You are Here : Home / USA News

എസ്‌.എം.സി.സി ചിക്കാഗോ ചാപ്‌റ്റര്‍ പ്രവര്‍ത്തനോദ്‌ഘാടനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 08, 2015 11:44 hrs UTC

ചിക്കാഗോ: ചിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനോദ്‌ഘാടനം നടത്തപ്പെട്ടു. ഒക്‌ടോബര്‍ നാലിന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ്‌ ഹാളില്‍ ചേര്‍ന്ന ഉദ്‌ഘാടന സമ്മേളനം സെബിന്‍ അച്ചേട്ടിന്റെ ശ്രുതിമധുരമായ പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ചു. ഉദ്‌ഘാടന ചടങ്ങില്‍ എസ്‌.എം.സി.സി സ്‌പിരിച്വല്‍ ഡയറക്‌ടര്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. സണ്ണി വള്ളിക്കളത്തിന്റെ സ്വാഗതാംശസകളോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. സീറോ മലബാര്‍ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയും ഉദ്‌ഘാടന ചടങ്ങില്‍ സന്നിഹിതനായിരുന്നു. പാരീഷ്‌ ഹാളിലെത്തിയ ഇടവകാംഗങ്ങളുടേയും, എസ്‌.എം.സി.സി ഭാരവാഹികളുടേയും സാന്നിധ്യത്തില്‍ ഭാരതീയ പാരമ്പര്യത്തിന്റെ ഭാഗമായ നിലവിളക്ക്‌ തെളിയിച്ചുകൊണ്ട്‌ ഫാ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.

 

റവ.ഡോ. അഗസ്റ്റിന്‍ പാലയ്‌ക്കാപ്പറമ്പിലിന്റെ ഉദ്‌ഘാടന സന്ദേശത്തില്‍ എസ്‌.എം.സി.സി പോലുള്ള ആത്മീയ സംഘടനകള്‍ രൂപതയ്‌ക്കും ഇടവകയ്‌ക്കും വളരെ വിലപ്പെട്ടതാണെന്ന്‌ എടുത്തുപറയുകയുണ്ടായി. നമ്മുടെ രൂപതയിലും ഇടവകയിലും അത്മായരുടെ നേതൃത്വവും പങ്കാളിത്തവും വളരെ പ്രാധാന്യമേറിയതാണെന്ന്‌ അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഓരോ അത്മായനിലൂടെയാണ്‌ കുടുംബത്തിന്റെ വളര്‍ച്ചയും, ഓരോ കുടുംബങ്ങളാണ്‌ ഇടവകയുടെ മുതല്‍ക്കൂട്ടെന്നും, കുടുംബങ്ങളുടെ കൂട്ടായ്‌മകള്‍ സഭയുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നും അച്ചന്‍ അധ്യക്ഷപ്രസംത്തില്‍ കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതത്തില്‍ ഉറച്ചു നില്‍ക്കുന്നതിന്‌ എസ്‌.എം.സി.സി പോലുള്ള ആത്മീയ സംഘടനകളുടെ സേവനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന്‌ അഗസ്റ്റിനച്ചന്‍ ഓര്‍മ്മിപ്പിച്ചു. നൂറ്റാണ്ടുകളുടെ പാരമ്പര്യവും, പൈതൃകവും ഐക്യവും കാത്തുസൂക്ഷിക്കുന്ന നമ്മുടെ ക്രിസ്‌തീയ വിശ്വാസ ജീവതത്തില്‍ എസ്‌.എം.സി.സി വെളിച്ചമാകട്ടെ എന്ന്‌ അഗസ്റ്റിനച്ചന്‍ ആശംസിച്ചു. എസ്‌.എം.സി.സി പ്രസിഡന്റ്‌ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ എല്ലാ ഭാരവാഹികളോടും ഒരു മനസോടും ഐക്യത്തോടുംകൂടി സഭയുടെ നന്മയ്‌ക്കായി എസ്‌.എം.സി.സി വഴിയായി പ്രവര്‍ത്തിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു. നമ്മുടെ വിശ്വാസത്തിലധിഷ്‌ഠിതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ എസ്‌.എം.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്നതാണെന്ന്‌ ജോണ്‍സണ്‍ തന്റെ പ്രസിഡന്‍ഷ്യല്‍ അഡ്രസില്‍ അറിയിക്കുകയുണ്ടായി. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരിയുടെ സാന്നിധ്യം വളരെ അനുഗ്രഹപ്രദമായിരുന്നു. ചാലിശേരി അച്ചന്‍ തന്റെ സ്വതസിദ്ധമായ എളിമയില്‍ ആശംസകള്‍ നേര്‍ന്നത്‌ സദസ്യര്‍ക്ക്‌ വളരെ അനുഗ്രഹപ്രദമായിരുന്നു. ക്രസ്‌തുസാക്ഷ്യത്തിനുവേണ്ടി ത്യാഗവും ബലിയും ഉത്തരവാദിത്വങ്ങളും എസ്‌.എം.സി.സി പോലുള്ള ആത്മീയ സംഘടനകള്‍ വഴി കൂടുതല്‍ പ്രാവര്‍ത്തികമാക്കണമെന്ന്‌ അച്ചന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു. അന്‍ഷു ജോയിയുടെ മനോഹരമായ ഗാനാലാപനം ഹൃദ്യമായിരുന്നു. എസ്‌.എം.സി.സി ഭാരവാഹികളായ ജയിംസ്‌ അബ്രഹാം, ഷാജി ജോസഫ്‌, ബിജി കൊല്ലാപുരം, ജേക്കബ്‌ കുര്യന്‍, അനിതാ അക്കല്‍, സജി വര്‍ഗീസ്‌, എക്‌സ്‌ ഒഫീഷ്യോ ജോസഫ്‌ തോട്ടുകണ്ടത്തില്‍, നാഷണല്‍ ബോര്‍ഡ്‌ അംഗം കുര്യാക്കോസ്‌ തുണ്ടിപറമ്പില്‍ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനറിപ്പോര്‍ട്ട്‌ എസ്‌.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ അവതരിപ്പിച്ചു. ആന്റോ കവലയ്‌ക്കലിന്റെ നേതൃത്വത്തില്‍ സന്നിഹിതരായിരുന്നവര്‍ക്ക്‌ ലഘുഭക്ഷണം വിതരണം ചെയ്‌തു. ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റ്‌ ജോയിച്ചന്‍ പുതുക്കുളം, സംഗമം എഡിറ്റര്‍ ജോസ്‌ ചേന്നിക്കര എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. റോയി നെടുങ്ങോട്ടില്‍ ഉദ്‌ഘാടന ചടങ്ങിന്റെ അവതാരകനായിരുന്നു. ഷിബു അഗസ്റ്റിന്റെ കൃതജ്ഞതാ പ്രകടനത്തോടെ പരിപാടികള്‍ സമാപിച്ചു. എസ്‌.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.