You are Here : Home / USA News

ഗാന്ധിജിയെ പ്രതിമയാക്കി നേതാക്കള്‍ അസമാധാനം തീര്‍ക്കുന്നു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, October 11, 2015 12:21 hrs UTC

ഫിലഡല്‍ഫിയ: ഗാന്ധിജിയെ കേവലം പ്രതിമയാക്കി നേതാക്കള്‍ അസമാധാനം തീര്‍ക്കുന്നുവെന്ന് 'ഓര്‍മ' ഗാന്ധിജയന്തിയാഘോഷ പ്രഭാഷണങ്ങള്‍ രോദനം കൊണ്ടു. 'ഓര്‍മ' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍ ഫിലഡല്‍ഫിയയില്‍ നേതൃത്വം നല്‍കിയ ഗാന്ധിജയന്തി ആഘോഷത്തില്‍ ''ഇന്നത്തെ ലോകത്തും നമ്മുടെ സമൂഹത്തിലും ഗാന്ധിസത്തിന്റെ പ്രസക്തി'' എന്ന വിഷയത്തില്‍ പ്രഭാഷണങ്ങളും, ചര്‍ച്ചയും, ഗാന്ധി അനുസ്മരണ സംഗീതവും നടന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെമ്പര്‍ സിമി റോസ്‌ബെല്‍ ജോണ്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഗാന്ധിജിയുടെ ചിത്രം പതിച്ച പച്ച നോട്ടുകെട്ടുകളുടെ പെരുക്കമാണ് ജീവിത ദൗത്യമെന്ന് ചിന്തിക്കുന്നവരില്‍ഗാന്ധിസം പീഡിപ്പിക്കപ്പെടുന്നു. പുതു തലമുറ ഈ തിരിച്ചറിവിലേക്കു വരുവാന്‍ കേരള കുടുംബ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷനെ പോലുള്ള സൗഹൃദ വേദികള്‍ ലോകത്തെല്ലായിടത്തും വ്യാപിക്കണം.

 

കേരളത്തിലെ ഉദ്യോഗ സംസ്‌കാരം കേരള സംസ്‌കാരത്തിന്റെ സൂചികയാണ്. കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നല്ല ഉദ്യോഗ സംസ്‌കാരത്തിനു വേണ്ടി ഗാന്ധിജിയുടെ തത്വങ്ങളിലൂന്നി നിലകൊള്ളുന്നു. ഉദ്യോഗം ലഭിച്ചു കഴിയുന്നവരുടെ നിലപാടുകളിന്മേല്‍ പി എസ്സ് സിയ്ക്ക് നിയന്ത്രണമില്ല എന്നതു വാസ്തവം.കെ പി എസ്സ് സി മെംബര്‍ സിമ്മി റോസ് ബെല്‍ ജോണ്‍ ഗാന്ധി ജയന്തി സന്ദേശം നല്കി പറഞ്ഞു. ഓര്‍മാ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജോര്‍ജ് നടവയല്‍ “ഗാന്ധിദര്‍ശനപ്രസക്തി” എന്ന വിഷയം അവതരിപ്പിച്ചു. സേവന നിരതരായി പൗരബോധത്തോടെ വര്‍ത്തിക്കുന്നവരിലൂടെ ഗാന്ധി എന്നും ജീവിക്കും, പക്ഷേ ഗാന്ധിമാര്‍ഗം തുടരുന്നവരുടെ എണ്ണം പരിമിതമകുന്നതാണ് ഇന്നത്തെ ലോകവിപത്തിന്നു ഹേതു. ഉപഭോകതാക്കള്‍ക്ക് യജമാനസ്ഥാനം നല്‍കുന്ന സംസ്‌കാരം, വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ ആത്മാവിനും മനസ്സിനും ശരീരത്തിനും സമഗ്ര വളര്‍ച്ച പകരുന്ന വിദ്യഭ്യാസ്സ നയം, പേവിഷത്തെതരുവു നായ്ക്കളെ ഹിംസിക്കുന്ന അഹിംസ, മാതാ പിതാ ഗുരൂര്‍ ദൈവം എന്ന ദര്‍ശനമുള്ള രാഷ്ടീയവും മതവും ഉള്‍പ്പെടുന്ന സാര്‍വ ജനീനവും കാലാതിവര്‍ത്തിയായതുമായ ദര്‍ശനങ്ങളാണ് ഗാന്ധിസം നല്കുന്നത്.

 

ഗുരു ശ്രേഷ്ഠാ അവാര്‍ഡ് ജേതാവും വിഖ്യാത സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. ജോണ്‍ മേലേപ്പുറം, എക്യൂമെനിക്കല്‍ ഫെലോഷിപ് ചെയര്‍മാന്‍ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ ജനറല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, ഫൊക്കാനാ ആര്‍ വി പി ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍വിവിധ വീക്ഷണങ്ങളില്‍ ഗാന്ധിദര്‍ശന പ്രസക്തിയെക്കുറിച്ച് പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. ഓര്‍മാ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ സ്വാഗതവും ആലീസ് ആറ്റുപുറം നന്ദിയും പറഞ്ഞു. മഹിമാ ജോര്‍ജ് എം സി ആയി. ഫൊക്കാനാ മുന്‍ വൈസ് പ്രസിഡന്റ് അലക്‌സ് തോമസ് , ഐ എന്‍ ഓ സി ദേശീയ സമിതി അംഗം അറ്റേണി ജോസ് കുന്നേല്‍, ഓര്‍മ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ചെറിയാന്‍, തിരുവല്ലാ അസ്സോസിയേഷന്‍ പ്രസിഡന്റ് തോമസ് പോള്‍, ഓര്‍മാ ചാപ്റ്റര്‍പ്രസിഡന്റ് ഫ്രാന്‍സീസ് പടയാറ്റില്‍, നാടക കലാകാരന്‍ഷാജി മിറ്റത്താനി, സാമൂഹിക പ്രവര്‍ത്തകരായ മാത്യൂ തരകന്‍, ജോര്‍ജ് കുട്ടി അമ്പാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ വിഭിന്ന കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിച്ചു.

 

ഓര്‍മാ ചാപ്റ്റര്‍ ട്രഷറാര്‍ ജോസ് പാലത്തിങ്കല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി. ഓര്‍മാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ജെറീ ജെയിംസ് സംഗീതം ആലപിച്ചു. ഗതകാല കേരള കുടുംബമൂല്യങ്ങളുടെ പ്രചാരകര്‍ എന്ന കാഴ്ച്ചപ്പാടും (വിഷന്‍) കേരള നന്മകള്‍വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യുവാന്‍ സംഘടിക്കുന്നവര്‍ എന്ന ദൗത്യവുമാണ് (മിഷന്‍) വിദേശരാജ്യങ്ങളിലെ മലയാളികളുടെ സംഘടനയായ ''ഓര്‍മ്മ''യുടെ കാതല്‍. മുന്‍ മേഘാലയാ ഗവര്‍ണ്ണര്‍ എം. എം. ജേക്കബ്, ഡോ. എം.വി . പിള്ള എന്നിവരാണ് ഓര്‍മ്മയുടെ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസ്സിയേഷന്‍) രക്ഷാധികാരികള്‍. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കാലിഫോര്‍ണിയ, ഡാളസ്, ഫ്‌ളോറിഡ, നോര്‍ത്ത് കരോളിനാ, പെന്‍സില്‍വേനിയാ എന്നിവിടങ്ങളില്‍ ഓര്‍മ്മയുടെ ചാപ്റ്ററുകളുണ്ട്. കാനഡ, യൂറോപ്പ്, ഗള്‍ഫ്, ആസ്‌ട്രേലിയ എന്നീ ദേശങ്ങളില്‍ ഓര്‍മ്മാ ചാപ്റ്ററുകളുടെ രൂപീകരണം പുരോഗമിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.