You are Here : Home / USA News

ന്യൂജേഴ്‌സിയിലെ ജയിലില്‍ കാരുണ്യത്തിനുവേണ്ടി ദാഹിക്കുന്ന മലയാളി യുവാവ്‌

Text Size  

Story Dated: Tuesday, September 29, 2015 11:49 hrs UTC

തോമസ്‌ കൂവള്ളൂര്‍ (ചെയര്‍മാന്‍, ജെ.എഫ്‌.എ)

ന്യൂയോര്‍ക്ക്‌: ചാറ്റിംഗിലൂടെ കെണിയിലകപ്പെട്ട്‌ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഇതിനു മുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്നത്‌ ചിലരെങ്കിലും ഓര്‍ക്കുമെന്നു കരുതുന്നു. ആ ചെറുപ്പക്കാരന്‍ ന്യൂജേഴ്‌സിയിലെ പാസ്സായിക്‌ കൗണ്ടി ജയിലില്‍ എത്തിയിട്ട്‌ ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. 2014 സെപ്‌റ്റംബര്‍ 22-നാണ്‌ ന്യൂജേഴ്‌സിയിലെ ഹാത്തോണ്‍ പോലീസ്‌ മാനഹാനി ഭയന്ന്‌ പേരു വെളിപ്പെടുത്താന്‍ താത്‌പര്യമില്ലാത്ത ഈ മലയാളി യുവാവിനെ ജയിലില്‍ അടച്ചത്‌. അമേരിക്കയില്‍ സുഹൃത്തുക്കളോ, ബന്ധുക്കളോ ഇല്ലാത്ത ഈ മലയാളി യുവാവിനു സഹായഹസ്‌തവുമായി ആദ്യം രംഗത്തുവന്നത്‌ ജസ്റ്റീസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയായിരുന്നു. താരതമ്യേന മെമ്പര്‍മാര്‍ തീരെയില്ലാത്ത ഈ സംഘടനയോടൊപ്പം പിന്നീട്‌ ഫോമ, ഫൊക്കന, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍, കീന്‍, മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി, ശാന്തിഗ്രം തുടങ്ങി നിരവധി സംഘടനാ നേതാക്കള്‍ 2015 മാര്‍ച്ച്‌ ആറാം തീയതി കോടതിയില്‍ ഹാജരായി എന്നുള്ളത്‌ മലയാളികളുടെ കൂട്ടായ്‌മയെ കാണിക്കുന്നു.

 

അന്നത്തെ ജഡ്‌ജിയായിരുന്ന ബഹു. ആദം ഇ. ജേക്കബ്‌ ഈ മലയാളി യുവാവിനെ കുറഞ്ഞ ജാമ്യത്തില്‍ കൊണ്ടുപൊയ്‌ക്കാള്ളാന്‍ ഓഫര്‍ വരെ നല്‍കിയതാണ്‌. പക്ഷെ ചില സാങ്കേതിക തടസ്സങ്ങളാല്‍ അന്ന്‌ അതിനു ആരും മുതിര്‍ന്നില്ല. അന്നത്തെ പ്രോസിക്യൂട്ടര്‍ ഈ ചെറുപ്പക്കാരന്‌ കുറഞ്ഞത്‌ 10 വര്‍ഷമെങ്കിലും തടവ്‌ കൊടുക്കണമെന്നാണ്‌ വാദിച്ചത്‌. അദ്ദേഹത്തിന്റെ വാദം ഈ ചെറുപ്പക്കാരന്‍ ഇന്ത്യയില്‍ ക്രിമിനല്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്‌ എന്നുള്ളവിധത്തില്‍ ആയിരുന്നുവത്രേ. അതിനുശേഷം പല സംഭവ വികാസങ്ങളും നടന്നുവെങ്കിലും യേശുക്രിസ്‌തുവിനെപ്പോലെ തന്നെ ഉപദ്രവിച്ചവരോട്‌ ക്ഷമിക്കണമെന്നും, തനിക്കുണ്ടായ അനുഭവങ്ങള്‍ ആരേയും അറിയിക്കാതെ മൂടിവെയ്‌ക്കാനുമാണ്‌ ഈ ചെറുപ്പക്കാരന്‍ ശ്രമിച്ചുകൊണ്ടിരുന്നത്‌. `വിളക്കു കൊളുത്തി പറയുടെ കീഴില്‍ വെയ്‌ക്കുന്ന' രീതിയിലുള്ള ആ ചെറുപ്പക്കാരന്റെ മനോഭാവം അതേപടി അംഗീകരിച്ചുകൊടുത്താല്‍ ഒരുപക്ഷെ ആ ചെറുപ്പക്കാരന്‍ ജീവിതത്തില്‍ വെളിച്ചം കണ്ടെന്നു വരികയില്ല എന്നുള്ള നിലപാടാണ്‌ ജെ.എഫ്‌.എ ചെയര്‍മാന്‍ എന്ന നിലയില്‍ ഞാന്‍ സ്വീകരിച്ചത്‌

 

. ചിലരെങ്കിലും എന്റെ നിലപാടിനോട്‌ വിജോയിപ്പ്‌ പ്രകടിപ്പിച്ചു എന്നുള്ളതും മൂടിവെയ്‌ക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. സംഭവം ഇങ്ങനെയാണ്‌: ജയിലില്‍ വെച്ച്‌ മറ്റൊരു ജയില്‍പ്പുള്ളി ഈ ചെറുപ്പക്കാരനെ ആക്രമിച്ചു. അതിന്റെ ഫലമായി കണ്ണിനു താഴെ പത്തോളം തുന്നല്‍ വേണ്ടിവന്ന ഒരു മുറിവുണ്ടായി. ഇത്രയും വലിയ സംഭവം നടന്നിട്ടും ഈ ചെറുപ്പക്കാരനെ കൊണ്ടുവന്ന അമേരിക്കയിലെ വമ്പന്‍ കമ്പനിയായ ടി.സി.എസ്‌ കമ്പനിക്കാരോ, അതിന്റെ തലപ്പത്തിരിക്കുന്നവരോ കണ്ടതായിപ്പോലും നടിക്കാത്തതെന്തേ എന്ന്‌ ആലോചിക്കുമ്പോള്‍ അവരുടെ മനുഷ്യത്വം എവിടെപ്പോയി എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്രയും നടന്നിട്ടും ആരും അനങ്ങാതിരുന്ന സാഹചര്യത്തില്‍ ജെ.എഫ്‌.എയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ ലേഖകന്‍ മലയാളി ചെറുപ്പക്കാരനുവേണ്ടി നിയോഗിക്കപ്പെട്ട അറ്റോര്‍ണിയുമായി ബന്ധപ്പെട്ട്‌ വിവരം ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണിക്കും ജഡ്‌ജിക്കും രേഖാമൂലം എഴുതി എത്രയും വേഗം കേസ്‌ തീര്‍ക്കാനുള്ള നടപടികള്‍ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ഓഗസ്റ്റ്‌ 17-ന്‌ ന്യൂയോര്‍ക്കില്‍ നിന്ന്‌ ജോയി പുളിയനാല്‍, മോളി ജോണ്‍, അന്നമ്മ ജോയി, തോമസ്‌ കൂവള്ളൂര്‍ എന്നിവരും, ന്യൂജേഴ്‌സിയില്‍ നിന്ന്‌ അനില്‍ പുത്തന്‍ചിറയും അദ്ദേഹത്തിന്റെ മാതാവും മറ്റൊരു ബന്ധുവും, സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും വര്‍ഗീസ്‌ മാത്യുവും, ജേര്‍ണലിസ്റ്റ്‌ ജോസ്‌ പിന്റോയും കോടതിയില്‍ എത്തിയിരുന്നു. ഒരുപക്ഷെ ഇന്ത്യന്‍ കമ്യൂണിറ്റി ഈ മലയാളി ചെറുപ്പക്കാരന്റെ കാര്യം ഗൗരവമായി പരിഗണിച്ചു എന്നു തോന്നുമാറ്‌ നേരത്തെ ഉണ്ടായിരുന്ന ജഡ്‌ജി മാറി ബഹു. സ്‌കോട്ട്‌ ജെ. ഡെന്നിയന്‍ എന്ന ജഡ്‌ജിയും, പുതിയ പ്രോസിക്യൂട്ടറും ആയിരുന്നു കോടതിയില്‍ ഹാജരായത്‌. അന്നേദിവസം മലയളികളായ നാം നിയമിച്ച മൈക്കിള്‍ കാരക്‌ടാ എന്ന വക്കീല്‍, ചെറുപ്പക്കാരനെ ജയിലിലാക്കാന്‍ കാരണക്കാരിയായ യുവതിയുടെ ഫയലുകള്‍ ഹാജരാക്കണമെന്ന്‌ ശക്തമായി വാദിക്കുകയുണ്ടായി.

 

യുവാവിന്റെ വായില്‍ നിന്നും സലൈവ ടെസ്റ്റ്‌ ചെയ്യാന്‍ ഒരിക്കല്‍കൂടി അനുവദിക്കണമെന്ന്‌ പ്രോസിക്യൂട്ടര്‍ വാദിച്ചതിനെ ഖണ്‌ഡിക്കാന്‍ നാം നിയോഗിച്ച വക്കീല്‍ ശ്രമിച്ചുവെങ്കിലും ജഡ്‌ജി ഇടപെട്ട്‌ ഒരിക്കല്‍ക്കൂടി എടുക്കാന്‍ അനുവദിച്ചു. കോടതിയില്‍ ഹാജരാകേണ്ട അടുത്ത അവധി ഒക്‌ടോബര്‍ രണ്ടിന്‌ ഉച്ചകഴിഞ്ഞ്‌ 1.30-നാണ്‌. അന്നേദിവസം മലയാളികളെകൊണ്ട്‌ കോടതി നിറയ്‌ക്കാന്‍ കഴിഞ്ഞാല്‍ അത്‌ കരുണയ്‌ക്കുവേണ്ടി ദാഹിക്കുന്ന മലയാളി യുവാവിന്റെ മോചനത്തിന്‌ ഇടയായിത്തീരാന്‍ സാധ്യതയുണ്ട്‌ എന്നാണ്‌ ഇത്രയും കാലത്തെ അനുഭവങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്‌. ഇക്കഴിഞ്ഞ ദിവസം പോപ്പ്‌ ഫ്രാന്‍സീസ്‌ ഫിലഡല്‍ഫിയയിലെ ജയിലില്‍ കഴിയുന്ന തടവുകാരെ സന്ദര്‍ശിച്ച്‌ ആശ്വാസം പകര്‍ന്നതുപോലെ തന്നെ മലയാളികളായ നമുക്കും ജയിലില്‍ കഴിയുന്ന ആ ചെറുപ്പക്കാരനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ശ്രമിക്കാം. എല്ലാറ്റിനുമുപരി മഹാത്മജിയുടെ പിറന്നാള്‍ ഒക്‌ടോബര്‍ രണ്ടാംതീയതി ആണെന്നതും നമ്മെ സംബന്ധിച്ചടത്തോളം പ്രധാന്യമര്‍ഹിക്കുന്നു. ഗാന്ധിജയന്തി ആഘോഷിക്കുന്ന ആ സുദിനത്തില്‍ ഗാന്ധിജിയുടെ സ്‌പിരിറ്റോടെ, ഒരുമയോടെ നമുക്ക്‌ ആ മലയാളി യുവാവിനെ മോചനത്തിനായി ഏതാനും മണിക്കൂറുകള്‍ ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ അത്‌ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാനുള്ള ഒരുവസരം കൂടിയായിരിക്കും. കോടതിയില്‍ വരുന്നവര്‍ മുദ്രാവാക്യം മുഴക്കാനോ, ആംഗ്യം പോലും കാണിക്കാനോ ശ്രമിക്കരുതെന്നും അപേക്ഷയുണ്ട്‌.

കേസ്‌ നടക്കുന്ന കോടതിയുടെ അഡ്രസ്‌:

പാസായിക്‌ കൗണ്ടി കോര്‍ട്ട്‌ ഹൗസ്‌, 77 ഹാമില്‍ട്ടന്‍ സ്‌ട്രീറ്റ്‌,

നാലാം നില. ജഡ്‌ജിന്റെ പേര്‌: സ്‌കോട്ട്‌ ജെ. ഡെന്നിയോണ്‍. പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി- 07505.

 

കോര്‍ട്ടിന്‌ അല്‌പം മാറി മീറ്റര്‍ പാര്‍ക്കിംഗ്‌ ഉണ്ടായിരിക്കും. മലയാളികളായ നമുക്ക്‌ ഒരിക്കല്‍കൂടി നമ്മുടെ ഒരുമ ഈ അമേരിക്കന്‍ ഐക്യനാട്ടില്‍ തെളിയിക്കാന്‍ ശ്രമിക്കാം. കഴിഞ്ഞകാലങ്ങളില്‍ ജെ.എഫ്‌.എ എന്ന പ്രസ്ഥാനത്തോടു കാണിച്ച ഔദാര്യം തുടര്‍ന്നും ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: അനില്‍ പുത്തന്‍ചിറ 732 319 6001, തോമസ്‌ കൂവള്ളൂര്‍ 914 409 5772. തോമസ്‌ കൂവള്ളൂര്‍ (ചെയര്‍മാന്‍, ജെ.എഫ്‌.എ) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.