തെ അംഗീകരിക്കുമ്പോഴാണ് മലയാളികളുടെ ഓണാഘോഷം പൂര്‍ണ്ണമാവുകയെന്ന് നാമം രക്ഷാധികാരി മാധവന്‍ ബി നായര്‍ പറഞ്ഞു. നാമും മഞ്ചും സംയുക്തവേദിയില്‍ അതിനാണ് തയ്യാറെടുക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.