You are Here : Home / USA News

ശബരീനാഥിന്റെ ഹ്രസ്വ ചിത്രം 'ഐ ലവ് യൂ' യൂട്യൂബില്‍ ഹിറ്റാകുന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, September 29, 2015 11:59 hrs UTC

 
 
ന്യൂയോര്‍ക്ക്: ഒരു കൂട്ടം അമേരിക്കന്‍ മലയാളികളെ കോര്‍ത്തിണക്കി ശബരീനാഥ് തിരക്കഥയും, സംഭാഷണവും, സംവിധാനവും നിര്‍വ്വഹിച്ച പ്രണയകാവ്യം ' ഐ ലവ് യൂ' എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ഹിറ്റാകുകയാണ്. യൂട്യുബില്‍ അപ്‌ലോഡ് ചെയ്ത് 24 മണിക്കൂറിനകം പതിനായിരത്തിലേറെ പേര്‍ ഈ ചിത്രം കണ്ടു കഴിഞ്ഞു.
 
അനാവശ്യമായ ഡയലോഗുകളും ആവര്‍ത്തനവിരസത തെല്ലും ഉള്‍പ്പെടുത്താത്ത ഈ ലഘു ചിത്രം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒന്നേ പറയാനുണ്ടാകൂ....'മനോഹരമായ ഒരു പ്രണയ കഥ..'
ആ വിലയിരുത്തലില്‍ യാഥാര്‍ത്ഥ്യമുണ്ട്. മുഴുനീള സിനിമയില്‍ കാണുന്ന ജീവിതാനുഭവങ്ങളെല്ലാം ഐ ലവ് യുവിലുണ്ട്. 
 
ഐ ലവ് യു ഒരു പ്രണയകഥയാണ്. അനുകരിക്കപ്പെടാവുന്ന പ്രണയത്തിനുപരിയുള്ള തീക്ഷ്ണ സ്‌നേഹത്തിന്റെ കഥ. സ്‌നേഹത്തിനായി ത്യാഗം ചെയ്യാനുള്ള അപൂര്‍വ്വതയുടെ കഥ. പ്രണയ കഥകള്‍ നാം വേണ്ടുവോളം കണ്ടിട്ടുണ്ടെങ്കിലും, തുടക്കം മുതല്‍ ആകാംക്ഷയോടെ ഓരോ സീനുകളൂം കാണാനുള്ള ത്വരയുണ്ടാക്കത്തക്ക രീതിയിലാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും എല്ലാം അമേരിക്കന്‍ മലയാളികളാണെന്ന പ്രത്യേകതയുമുണ്ട്. 
 
ആനി എന്ന കൗമാരക്കാരിയുടെ പിന്നാലെ പ്രേമവുമായി നടക്കുന്ന പൊന്നൂസ് ആണ് കഥയെ തുടക്കത്തിലേ നയിക്കുന്നതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും. ആനിയുടേയും ചേച്ചി സൂസന്റേയും അമ്മയുടേയുമൊക്കെ കണക്കുകൂട്ടലില്‍ പൊന്നൂസ് ഒരു പൊട്ടന്‍ ചെക്കന്‍. പിതാവ് മരിച്ച ആനിയെ നിയന്ത്രിക്കുന്നത് സൂസന്‍ എന്ന തന്റേടി ചേച്ചിയാണ്. പ്രേമാഭ്യര്‍ത്ഥനയുമായി പുറകെ നടക്കുന്ന പൊന്നൂസിനും അയാള്‍ക്ക് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്ന സാം അങ്കിളിനും സൂസന്‍ ചുട്ട മറുപടി കൊടുക്കുന്നതും, പിന്തിരിയാന്‍ ഒരുക്കമല്ലാത്ത പൊന്നൂസ് തന്റെ പ്രയത്‌നം തുടരുന്നതുമൊക്കെ കൗതുകമുണര്‍ത്തുന്നവയാണ്.
 
നല്ല കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി സിനിമ ആസ്വാദ്യമധുരമാക്കുന്നതില്‍ ശബരീനാഥും ഛായാഗ്രാഹകന്‍ ജോണ്‍ മാര്‍ട്ടിനും വിജയിച്ചിരിക്കുന്നു. വിസ, വക്കാലത്ത് നാരായണന്‍കുട്ടി തുടങ്ങി ഏതാനും സിനിമകളില്‍ സഹസംവിധായനകനായിരുന്ന ശബരീനാഥ് ഒന്നര ദശാബ്ദമായി അമേരിക്കയില്‍ കഴിയുന്നു. സ്വപ്‌നങ്ങളെ കാവല്‍, ബിംഗോ എന്നീ ഹൃസ്വചിത്രങ്ങള്‍ നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. 
 
ധനീഷ് കാര്‍ത്തിക്കാണ് പൊന്നൂസ് ആയി വേഷമിടുന്നത്. ഗായകന്‍ നിലമ്പൂര്‍ ബാലന്റെ പുത്രനായ ധനീഷ് ഏതാനും സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നു. ബ്ലസണ്‍ കുര്യന്‍ ആണ് അമ്മാവന്‍ സാമിന്റെ വേഷം അനായാസ വിജയമാക്കിയത്. ബാലികയായ മിഷേല്‍, ആനി, സൂസന്‍ ആയി ഷെല്‍സിയ ജോര്‍ജ്, സൂസന്റെ സുഹൃത്തായി അനിതാ കണ്ണന്‍, ഡോളമ്മയായി റോഷി, ഡോ. ഗ്രേസ് ആയി ബിന്ദു കൊച്ചുണ്ണി, ലിസമ്മയായി ജയജി, മുന്‍ സൈനീകനായി സിബി ഡേവിഡ്, വൈദീകനായി ജംസണ്‍ കുര്യാക്കോസ്, രോഗിയായി ഹരിലാല്‍ നായര്‍, പീറ്ററായി ജോജോ കൊട്ടാരക്കര, അന്ധ യുവതിയായി നടാഷ ലവാനി, സ്‌റ്റെഫിയായി സൗമ്യ ജോര്‍ജ്, ജിമ്മിച്ചനായി സുനില്‍ ചാക്കൊ എന്നിവര്‍ വേഷമിടുന്നു.
 
ജെയ്‌സന്‍ പുല്ലാട് ആണ് അസി. ഡയറക്ടര്‍. എഡിറ്റിംഗ് ടിനു കെ. തോമസ്. സുമേഷ് ആനന്ദ് സൂര്യ പശ്ചാത്തല സംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍ ഗ്രാഫിക്‌സും ,രാഗേഷ് നാരായണ്‍ വിസ്വല്‍ എഫഫെക്ട്‌സും , ബിനൂപ് ദേവന്‍ സൗണ്ട് എഫഫെക്ട്‌സ് ഉം ഷെഫിന്‍ മേയാന്‍ റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു . ഷീബ ജോണ്‍സന്‍ കാസ്റ്റിംഗും ജിജി ഫിലിപ്പ് പ്രോഡക്റ്റ്ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്‌സ് വിജി ജോണും തോമസ് സഞ്ജു ചെറിയാനും ആണ്. 
 
'ഐ ലവ് യൂ' യൂ ട്യൂബില്‍ കാണാനുള്ള ലിങ്ക് :  

https://m.youtube.com/watch?v=GrdkM2A7AqA&feature=youtu.be

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.