You are Here : Home / USA News

കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓണാഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 07, 2015 11:46 hrs UTC

ചിങ്ങത്തിലെ തിരുവോണം. മലയാളികളുടെ മഹോത്സവം. കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ അപ്പുക്കുട്ടന്‍ പിള്ളയുടെ മഹാബലിയും വര്‍ണ്ണശബളമായ പൂക്കളുവും ഓണപ്പാട്ടും ഓണസദ്യയുമായി സെപ്‌റ്റമ്പര്‍ 26 - ന്‌ ഗ്ലെന്‍ ഓക്‌സ്‌ ഹൈസുകൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ഓണം ആഘോഷിച്ചു. പ്രജകളുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എഴുന്നെള്ളിയ മഹാബലിയെ വാദ്യഘോഷങ്ങളോടും താലപ്പൊലിയോടും കൂടി എതിരേറ്റു. ദീപിക കുറുപ്പ്‌ ആലപിച്ച അഖിലാണ്ഡമണ്ഡപം എന്ന പ്രാര്‍ത്ഥനാഗീതത്തോടെ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചു. കവി അഖിലാണ്ഡമണ്ഡപം അണിയിച്ചൊരുക്കി അതിനുള്ളില്‍ ആനന്ദദീപം കൊളുത്തിയപ്പോള്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ വിഭസമൃദ്ധമായ ഓണസദ്യയും കലാവിരുന്നും ഒരുക്കി ആസ്സോസിയേഷന്റെ ഭാരവാഹികളും വിശിഷ്‌ട അതിഥിയും പരിപാടിക്ക്‌ ഭദ്രദീപം കൊളുത്തി. ധനുമാസരാവില്‍ അരങ്ങേറുന്ന തിരുവാതിരി കളി കണ്ടാസ്വദിക്കാനുള്ള മഹാബലിയുടെ മനോഗതം മനസ്സിലാക്കിയിട്ടെന്ന പോലെ കേരളീയ കലാ പാരമ്പര്യത്തെ അനുസ്‌മരിപ്പിച്ചു കൊണ്ട്‌ മലയാള മങ്കമാര്‍ നവനവീനമായ നൃത്തച്ചുവടുകളോടും ലാസ്യഭാവത്തോടും കൂടി അവതരിപ്പിച്ച തിരുവാതിര കളി സദസ്യര്‍ക്കും ഹൃദ്യമായി. പ്രസിഡന്റ്‌ ബിനോയ്‌ ചെറിയാന്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട്‌ ഏവരേയും സ്വാഗതം ചെയ്‌തു.

 

ട്രഷറര്‍ സാംസി കൊടുമണ്‍ വിശിഷ്‌ട അതിഥി ഡോ. ശശിധരനെ പരിചയപ്പെടുത്തിക്കൊണ്ട്‌ വേദിയിലേക്ക്‌ ക്ഷണിച്ചപ്പോള്‍ സദസ്യര്‍ നല്ലൊരു പ്രസംഗം കേള്‍ക്കാനുള്ള ആകാംക്ഷയോടെ കതോര്‍ത്തു. ഓണം നമ്മേ അനുസ്‌മരിപ്പിക്കുന്നത്‌ ഭാരതീയ സംസ്‌കാരത്തിലെ ദൈ്വതാദൈ്വത ചിന്തകളാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഡോ. ശശിധരന്‍ പ്രസംഗം ആരഭിച്ചത്‌. മുസ്ലിംങ്ങളേയും ക്രിസ്‌ത്യാനികളേയും ഹിന്ദുക്കളേയും വെവ്വേറെ കാണുന്നത്‌ ദൈ്വതം, ഒന്നായി കാണുന്നത്‌ അദൈ്വതം.അദൈ്വത ചിന്ത മനസ്സിലുറക്കുമ്പോഴേ കള്ളവും ചതിയും പൊളിവചനങ്ങളുമില്ലാതിരുന്ന മാവേലി വാണ സമത്വ സുന്ദരമായ നാട്‌ പുനഃസൃഷ്‌ടിക്കപ്പെടുകയുള്ളൂ. പ്രജാക്ഷേമത്തിനു വേണ്ടി മഹാബലി കാണിച്ച അര്‍പ്പണ മനോഭാവവും സഹിഷ്‌ണതയുംമാതൃകായയെടുത്ത്‌ അത്‌ നമ്മള്‍ കുട്ടികള്‍ക്ക്‌ പകര്‍ന്നു കൊടുത്ത്‌ നമ്മുടെ സംസ്‌കാരത്തെ കുറിച്ച്‌ അവരില്‍ ബോധം ജനിപ്പിക്കണം. ഓണാഘോഷത്തില്‍ വര്‍ഗ്ഗീയചിന്തകളില്ലാതെ വിഭിന്ന മതസ്‌തര്‍ പാകം ചെയ്‌തു കൊണ്ടു വരുന്ന ആഹാരം പങ്കിടുന്നതിലൂടെ മാഹാബലിയുടെ രാജ്യം നാം ഇവിടെ സൃഷ്‌ടിക്കുകയാണ്‌. സത്യം, ശിവം, സുന്ദരം - അതാണ്‌ ഭാരതീയ സ്വപ്‌നം. അതിന്റെ പ്രതീകമായിരുന്നു മഹാബലി. എന്നാല്‍ ഇന്നത്തെ രാഷ്‌ട്രീയക്കാര്‍ സമത്വവും സാഹോദര്യവും സമാനതയും ധര്‍മ്മവും വര്‍ഗ്ഗീയതയിലൂടെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പരസ്‌പര സ്‌നേഹം കര്‍ണ്ണന്റെ തേര്‌ പോലെ ചെളിയില്‍ താഴ്‌ന്ന്‌ ചലിക്കാനാവാതെ നിശ്‌ചലമായി. ഈ ദുരവസ്‌ഥയില്‍ നിന്ന്‌ ഭാരതത്തെ രക്ഷിക്കാന്‍ സമസ്‌ത സ്‌നേഹത്തിന്റേയും സമസ്‌ത ഐക്യത്തിന്റേയും സായുധീകരണം കൊണ്ടുള്ള ഒരു വൈദ്യുതികരണം നടത്തി ഒരു പുതിയ പുലരിക്കു വേണ്ടിയുള്ള അഹ്വാനത്തോടെ, ഏവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു കൊണ്ട്‌ ഡോ. ശശിധരന്‍ പ്രസംഗം അവസാനിപ്പിച്ചു. ഫൊക്കാന പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ആശംസാപ്രസംഗം ചെയ്‌തു. സ്വാദിഷ്‌ടമായ ഓണസദ്യക്കു ശേഷം അരങ്ങേറിയ മലയാളത്തനിമയാര്‍ന്നകലാപരിപാടികള്‍ മനം കുളിര്‍പ്പിക്കുന്നതും കര്‍ണ്ണാനന്ദകരുവുമായിരുന്നു. ഷെറിന്‍ എബ്രാഹം, സൗമ്യ കുറുപ്പ്‌, മോനി കുറുപ്പ്‌ എന്നിവരായിരുന്നു എംസിമാര്‍. സക്രട്ടറി വര്‍ഗ്ഗിസ്‌ ചുങ്കത്തിലിന്റെ കൃതജ്‌ഞതാപ്രസംഗത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു. സാംസി കൊടുമണ്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.