You are Here : Home / USA News

ഹ്യൂസ്റ്റനിലെ കേരളാ സീനിയേഴ്‌സ്‌ ഓണം ആഘോഷിച്ചു

Text Size  

Story Dated: Friday, September 18, 2015 10:25 hrs UTC

മണ്ണിക്കരോട്ട്‌

ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലും സമീപപ്രദേശങ്ങളിലുമുള്ള സീനിയര്‍ അംഗങ്ങള്‍ എല്ലാവര്‍ഷവും നടത്താറുള്ള ഓണം ഈ വര്‍ഷവും സെപ്‌റ്റംബര്‍ 12-ന്‌ സമുചിതമായി ആഘോഷിച്ചു. ഹ്യൂസ്റ്റനിലെ കേരളാ ഹൗസിലായിരുന്നു സമ്മേളനം. പതിവുപോലെ ഹ്യൂസ്റ്റന്റെ നാനാഭാഗത്തുനിന്നും കഴിയുന്നിടത്തോളം സീനിയേഴ്‌സ്‌ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഓണത്തിന്റെ തനതു വേഷവിധാനങ്ങളും അതേ സന്തോഷവും എല്ലാവരിലും പ്രകടമായിരുന്നു. 2002-ല്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകയായ ശ്രീമതി പൊന്നു പിള്ളയുടെ നേതൃത്വത്തില്‍ ലളിതമായി ആരംഭിച്ച സീനിയേഴ്‌സിന്റെ ഒരു കൂട്ടായ്‌മ ഇന്നും സ്ഥാനമാനപരിവേഷങ്ങളുടെ പരിവേദനങ്ങളില്ലാതെ കണ്ണിമുറിയാതെ തുടരുന്നു. ജാതി-മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം ചിലപ്പോള്‍ മാസതോറും അതിനു കഴിഞ്ഞില്ലെങ്കില്‍ പ്രധാനപ്പെട്ട ദിവസങ്ങളിലെല്ലാം സമ്മേളിക്കുന്നു. ഈ സംരംഭം, സമ്മേളനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ കഴിയുന്നത്രയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട്‌ ആവശ്യാനുസരണം സഹായസഹകരങ്ങള്‍ ചെയ്യുന്നുണ്ട്‌.

 

കൂടാതെ പരസ്‌പരസഹായമാണ്‌ കൂടുതലും ചെയ്‌തുവരുന്നത്‌. അതായത്‌ രോഗികളെയും മറ്റ്‌ പ്രയാസങ്ങളില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുകയും കഴിയുന്നത്രയും സഹായസഹകരണങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്‌തുവരുന്നു. ഓണാഘോഷത്തിന്റെ തുടക്കമായി സംഘാടക പൊന്നു പിള്ള പരിപാടിയെക്കുറിച്ച്‌ ഒരു ലഘുവിവരണം നടത്തി. തുടര്‍ന്ന്‌ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റ്‌ അഡ്വ: സുരേന്ദ്രന്‍, സെക്രട്ടറി മാത്യു മത്തായി, കെ. കെ. ചെറിയാന്‍, ജി.കെ. പിള്ള, ജോര്‍ജ്‌ മണ്ണിക്കരോട്ട്‌, നൈനാന്‍ മാത്തുള്ള, തോമസ്‌ തയ്യില്‍, ജോര്‍ജ്‌ തോമസ്‌, പൊന്നു പിള്ള എന്നിവര്‍ നിലവിളക്കുകൊളുത്തുകയും മാര്‍ത്താ ചാക്കൊ, അന്നമ്മ തോട്ടം, ഓമന രാജന്‍ എന്നിവര്‍ ചേര്‍ന്ന്‌ ഈശ്വരപ്രാര്‍ത്ഥന ചൊല്ലുകയും ചെയ്‌തു. കെ. കെ. ചെറിയാന്‍ സ്വാഗതപ്രസംഗം നടത്തി. ആശ്വസാപ്രസംഗത്തില്‍ നിലവിളക്കു കൊളുത്തിയവരെക്കൂടാതെ ഡോ. മനു ചാക്കൊയും ആശ്വംസകളര്‍പ്പിച്ചു,. തുടര്‍ന്ന്‌ ഡോ. മനു ചാക്കൊ, ഷിജിമോന്‍ ജേക്കബ്‌, മറിയാമ്മ ഉമ്മന്‍, ചാക്കൊ ജോസഫ്‌, ലീനാമ്മ ജോണ്‍, ക്ലാരമ്മ മാത്യു, ഏലിയാമ്മ ജോസഫ്‌, കുഞ്ഞമ്മ ചെറിയാന്‍, ത്രെസ്യാമ്മ ജോര്‍ജ്‌, കെ.കെ. ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണപ്പാട്ടും വള്ളപ്പാട്ടും സദസ്യരെ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട്‌ ആലപിച്ചു. പൊന്നു പിള്ളയുടെ കൃതഞ്‌ജതാ പ്രസംഗത്തിനുശേഷം സദ്യക്കുള്ള സമയമായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യയിലെ പച്ചക്കറികളില്‍ ഏറിയപങ്കും ഓരോരുത്തരുടെ വീട്ടുവളപ്പില്‍ കൃഷിചെയ്‌തതും സീനിയേഴ്‌സുതന്നെ പാകം ചെയ്‌തതുമാണ്‌. സ്‌നേഹവും സൗഹൃദവും സന്തോഷവും സാഹോദര്യവും പങ്കുവച്ച സന്തോഷത്തോടെ ഈ വര്‍ഷത്തെ ഹ്യൂസ്റ്റനിലെ സീനിയേഴ്‌സിന്റെ ഓണാഘോഷം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.