You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ ഓണാഘോഷങ്ങള്‍ വേറിട്ടതായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 23, 2015 11:15 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ ഓണാഘോഷങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും നിറയുന്ന സമയമാണിത്‌. ഓണപ്പാട്ടുകളും പൂക്കളങ്ങളും തിരുവാതിരയും ചെണ്ടമേളവും എല്ലാം നമ്മെ ഓണത്തിന്റെ ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളിലേക്ക്‌ കൊണ്ടുപോകുന്നു. സാമാന്യം മലയാളി ജനസംഖ്യയുള്ള കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണിന്റെ (കെ.എ.ജി.ഡബ്ല്യു) ഓണാഘോഷങ്ങള്‍ സെപ്‌റ്റംബര്‍ 19-ന്‌ നടത്തി. കെ.എ.ജി.ഡബ്ല്യുവിന്റെ നാല്‍പ്പതാമത്തെ ഓണം. അമേരിക്കയിലെ മലയാളി അസോസിയേഷനുകള്‍ക്ക്‌ ഇപ്പോള്‍ നാല്‍പ്പത്‌ - അമ്പത്‌ വര്‍ഷത്തെ പഴക്കമുണ്ട്‌. ഒരു മലയാളിക്ക്‌ മറ്റൊരു മലയാളിയെ കണ്ടെത്താന്‍ അമ്പതും നൂറും മൈല്‍ സഞ്ചരിക്കേണ്ടി വന്ന വിശേഷങ്ങള്‍ പ്രവാസി മലയാളികളുടെ ആദ്യതലമുറകള്‍ നമ്മോട്‌ പറഞ്ഞിട്ടുണ്ട്‌. ഇന്ന്‌ ഒരു മലയാളി മറ്റൊരു മലയാളിയെ കണ്ടാല്‍ തിരിഞ്ഞു നടന്നുകളയും എന്ന നിലയിലായി! ഈയവസരത്തില്‍ എല്ലാവര്‍ഷവും നടത്തുന്ന വെറുമൊരു പതിവു ചടങ്ങായി ഓണാഘോഷവും തോന്നിത്തുടങ്ങുമ്പോള്‍ ഇന്നത്തെ അമേരിക്കന്‍ മലയാളിക്ക്‌ ഓണമെന്താണ്‌ എന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

 

നാല്‍പ്പതാം ഓണം ആഘോഷിച്ച കെ.എ.ജി.ഡബ്ല്യുവിന്റെ പ്രസിഡന്റ്‌ അരുണ്‍ ജോ സഖറിയയോട്‌ സംസാരിച്ചപ്പോള്‍ മുന്‍പിന്‍ പറഞ്ഞ കാര്യങ്ങളൊക്കെ വിഷയങ്ങളായി. കെ.എ.ജി.ഡബ്ല്യുവിന്റെ മുന്‍കാല പ്രസിഡന്റുമാരെ ആദരിക്കുന്ന ചടങ്ങ്‌ ഓണാഘോഷത്തിന്റെ ഭാഗമായി അരുണും സഹപ്രവര്‍ത്തകരും നടത്തി. മുന്‍കാല പ്രസിഡന്റുമാര്‍ വേദിയില്‍ നിരന്നപ്പോള്‍ കെ.എ.ജി.ഡബ്ല്യുവിന്റെ വളര്‍ച്ചയെക്കുറിച്ചാണ്‌ സദസിലിരുന്ന പലരും ആലോചിച്ചത്‌. വിഖ്യാതമായ വള്ളത്തോള്‍ പുരസ്‌കാരം നേടിയ വാഷിംഗ്‌ടണിലെ മലയാളി സാഹിത്യ പ്രവര്‍ത്തകന്‍ പി.സി നായരുടെ അനുമോദനവും `മലയാളമേ....' എന്നു തുടങ്ങുന്ന അസോസിയേഷന്‍ ആശയഗാനത്തിന്റെ ചലച്ചിത്രാവിഷ്‌കാരവും ഓണാഘോഷങ്ങളുടെ ഭാഗമായി. മഹാബലിയും ശുക്രാചാര്യനും, വാമനനും ദശാവതാരങ്ങളും മാറിമറിഞ്ഞ കലാപരിപാടികളില്‍ നൃത്തനൃത്യങ്ങളും ഗാനങ്ങളും കൊഴുപ്പുകൂട്ടി. മാര്‍ഷല്‍ ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയത്തിലൂടെ വേദിയിലൂടെ ഓണമായും, ആഘോഷമായും മുന്നില്‍ തെളിഞ്ഞത്‌ നമ്മുടെ- വാഷിംഗ്‌ടണ്‍ മലയളികളുടെ കഴിഞ്ഞ നാലു ദശകങ്ങളിലെ വിജയചരിത്രമാണ്‌. അറുപതുകളില്‍ ഇവിടെയെത്തിയ ഡോ. നായരും നാലോ അഞ്ചോ വയസുള്ള ഇവിടെ ജനിച്ച കുട്ടികളും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മലയാളി ഭാഷയുടേയും, കേരളത്തിന്റെ കലകളുടേയും, സംസ്‌കാരത്തിന്റേയും ഒരിക്കലും മുറിഞ്ഞുപോകാത്ത ഒരു ശൃംഖല പ്രദര്‍ശിപ്പിക്കുകയായിരുന്നു കെ.എ.ജി.ഡബ്ല്യു. അതിലൂടെ 2015-ലെ ഓണം വെറുമൊരു ഓണാഘോഷം എന്നതിനെക്കാളുപരി അര്‍ത്ഥവും പൊലിമയും നിറഞ്ഞതായി. ഏതാനും മലയാളി കുടുംബങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഒരുമയുടെ ഓണവിഭവങ്ങള്‍ പാചകം ചെയ്‌ത്‌ ആഘോഷിച്ചിരുന്ന തുടക്കത്തില്‍ നിന്ന്‌ ഓണ്‍ലൈന്‍ ടിക്കറ്റ്‌ വില്‍പ്പനയുടേയും, ഹൈടെക്‌ പ്രോഗ്രാമുകളുടേയും, വെബ്‌സൈറ്റ്‌ സെക്യൂരിറ്റിയൂടേയും പരിപാടികള്‍ നടത്താന്‍ ഓഡിറ്റോറിയങ്ങളും സ്ഥലങ്ങളും തിരക്കിയുള്ള പ്രയാണങ്ങളുടെ നിലയ്‌ക്കാത്ത കോണ്‍ഫറന്‍സ്‌ കോളുകളുടേയും ഇടയിലാണ്‌ ഇന്നത്തെ കെ.എ.ജി.ഡബ്ല്യു. വാഷിംഗ്‌ടണ്‍ പോലെയുള്ള ഒരു ഹൈ പ്രൊഫൈല്‍ നഗരത്തില്‍ എല്ലാ രാജ്യക്കാരും തങ്ങളുടേതായ തനിമയും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ട്‌ അമേരിക്കന്‍ ജീവിതരീതികളുമായി പൊരുത്തപ്പെടാന്‍ പ്രയത്‌നിക്കുന്നവരാണ്‌. ഈ ജനസമൂഹങ്ങളുടെ മത്സരങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ കെ.എ.ജി.ഡബ്ല്യു ഇന്നും വാഷിംഗ്‌ടണ്‍ മലയാളികളുടെ മുഖ്യതറവാടായി തന്നെ നിലകൊള്ളുന്നതില്‍ ഈ അസോസിയേഷനുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്ക്‌ അഭിമാനത്തിന്‌ വക നല്‍കുന്നു. കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ്‌ അരുണ്‍ ജോ സഖറിയ, വൈസ്‌ പ്രസിഡന്റ്‌ ഹരി നമ്പ്യാര്‍, പ്രസിഡന്റ്‌ ഇലക്‌ട്‌ രഘു നമ്പിയത്ത്‌, സെക്രട്ടറി സ്‌മിത മേനോന്‍, എന്റര്‍ടൈന്‍മെന്റിനു നേതൃത്വം നല്‍കിയ സുഷമ പ്രവീണ്‍, സജി ജോസ്‌ എന്നിവരും കെ.എ.ജി.ഡബ്ല്യുവിന്റെ അനേകം കമ്മിറ്റിയംഗങ്ങളും സുഹൃത്തുക്കളും അധ്വാനിക്കുമ്പോഴാണ്‌ ഓണംപോലെ ഒരു ആഘോഷം വന്‍ വിജയമാക്കാന്‍ സാധിച്ചത്‌. ഓരോ ഓണക്കാലത്തും ആയിരങ്ങള്‍ക്ക്‌ സദ്യ ഒരുക്കുന്ന സുകു നായരും കെ.എ.ജി.ഡബ്ല്യു ഓണത്തിന്റെ നിത്യഭാഗമാണ്‌. മാവേലിയുടെ നാട്ടിലെ ഓണം പരിഷ്‌കാരങ്ങളനുസരിച്ച്‌ മാറിക്കൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ ബാല്യത്തിലെ ഓണത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ കൊണ്ടു നടക്കുകയും ആ ഓര്‍മ്മകളുടെ ഉണര്‍വ്വില്‍ ഓരോണംകൂടി ഉണ്ണാനും ആഘോഷിക്കാനും ഓടിയെത്തുന്നവരാണ്‌ പ്രവാസി മലയാളികള്‍. അതുകൊണ്ട്‌ മലയാള നാട്ടിലെ ഓണത്തേക്കാള്‍ മധുരവും ആഹ്ലാദവും കൂടും മറുനാട്ടിലെ ഓണങ്ങള്‍ക്ക്‌. അതു മനസ്സിലാക്കി ഒന്നാംതരം ഓരോണം കൂടി വാഷിംഗ്‌ടണ്‍ മലയാളികള്‍ക്ക്‌ സമ്മാനിച്ച കെ.എ.ജി.ഡബ്ല്യുവിന്‌ എല്ലാ അഭിനന്ദനങ്ങളും നേരുന്നു...

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.