You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണോജ്ജ്വലമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 07, 2015 11:44 hrs UTC

ഹൂസ്റ്റണ്‍ : ഇന്ത്യാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മൂന്നാമത് എക്യൂമെനിക്കല്‍ കള്‍ച്ചറല്‍ നൈറ്റ് വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 19ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട 18 ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ തങ്ങളുടെ കലാവിരുതുകള്‍ പ്രകടമാക്കിയപ്പോള്‍ ഹൂസ്റ്റണിലെ കലാസ്വാദകര്‍ക്ക് ഒരു വേറിട്ട അനുഭവമായി. പ്രസിഡന്റ് റവ.ഫാ.എം.ടി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ പ്രാരംഭപ്രാര്‍ത്ഥന നടത്തി. മുഖ്യാതിഥികളായി എത്തിയ സ്റ്റാഫോഡ് സിറ്റി കൗണ്‍സില്‍മാന്‍. കെന്‍ മാത്യു, ഫോര്‍ട്ട്‌ബെന്‍ഡ് ഐ.എസ്.ഡി. ട്രസ്റ്റി കെ.പി.ജോര്‍ജ്ജ് എന്നിവര്‍ വൈദികരുടെയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

 

 

ക്രിസ്ലി സാറാ ഫിലിപ്പ് ഇന്ത്യന്‍, അമേരിക്കന്‍ ദേശീയഗാനങ്ങള്‍ ആലപിച്ചു. സെക്രട്ടറി ഡോ.അന്നാ കെ.ഫിലിപ്പ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമായി. സിനിമാറ്റിക്ക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി വര്‍ണ്ണപ്പകിട്ടാര്‍ന്ന വിവിധ രീതിയിലുള്ള നൃത്തങ്ങളുമായി യുവകലാപ്രതിഭകള്‍ നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും', കലഹം, സ്‌നേഹം പിന്നെ ജീവിതം തുടങ്ങിയ സ്‌കിറ്റുകള്‍ ചിന്തോദീപകവും, ക്രിസ്തീയ ദര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതുമായിരുന്നു. 'യുധിത' എന്ന പേരില്‍ അവതരിപ്പിച്ച ഏകാങ്കനാടകം കൂടുതല്‍ മികവുറ്റതായിരുന്നു. നിരവധി സംഘഗാനങ്ങളും കള്‍ച്ചറല്‍ നൈറ്റിനെ ശ്രദ്ധേയമാക്കി. 'ഗോസ്പല്‍ മജീഷ്യന്‍' ആയി അറിയപ്പെടുന്ന റവ.ഡോ. സജുമാത്യുവിന്റെ മാജിക് ഷോ ക്രൈസ്തവദര്‍ശനാവിഷ്‌ക്കാരത്തിന് പുതിയ മാനം നല്‍കി. ഹൂസ്റ്റണിലെ സാമൂഹ്യസാംസ്‌ക്കാരിക വിദ്യാഭ്യാസ രംഗത്ത് ഈ വര്‍ഷം വ്യക്തിമുദ്ര പതിപ്പിച്ച എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി അംഗങ്ങളായ റവ.ഡോ.സജ്ജുമാത്യു, കെമ്ലി ഫിലിപ്പ്, റയിച്ചല്‍ വര്‍ഗീസ് എന്നിവക്ക് പ്രത്യേക പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. ഈ വര്‍ഷം നടത്താനുദ്ദേശിയ്ക്കുന്ന ജീവകാരുണ്യ പദ്ധതികളെപ്പറ്റി സെന്റ് തോമസ് സി.എസ്.ഐ. ഇടവക വികാരി റവ.അല്‍ഫാ വര്‍ഗീസ് പ്രസ്താവന നടത്തി. വൈസ് പ്രസിഡന്റും പ്രോഗ്രാം കണ്‍വീനറുമായി റവ.ഫാ.ഏബ്രഹാം സഖറിയായുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കള്‍ച്ചറല്‍ നൈറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഇന്ദിരാ ജയിംസ്, ജോര്‍ഡി ദാനിയേല്‍ എന്നിവര്‍ എംസിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. ട്രഷറര്‍ റോബിന്‍ ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. റവ.ഫാ.എം.ടി. ഫിലിപ്പിന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം കലാസന്ധ്യ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.