You are Here : Home / USA News

യുവ സംരംഭകര്‍ക്ക്‌ ദിശാബോധമേകാന്‍ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സിന്റെ പദ്ധതി

Text Size  

Story Dated: Wednesday, September 23, 2015 11:21 hrs UTC

Dr.GEOREGE KAKKANAT

 

ഹൂസ്റ്റണ്‍: സൗത്ത്‌ ഇന്ത്യന്‍ ബിസിനസ്‌ സമൂഹത്തിന്റെ ചടുല വളര്‍ച്ചയ്‌ക്ക്‌ ഗതിവേഗം പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ അതിന്റെ നവസംരംഭമായ `നെക്‌സ്റ്റ്‌ ജെന്‍-ഫോസ്റ്ററിങ്‌ ദ ഫ്യൂച്ചര്‍ സി.ഇ.ഒ'യ്‌ക്ക്‌ ശുഭാരംഭം കുറിച്ചു. യുവാക്കളായ സംരംഭകര്‍ക്ക്‌ ദിശാബോധമേകി അവരുടെ വളര്‍ച്ചയ്‌ക്ക്‌ സഹായിക്കുന്നതോടൊപ്പം പുതിയവരെ സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടു വരികയുമാണ്‌ `നെക്‌സ്റ്റ്‌ ജെന്‍-ഫോസ്റ്ററിങ്‌ ദ സി.ഇ.ഒ' പദ്ധതി വിഭാവനം ചെയ്യുന്നത്‌. ഇതിന്റെ ഔപചാരികമായ ഉദ്‌ഘാടനം പ്രമുഖ വ്യവസായിയായ ജോയി ആലുക്കാസ്‌ ഹൂസ്റ്റണില്‍ സ്റ്റാഫോഡിലുള്ള സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌. ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആസ്ഥാനത്ത്‌ നിലവിളക്കു കൊളുത്തി നിര്‍വഹിച്ചു.

 

മൗന പ്രാര്‍ഥനയോടെ ആരംഭിച്ച ഉദ്‌ഘാടന യോഗത്തില്‍ ചേമ്പര്‍ സെക്രട്ടറി ജോര്‍ജ്‌ ഈപ്പന്‍ സ്വാഗതമേകി. കഴിഞ്ഞ വര്‍ഷങ്ങളിലെ ചേമ്പറിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങളെപ്പറ്റി അദ്ദേഹം വിവരിച്ചു. ബിസിനസ്‌ താല്‍പര്യങ്ങള്‍ക്കുപരിയായി സമൂഹത്തില്‍ സുരക്ഷാ ബോധവല്‍ക്കരണത്തിന്‌ സിറ്റി പോലീസുമായി സഹകരിച്ച്‌ ചേമ്പര്‍ പ്രവര്‍ത്തിച്ചതും അദ്ദേഹം അനുസ്‌മരിച്ചു. ചേമ്പര്‍ പ്രസിഡന്റ്‌ ഡോ. ജോര്‍ജ്‌ എം. കാക്കനാട്ട്‌ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ 2013-ല്‍ ഏതാനും യുവ വ്യവസായികളുടെ മനസ്സിലെ ആശയം ഇന്ന്‌ സൗത്ത്‌ ഇന്ത്യന്‍ യു.എസ്‌ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ എന്ന ആര്‍ക്കും അവഗണിക്കാനാവാത്ത പ്രസ്ഥാനമായി വളര്‍ന്നിരിക്കുകയാണെന്ന്‌ പറഞ്ഞു. സ്വയം വളരുവാനും മറ്റുള്ളവരുടെ വളര്‍ച്ചയ്‌ക്ക്‌ സഹായികളാകാനും കഴിയുക എന്നതാണ്‌ ചേമ്പറിന്റെ പ്രവര്‍ത്തന ലക്ഷ്യം. ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക്‌ നിലനില്‌ക്കുവാനും വളരുവാനുമുള്ള പശ്ചാത്തലം ഒരുക്കുകയാണ്‌ ചേമ്പര്‍ ചെയ്യുന്നത്‌. കൂടുതല്‍ യുവജനങ്ങളെ വ്യാവസായിക രംഗത്ത്‌ വളര്‍ത്തിക്കൊണ്ടു വരുവാനുള്ള പദ്ധതി, `നെക്‌സ്റ്റ്‌ ജെന്‍-ഫോസ്റ്ററിങ്‌ ഫ്യൂച്ചര്‍ സിഇഒ' ലക്ഷ്യം വെയ്‌ക്കുന്നതും ഈ സമൂഹപുരോഗതി തന്നെ. ഉദ്‌ഘാടകനായി എത്തിയ പ്രമുഖ വ്യവസായി ജോയി ആലുക്കാസിന്‌ സംഘടനയുടെ ഓണററി മെമ്പര്‍ഷിപ്പ്‌ നല്‌കി ചേമ്പര്‍ ആദരിക്കുന്നതായും ജോര്‍ജ്‌ കാക്കനാട്ട്‌ പറഞ്ഞു.

 

 

ജോയി ആലുക്കാസ്‌ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ചേമ്പറിന്റെ ആദരവിന്‌ നന്ദി പറയുകയും പ്രവര്‍ത്തനത്തില്‍ സന്തുഷ്‌ടി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യന്‍ സമൂഹത്തിന്‌ ഇത്‌ മാതൃകയാവട്ടെെയന്ന്‌ അദ്ദേഹം ആശംസിച്ചു. സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച മിസൗറി സിറ്റി മേയര്‍ അലന്‍ ഓവന്‍ ചേമ്പര്‍ അംഗങ്ങളെ അവരുടെ വിലപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഭിനന്ദിച്ചു. തന്റെ തുടര്‍ന്നുള്ള സഹായം ചേമ്പറിന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ചേമ്പറിന്റെ അഡൈ്വസറി ബോര്‍ഡ്‌ മെമ്പര്‍ ആയ കോശി തോമസ്‌ (വോയ്‌സ്‌ ഓഫ്‌ ഏഷ്യ), നെക്‌സ്റ്റ്‌-ജെന്‍ പ്രതിനിധികളായ ജോസ്‌ മണക്കുന്നേല്‍, ഷാലിന്‍ വര്‍ഗീസ്‌, ഫോര്‍ട്ട്‌ ബെന്‍ഡ്‌ ഐ.എസ്‌ഡി ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി കെ.പി. ജോര്‍ജ്‌ എന്നിവര്‍ തുടര്‍ന്നു പ്രസംഗിച്ചു. ചേമ്പര്‍ ഡയറക്‌ടര്‍ ഓഫ്‌ ഇവന്റ്‌സ്‌ ജോര്‍ജ്‌ കോലച്ചേരില്‍ നന്ദി പറഞ്ഞു. മുഖ്യാതിഥിയും ഉദ്‌ഘാടകനുമായെത്തിയ ജോയ്‌ ആലുക്കാസിന്റെ 35-ാം വിവാഹ വാര്‍ഷിക ദിനവുമായിരുന്നു അന്ന്‌ എന്നത്‌ അധികം ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കേക്ക്‌ മുറിച്ച്‌ ചേമ്പര്‍ അദ്ദേഹത്തെ അനുമോദിച്ചു. ഗസല്‍ ഇന്ത്യാ റസ്റ്റോറന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌ത ഡിന്നറോടുകൂടി സമ്മേളനം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.