You are Here : Home / USA News

മാര്‍ ജോസ്‌ കല്ലുവേലിലിന്റെ മെത്രാഭിഷേകവും എക്‌സാര്‍ക്കേറ്റിന്റെ ഉദ്‌ഘാടനവും

Text Size  

Story Dated: Sunday, September 20, 2015 11:10 hrs UTC

ടൊറന്റോ: സീറോ മലബാര്‍ സഭാ സംവിധാനങ്ങള്‍ക്കു തുടക്കം കുറിക്കുന്ന അപ്പസ്‌തോലിക്‌ എക്‌സാര്‍ക്കേറ്റിന്റെ ഉദ്‌ഘാടനവും പ്രഥമ എക്‌സാര്‍ക്ക്‌ (ബിഷപ്‌) മാര്‍ ജോസ്‌ കല്ലുവേലിലിന്റെ മെത്രാഭിഷേകവും ഭക്തിസാന്ദ്രമായി നടന്നു. രാവിലെ പത്തിനു തുടങ്ങിയ ശുശ്രൂഷകള്‍ മൂന്നു മണിക്കൂര്‍ നീണ്ടു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങില്‍ പാലക്കാട്‌ ബിഷപ്‌ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, ഷിക്കാഗോ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവര്‍ സഹകാര്‍മികരായി. എക്‌സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ്‌ കല്ലുവേലിലിനെ എക്‌സാര്‍ക്ക്‌ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ ബൂള കാനഡയിലെ അപ്പസ്‌തോലിക്‌ നുണ്‍ഷ്യോ ആര്‍ച്ച്‌ബിഷപ്‌ ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ വൈസ്‌ ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്‌ക്കലും വായിച്ചു. ഫാ. ജോസ്‌ ആലയ്‌ക്കകുന്നേലായിരുന്നു ആര്‍ച്ച്‌ഡീക്കന്‍. മെത്രാഭിഷേകത്തിനുശേഷം മാര്‍ ജോസ്‌ കല്ലുവേലില്‍ ദിവ്യബലി അര്‍പ്പിച്ചു.

 

കാനഡയിലെ എക്‌സാര്‍ക്കേറ്റിന്റെ ചുമതല വഹിക്കുന്ന പുതിയ മെത്രാന്‍ മാര്‍ കല്ലുവേലിലിന്‌ ഇവിടത്തെ അജഗണങ്ങളെ സുവിശേഷപാതയില്‍ പ്രേഷിത തീക്ഷ്‌ണതയോടെ നയിക്കാനാകുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. മാര്‍ ജോസ്‌ കല്ലുവേലില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. പ്രവാസി വിശ്വാസികള്‍ വിശ്വാസം വലിയ നിധിയായി കാത്തുസൂക്ഷിക്കുന്നതിലും കൈമാറുന്നതിലും സഭ മുഴുവന്‍ അഭിമാനിക്കുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശത്തില്‍ പറഞ്ഞു. കാനഡയില്‍ സീറോ മലബാര്‍ സഭയ്‌ക്ക്‌ എക്‌സാര്‍ക്കേറ്റ്‌ അനുവദിച്ചു കിട്ടിയതു ദൈവത്തിന്റെ പദ്ധതിയാണ്‌. ഇതിലൂടെ ഇവിടത്തെ സഭാസമൂഹം മുഴുവന്‍ അനുഗൃഹീതരായിരിക്കുകയാണ്‌. ഇതിനായി സഹായങ്ങള്‍ നല്‍കിയ എല്ലാവരോടും സഭ കടപ്പെട്ടിരിക്കുന്നുവെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. മാര്‍ ജോസ്‌ കല്ലുവേലില്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള മെത്രാന്മാരും നൂറുകണക്കിനു വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. ചെണ്ടമേളം, താലപ്പൊലി, ബാന്‍ഡ്‌മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ്‌ വിശിഷ്ടാതിഥികളെ പള്ളിയിലേക്ക്‌ ആനയിച്ചത്‌. പാലക്കാട്‌ രൂപതാംഗമായ മാര്‍ കല്ലുവേലില്‍ 2013 മുതല്‍ ടൊറേന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കു വേണ്ടിി അജപാലന ശുശ്രൂഷ ചെയ്‌തുവരികയാണ്‌.പാലാ രൂപതയിലെ കുറവിലങ്ങാടിനടുത്തുള്ള തോട്ടുവായില്‍ കല്ലുവേലില്‍ ജോസഫ്‌ അന്നമ്മ ദമ്പതികളുടെ മകനായി 1955 നവംബര്‍ 15 നാണ്‌ നിയുക്ത ബിഷപ്‌ ജനിച്ചത്‌. പാലക്കാട്‌ രൂപതയിലെ ജെല്ലിപ്പാറ സെന്റ്‌ പീറ്റേഴ്‌സ്‌ ഇടവകയിലാണ്‌ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ താമസിക്കുന്നത്‌. 1984 ഡിസംബര്‍ 18 ന്‌ പാലക്കാട്‌ രൂപതയ്‌ക്കു വേണ്ടി പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളില്‍ ശുശ്രൂഷ ചെയ്‌തതിനു പുറമേ രൂപതാ പാസ്റ്ററല്‍ സെന്ററിന്റെയും, വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും, കെ.സി.എസ്‌.എല്‍ സംഘടനയുടെയും ഡയറക്ടറായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ടറേറ്റ്‌ നേടി. രണ്ടു വര്‍ഷമായി ടൊറന്റോയില്‍ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു വരുമ്പോഴാണ്‌ പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്‌. നിയുക്ത ബിഷപ്പിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. സഹോദരങ്ങള്‍: പരേതനായ വര്‍ക്കി, തോമസ്‌, ദേവസ്യ, പരേതനായ ജേക്കബ്‌. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും ശ്രൂഷകളില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.