You are Here : Home / USA News

ടോമി ചേന്നാട്ടിന്റെ നിര്യാണത്തില്‍ ഫിലഡല്‍ഫിയ സമൂഹം തേങ്ങുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 14, 2015 12:14 hrs UTC

. ഫിലഡല്‍ഫിയ: മലയാളി സമൂഹത്തിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും സാമൂഹ്യ-രാഷ്‌ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ടോമി ചേന്നാട്ട്‌ ഒക്‌ടോബര്‍ ഒമ്പതാം തീയതി നിര്യാതനായി. അദ്ദേഹത്തിന്റെ ആകസ്‌മിക നിര്യാണം ഇവിടുത്തെ മലയാളികള്‍ക്കു മാത്രമല്ല, ഇന്‍ഡ്യന്‍ സമൂഹത്തിനു പൊതുവെ ദുഖകരമായി. സമൂഹത്തിലെ വിവിധ നേതാക്കള്‍ അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അനുശോചനവും പ്രാര്‍ത്ഥനകളും നേര്‍ന്നു. 1936 ഡിസംബര്‍ 28-ന്‌ ബെനവഞ്ചര്‍ ചേന്നാട്ട്‌ -മേരി കളത്തിവീട്ടില്‍ ദമ്പതികളുടെ എട്ടു മക്കളില്‍ ദ്വിതീയനായി ജനിച്ച ടോമി ബി ചേന്നാട്ട്‌ അറുപതുകളില്‍ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തി. 1972 ജൂലൈ 20-നായിരുന്നു ഡോ. മറിയാമ്മ പതപ്പിള്ളിയുമായുള്ള വിവാഹം. വാഷിംഗ്‌ടണ്‍ ഡി.സിയിലുള്ള ഹൊവാര്‍ഡ്‌ യൂണിവേഴ്‌സിറ്റിയിലെ പഠനം പൂര്‍ത്തിയാക്കിയശേഷം ചേന്നാട്ട്‌ ദമ്പതികള്‍ ഫിലഡല്‍ഫിയ തങ്ങളുടെ സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്തു. പെന്‍സില്‍വേനിയ റെഗുലേറ്ററി കമ്മീഷനില്‍ സേവനം അനുഷ്‌ഠിക്കുമ്പോഴാണ്‌ അദ്ദേഹം ബിസിനസ്‌ രംഗത്തേക്ക്‌ കടന്നുവരുന്നത്‌. 7-11 ഫ്രാഞ്ചൈസിന്റെ ഉടമ, ഫിലഡല്‍ഫിയ - ബാംഗ്ലൂര്‍ കണ്‍സഷട്ടിംഗിന്റെ പാര്‍ട്‌ണര്‍ എന്നീ നിലകളില്‍ സേവനം ചെയ്‌തു. സാമൂഹ്യരംഗത്ത്‌ മഹത്തായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഫിലഡല്‍ഫിയയിലെ മലയാളി സംഘടനകളില്‍ ഒന്നായ `കല'- മലയാളി അസോസിയേഷന്‍ ഓഫ്‌ ഡെലവെയര്‍വാലിയുടെ അംഗമായിരുന്നെങ്കിലും അദ്ദേഹം ഏതു മലയാളി സംരംഭത്തിനും പിന്തുണ നല്‍കിയിരുന്നു. അമേരിക്കന്‍ പൗരന്മാരായ ഇന്ത്യക്കാരെ അമേരിക്കന്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച NAAAID (National Association of Americans of Asian Indian Deseent) എന്ന സംഘടനയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. വൈ.എം.സി.എ തുടങ്ങിയ പ്രസ്ഥാനങ്ങളിലും സജീവമായിരുന്നു. എല്ലാ മതവിഭാഗങ്ങളേയും സ്‌നേഹിക്കുകയും, ആദരിക്കുകയും സഹായിക്കുകയും ചെയ്‌തിരുന്ന ടോമി പല വിഭാഗങ്ങളുടേയും ദേവാലയം നിര്‍മ്മിക്കുന്നതില്‍ മുമ്പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സങ്കുചിത ചിന്തകള്‍ക്കതീതനായിരുന്നു പരേതന്‍. നിര്യാതനായ ടോമിയുടെ പത്‌നി ഡോ. മറിയാമ്മ ചേന്നാട്ട്‌. മക്കള്‍: ഡോ. ജെന്നിഫര്‍ (ഭര്‍ത്താവ്‌: റയാന്‍ (ക്രെസ്‌ക്കോണ്ടോ), ക്രിസ്റ്റീന (ഭര്‍ത്താവ്‌: ഡോ. രവി ഗോയല്‍). സഹോദരന്മാര്‍: ജോര്‍ജ്‌, ജോസഫ്‌, ആന്റണി, ജേക്കബ്‌, സഹോദരി: ലീന സ്റ്റീഫന്‍. അദ്ദേഹത്തിന്റെ പരേതരായ രണ്ടു സഹോരന്മാരാണ്‌ കാസ്‌പറും റാഫേലും. വെയ്‌ക്‌ സര്‍വീസ്‌ ഒക്‌ടോബര്‍ 14-ന്‌ വൈകുന്നേരം 5.30 മുതല്‍ രാത്രി 8 വരെ 736 ഈസ്റ്റ്‌ ലങ്കാസ്റ്റര്‍ അവന്യൂവിലുള്ള ജെയിംസ്‌ ടെറി ഫ്യൂറണല്‍ ഹോമില്‍. ശവസംസ്‌കാര ശുശ്രൂഷകള്‍ 107 നോര്‍ത്ത്‌ ഷിപ്പ റോഡിലുള്ള സെന്റ്‌ ഫിലിപ്പ്‌ & സെന്റ്‌ ജെയിംസ്‌ കാത്തലിക്‌ ചര്‍ച്ചില്‍ 15-ന്‌ രാവിലെ 10.45 മുതല്‍. ശുശ്രൂഷകള്‍ക്ക്‌ മുമ്പ്‌ ഒരു മണിക്കൂര്‍ വ്യൂവിംഗ്‌ ഉണ്ടായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.