You are Here : Home / USA News

പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരേയും വിജയിച്ചവരേയും ജെ.എഫ്‌.എ ആദരിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 22, 2015 11:21 hrs UTC

ന്യൂയോര്‍ക്ക്‌: പ്രസംഗകലയില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ 2015 സെപ്‌റ്റംബര്‍ 12-ന്‌ യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ സഹകരണത്തോടെ ജെ.എഫ്‌.എ നടത്തിയ പ്രസംഗ മത്സരത്തില്‍ പങ്കെടുത്തവരേയും വിജയിച്ചവരേയും ആദരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നവംബര്‍ 28-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ 1500 സെന്‍ട്രല്‍ പാര്‍ക്ക്‌ അവന്യൂവിലുള്ള യോങ്കേഴ്‌സ്‌ പബ്ലിക്‌ ലൈബ്രറിയുടെ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടക്കുന്ന പബ്ലിക്‌ മീറ്റിംഗില്‍ ആയിരിക്കും മത്സരത്തില്‍ വിജയിച്ചവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡുകളും, പങ്കെടുത്തവര്‍ക്കെല്ലാം സ്റ്റേറ്റിന്റേയും യോങ്കേഴ്‌സ്‌ സിറ്റിയുടേയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നത്‌. കഴിഞ്ഞവര്‍ഷത്തെപ്പോലെ തന്നെ ഈവര്‍ഷവും ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍മാരുടേയും, അസംബ്ലി മെമ്പര്‍മാരുടേയും, യോങ്കേഴ്‌സ്‌ സിറ്റി മേയര്‍, സിറ്റി കൗണ്‍സില്‍ മെമ്പര്‍മാര്‍ എന്നിവര്‍ക്കു പുറമെ സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളുടേയും, മത നേതാക്കളുടേയും സാന്നിധ്യത്തില്‍ വെച്ചായിരിക്കും കുട്ടികളെ ആദരിക്കുക.

 

ഒരു നാഷണല്‍ പ്രസ്ഥാനമായ ജെ.എഫ്‌.എയ്‌ക്ക്‌ യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി നല്‍കിയ നിസ്‌തുലമായ ഒന്നുമാത്രമാണ്‌ പ്രസംഗമത്സരം യോങ്കേഴ്‌സില്‍ വെച്ചു നടത്താന്‍ കാരണം. സമൂഹ നന്മയ്‌ക്കുവേണ്ടി ജസ്റ്റീസ്‌ ഫോര്‍ ഓള്‍ ചെയ്യുന്ന എല്ലാ നല്ല ഉദ്യമങ്ങള്‍ക്കും ന്യൂയോര്‍ക്ക്‌ സ്റ്റേറ്റിന്റേയും യോങ്കേഴ്‌സ്‌ സിറ്റിയുടേയും പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നുള്ളതിനു തെളിവായിരുന്നു കഴിഞ്ഞവര്‍ഷം വളരെ തിരക്കായിരുന്നിട്ടുകൂടി യുണൈറ്റഡ്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ മെമ്പര്‍ എലിയറ്റ്‌ എംഗല്‍ മുതല്‍ സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍ വരെ പങ്കെടുക്കാന്‍ കാരണം. ഇത്തവണ സ്‌പോണ്‍സര്‍മാരായി കൈരളി ടിവി യു.എസ്‌എ, ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ തുടങ്ങിയ പ്രമുഖ പ്രസ്ഥാനങ്ങളും, ഉദാരമതികളായ വ്യക്തികളും മുന്നോട്ടുവന്നിരിക്കുന്നത്‌ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഇത്തരം സംരംഭങ്ങളോടുള്ള ജനപിന്തുണയായി കണക്കാക്കാവുന്നതാണ്‌. മത്സരത്തില്‍ പങ്കെടുത്ത കുട്ടികളധികവും ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌ എന്നീ സ്റ്റേറ്റുകളില്‍നിന്നുള്ളവരായിരുന്നു. മത്സരത്തില്‍ കേരളക്കാര്‍ക്ക്‌ പുറമെ ഇന്‍ഡ്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളും പങ്കെടുത്തു എന്നുള്ളത്‌ ശ്രദ്ധേയമായിരുന്നു. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുവേണ്ടി തെരഞ്ഞെടുത്ത വിഷയം `Need of Educational Reform in America ' എന്നതായിരുന്നു. ഇന്ന്‌ അമേരിക്കന്‍ ഗവണ്‍മെന്റുവരെ ഈ വിഷയത്തെപ്പറ്റി തലപുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരിക്കുന്നു.

 

പ്രസ്‌തുത വിഷയത്തില്‍ കൊച്ചു കുട്ടികള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലി ഷെല്ലി മേയര്‍ അതിശയിച്ചുപോയി. എന്നു മാത്രമല്ല ഇത്രയും കഴിവുള്ള കുട്ടികള്‍ നാളെയുടെ വാഗ്‌ദാനങ്ങളാണെന്നും അവരുമായി ഒരു ഡിബേറ്റ്‌ തന്നെ നടത്തേണ്ടിരിക്കുന്നു എന്നും പറയുകയുണ്ടായി. 13 വയസുമുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി തെരഞ്ഞെടുത്ത വിഷയം `School Shootings and Bullying in Americas Schools Solutions' എന്നതായിരുന്നു. ജഡ്‌ജസിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളില്‍ ഒന്നാം സ്ഥാനത്തിന്‌ അര്‍ഹരായത്‌ തുല്യമാര്‍ക്കുകള്‍ കിട്ടിയ മാര്‍ക്ക്‌സ്‌ സ്‌കറിയ, ജസ്റ്റിന്‍ ജിയോ എന്നിവരാണ്‌. രണ്ടാം സ്ഥാനം അരിന്‍ രവീന്ദ്രനും, മൂന്നാം സ്ഥാനം മാഹി വക്കീല്‍ എന്നിവരും കരസ്ഥമാക്കി. 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ക്രിസ്റ്റോ പുളിക്കല്‍ ഒന്നാംസ്ഥാനവും, ക്രിസ്റ്റി ജോസ്‌ രണ്ടാം സ്ഥാനവും അഷിറ്റാ അലക്‌സ്‌ മൂന്നാംസ്ഥാനവും നേടി. കൂടാതെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്കുള്ള പ്രൊമോഷണല്‍ അവാര്‍ഡ്‌ ഷെറില്‍ ഫ്രാന്‍സീസ്‌ എന്ന കുട്ടിക്കും, 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കുള്ള പ്രൊമോഷണല്‍ അവാര്‍ഡ്‌ എമി തോമസിനും ലഭിക്കുകയുണ്ടായി. ജസ്റ്റീസ്‌ ഫോര്‍ ഓള്‍ എന്ന സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ച്‌, തന്റെ മികവു തെളിയിച്ച ഹ്യൂമന്‍ റൈറ്റ്‌സ്‌ ആക്‌ടിവിറ്റ്‌സും സാമൂഹ്യ പ്രവര്‍ത്തകയുമായ മോളി ജോണിന്റെ പേരക്കുട്ടി റിയാന്‍ ജോയി തോമസ്‌ എന്ന പതുതവയസുകാരന്‍ ജെ.എഫ്‌.എയുടെ സെപ്‌ഷല്‍ ക്യാഷ്‌ അവാര്‍ഡിന്‌ അര്‍ഹനായി. മറ്റ്‌ ഇതര കമ്യൂണിറ്റികളില്‍ നിന്നുള്ളവരോട്‌ നീതി പുലര്‍ത്തേണ്ടത്‌ ആവശ്യമെന്നു തോന്നിയതിന്റെ വെളിച്ചത്തില്‍ 12 വയസില്‍ താഴെയുള്ള റോഹിന്‍ സാഹുവിനെ ജെ.എഫ്‌.എയുടെ പ്രൊമോഷണല്‍ അവാര്‍ഡിന്‌ തെരഞ്ഞെടുക്കയുണ്ടായി. ജയിലില്‍ കിടക്കുന്നവരെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും അവര്‍ക്ക്‌ പറ്റുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുക എന്ന ഉദ്ദേശത്തോടെ തുടക്കമിട്ട ജെ.എഫ്‌.എ (ജസ്റ്റീസ്‌ ഫോര്‍ ഓള്‍) ഇന്ന്‌ സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്‌.

 

ഇന്ന്‌ ലോക ഗവണ്‍മെന്റുകളും, യുണൈറ്റഡ്‌ നേഷന്‍സ്‌ വരെ ഹ്യൂമന്‍ റൈറ്റ്‌സിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുകയും അവരെ പ്രോസ്‌താഹിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നോബല്‍ പ്രൈസ്‌ ലഭിച്ച മലാലയെപ്പോലെ ധൈര്യ സമേതം പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ്‌ നമുക്ക്‌ ആവശ്യം. ജെ.എഫ്‌.എയുടെ മുഖ്യ ഇദ്ദേശങ്ങളിലൊന്ന്‌ അത്തരത്തിലുള്ളവരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയുമാണെന്ന കാര്യം ഇവിടെ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സ്റ്റേറ്റില്‍ നിന്നും, യോങ്കേഴ്‌സ്‌ സിറ്റിയില്‍ നിന്നുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനാല്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരും അവരുടെ മാതാപിതാക്കളോടും, സുഹൃത്തുക്കളോടുംമൊപ്പം ഈ പരിപാടിയില്‍ പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന്‌ താത്‌പര്യപ്പെടുന്നു. പ്രസിദ്ധ നര്‍ത്തകി ലിസാ ജോസഫിന്റ നാട്യമുദ്ര സ്‌കൂള്‍ ഓഫ്‌ ഡാന്‍സിന്റെ കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: തോമസ്‌ കൂവള്ളൂര്‍ 914 409 5772, എം.കെ. മാത്യൂസ്‌ 914 806 5007, അനില്‍ പുത്തന്‍ചിറ (732 319 6001, ഇട്ടന്‍ ജോര്‍ജ്‌ പാടിയേടത്ത്‌ 914 419 2395. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.