You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സ്; മാധ്യമരംഗത്തെ ചലനങ്ങള്‍ ചര്‍ച്ചാ വിഷയം

Text Size  

Story Dated: Saturday, October 24, 2015 11:32 hrs UTC

ജോര്‍ജ് ജോസഫ്

ജനാധിപത്യം കൊണ്ടുവന്ന മുല്ലപ്പൂ വിപ്ലവത്തിനു വഴിയൊരുക്കുന്ന മാധ്യമങ്ങള്‍ തന്നെ പിന്തിരിപ്പന്‍ പ്രതിലോമ ശക്തികളെ അധികാരത്തിലേറ്റുന്നതിനും മുഖ്യ പങ്കുവഹിക്കുമ്പോ ള്‍ മാധ്യമങ്ങളുടെ പ്രസക്തി മുമ്പത്തെക്കാള്‍ വര്‍ധിച്ചിരിക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പരമ്പരാഗത മാധ്യമങ്ങളും, നവമാധ്യമങ്ങളും ജനജീവിതത്തെ മാറ്റിമറിക്കുന്നു. മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുന്ന ഈ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വൈവിധ്യമാര്‍ന്ന സെമിനാറുകളാണ് ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോയില്‍ അടുത്തമാസം സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സിനെ വ്യത്യസ്തമാക്കുന്നത്. മാധ്യമങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയങ്ങളാണ് എക്കാലവും ഇന്ത്യ പ്രസ്‌ക്ലബ് വേദിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. അഭിപ്രായ വ്യത്യാസത്തിനും അറിയാനുള്ള സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന അവസ്ഥ പല ഭാഗങ്ങളിലുമുണ്ട്. ഭിന്നാഭിപ്രായങ്ങളോട് അസഹിഷ്ണത കാട്ടുകയും അവയെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചു വരുന്നു.

കാര്യങ്ങളെ വ്യക്തമായി അപഗ്രഥിക്കാതെ ഒരുവിഭാഗത്തിന്റെ സ്തുതിപാഠകരായി മാധ്യമങ്ങള്‍ മാറുന്ന അവസ്ഥയും ചിലപ്പോള്‍ കാണാറുണ്ട്. പിന്നീട് വിമര്‍ശനവുമായി വരുമ്പോള്‍ മുമ്പ് സ്തുതിച്ചവര്‍ തന്നെ എതിര്‍പ്പിന്റെ ശബ്ദങ്ങളുയര്‍ത്തുന്നു. ഇന്ത്യയില്‍ ഇത്തരമൊരു അവസ്ഥയുണ്ടോ? സ്വാതന്ത്ര്യത്തിനു മേല്‍ കരിനിഴല്‍ വീഴുന്നുണ്ടോ? എങ്കില്‍ ആരാണ് ഇതിന് ഉത്തരവാദി? കോര്‍പ്പറേറ്റുകളുടെ അധീനതയില്‍ മാധ്യമ രംഗം ജനാധിപത്യ നിലപാടുകളില്‍ വെള്ളം ചേര്‍ക്കേണ്ടി വരുന്നുണ്ടോ? സുപ്രധാനമായ ഈ വിഷയം അവതരിപ്പിക്കുന്നത് കേരള പ്രസ് അക്കാഡമി ചെയര്‍മാനും ദീപികയുടെ ലീഡര്‍ റൈറ്റുമായ സെര്‍ജി ആന്റണിയാണ്. കാല്‍നൂറ്റാണ്ടിലേറെയായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെര്‍ജി ആന്റണി, വിവിധ നഗരങ്ങളില്‍ റിപ്പോര്‍ട്ടറായും പത്രാധിപ സമിതി അംഗമായും പ്രവര്‍ത്തിച്ചു. കാലഘട്ടത്തിന്റെ നാടിമിടിപ്പ് നേരിട്ടറിഞ്ഞ വ്യക്തിയാണ്. മാറിപ്പോകുന്ന കാലത്തിന്റെ യഥാര്‍ത്ഥമായ ചിത്രമാണ് സെമിനാറില്‍ അദ്ദേഹം വരച്ചുകാട്ടുക. കേരളത്തിലെ വാര്‍ത്താ ടെലിവിഷന്‍ രംഗത്തെപ്പറ്റി പറയുമ്പോള്‍ നിരുത്തരവാദപരം എന്നാണ് ആരും ആദ്യം പറയുക. ആരെപ്പറ്റിയും എന്തിനെപ്പറ്റിയും വാര്‍ത്തയുണ്ടാകും. അ തിന്റെ ആധികാരികതയോ വിശ്വാസ്യതയോ പരിശോധിക്കുന്നില്ല. എതിരഭിപ്രായമുള്ളവരില്‍ നിന്ന് അതു കേള്‍ക്കുന്നില്ല. ഇതിനൊക്കെ പറയുന്ന ന്യായങ്ങള്‍ തങ്ങള്‍ കൊടുത്തില്ലെങ്കില്‍ മറ്റു ചാനലുകള്‍ കൊടുക്കുമെന്നാണ്. അമേരിക്കയിലാണെങ്കില്‍ വമ്പന്‍ കേസുകള്‍ക്ക് വഴിയൊരുക്കാവുന്നതാണ് ഇവയില്‍ പലതും. ടെലിവിഷന്‍ രംഗം ഇത്തരം സെന്‍സേഷണലിസം പിന്തുടരുന്നത് എന്തുകൊണ്ട്? അത് എത്രകാലം തുടരും? അതോ ഇതിനകം തന്നെ ടിവി രംഗം സ്വയം ശുദ്ധീകരണവും സ്വയം സെന്‍സര്‍ഷിപ്പും ആരംഭിച്ചു കഴിഞ്ഞോ? ഈ വിഷയത്തെപ്പറ്റിയാണ് ഏഷ്യാനെറ്റിലെ വമ്പന്‍ ഹിറ്റ് പരിപാടിയായ നേര്‍ക്കു നേരിന്റെ അവതാരകനായ സുരേഷ് കുമാര്‍ ചര്‍ച്ച നയിക്കുക. നവ മാധ്യമങ്ങള്‍ നമ്മുടെ കാഴ്ചപ്പാടിനെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന വിഷയവും മറ്റു പാനലിസ്റ്റുകള്‍ക്കൊപ്പം അദ്ദേഹം ചര്‍ച്ചാ വിഷയമാക്കും. അമേരിക്കയിലും മറ്റും പ്രിന്റ് മാധ്യമങ്ങള്‍ തകരുമ്പോള്‍ ഇന്ത്യയില്‍ അവയുടെ സുവര്‍ ണകാലമാണ്. ദശലക്ഷക്കണക്കിനു കോപ്പികള്‍ അടിക്കുന്ന പത്രങ്ങള്‍ ഹിന്ദിയിലും തമിഴിലും കൊച്ചു കേരളത്തില്‍ പോലുമുണ്ട്. അമേരിക്കയിലും പണ്ട് ഇതുതന്നെയായിരുന്നു സ് ഥിതി. ഇന്ത്യയിലെ പ്രിന്റ് മാധ്യുമങ്ങളുടെ സുവര്‍ണകാലം എത്രനാള്‍ നിലനില്‍ക്കും? പ്രി ന്റ് മീഡിയയുടെ ഭാവി എന്ന വിഷയമാണ് മനോരമ ഓണ്‍ലൈന്‍ കണ്ടന്റ് കോര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് അവതരിപ്പിക്കുന്നത്. പ്രിന്റ് മീഡിയയിലൂടെ വന്ന് ഓണ്‍ലൈനിലേക്ക് ചേക്കേറിയ സന്തോഷ് ഈ രണ്ട് രംഗത്തെപ്പറ്റിയും ആധികാരികമായി വിലയിരുത്താന്‍ പ്രാപ്തരായ ചുരുക്കം ചിലരിലൊരാളാണ്. കടലാസില്‍ പത്രം വായിക്കുന്നതിനു പകരം ഫോണിലെ ടാബ്‌ലറ്റിലോ ഒക്കെ ഭാവിയില്‍ കട്ടന്‍കാപ്പിക്കൊപ്പം പത്രം വായിക്കുന്ന മലയാളിയെ സങ്കല്‍പിച്ചു നോക്കുക! അത് അത്ര വിദൂരമല്ല. പ്രിന്റ് മീഡിയ തകരുമ്പോഴും ഓണ്‍ലൈന്‍ മീഡിയ അതിനനുസരിച്ച് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. ഓണ്‍ലൈനിലില്‍ കാക്കത്തൊള്ളായിരം സൈറ്റുകളിലൂടെ വാര്‍ത്തകളും അര്‍ഹമായ പരിഗണന ലഭിക്കാതെ അവസാനിക്കുന്ന സ്ഥിതിയുണ്ട്. ഇതിനു പുറമെയാണ് ഫേസ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളുടെ വരവ്. പലരും ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു വരുന്ന വാര്‍ത്തകളാണ് വായിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ പത്രങ്ങളുടെ ഭാവിയും അത്ര ശുഭോദര്‍ക്കമല്ല. ഈ വിഷയത്തെപ്പറ്റിയും തന്റെ ചിന്താഗതികള്‍ സന്തോഷ് പങ്കുവയ്ക്കും. സമ്മേളനത്തിലെ പ്രധാനപ്പെട്ട രണ്ടു സെമിനാറുകള്‍ അവതരിപ്പിക്കുന്നത് കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസും, ഗുരുരത്‌നം ജ്ഞാനതപസ്വിയുമാണ്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളും അവയ്ക്ക് മാധ്യമങ്ങള്‍ പ്രേരകമാകുന്നതുമാണ് ബ്രിട്ടാസിന്റെ മാധ്യമങ്ങളും സമകാലീന ഇന്ത്യയും എന്ന സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുക. കേരളം മാറിപ്പോകുന്നതിനെപ്പറ്റി മുമ്പൊരു സെമിനാറില്‍ അമേരിക്കന്‍ മലയാളികള്‍ ആകൂലപ്പെട്ടപ്പോള്‍ ബ്രിട്ടാസ് പറഞ്ഞ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് മാറാം, പക്ഷെ കേരളത്തിലെ മലയാളികള്‍ക്ക് മാറ്റങ്ങള്‍ ഒന്നും പാടില്ല എന്നുണ്ടോ എന്നാണദ്ദേഹം തിരിച്ചു ചോദിച്ചത്. വിശാലമായ പാടങ്ങളും പറമ്പും കാടും മേടുമൊക്കെ തങ്ങള്‍ അമേരിക്കയിലേക്ക് ചേക്കേറിയ കാലത്തെന്നപോലെ കേരളത്തില്‍ ഉണ്ടാവണമെന്ന അമേരിക്കന്‍ മലയാളിയുടെ ആഗ്രഹത്തിന്റെ കഴമ്പില്ലായ്മയാണ് അദ്ദേഹം സൂചിപ്പിച്ചത്. പ്രകൃതിയില്‍ മാത്രമല്ല കേരളീയ ചിന്താഗതിയില്‍ വന്ന മാറ്റവും ഇതോടൊപ്പം കൂട്ടിവായിക്കുക. കേരളത്തില്‍ പോലും മതങ്ങള്‍ വില്ലന്‍ വേഷത്തില്‍ സ്വാധീനം ചെലുത്തുന്ന ദുരവസ്ഥയുണ്ട്. കമ്യൂണിസവും സെക്കുലര്‍ ചിന്താഗതികളും തകര്‍ത്തുവെന്നു കരുതിയ ആസുര ശക്തികളും കാലഹരണപ്പെട്ട വിശ്വാസങ്ങളും പൂര്‍വാധികം ശക്തിയോടെ കേരളത്തില്‍ തിരിച്ചുവരുന്നു. മാധ്യമങ്ങളൊന്നും ഇതിനെപ്പറ്റി മിണ്ടുന്നില്ല. അഥവാ മിണ്ടാന്‍ ധൈര്യമില്ല. മിണ്ടിയാല്‍ ചിലപ്പോള്‍ വലിയ ആക്രമണങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. ഇത്തരമൊരു അവസ്ഥ കേരളത്തിലൂണ്ടായി എന്നത് ആശ്ചര്യകരമാണ്. മതശക്തികള്‍ക്ക് മാധ്യമങ്ങളിലെ സ്വാധീനം എന്ന വിഷയമാണ് മതേതരത്വത്തിന്റെ കേരളത്തിലെ ഏറ്റവും മികച്ച ആത്മീയ പ്രതിനിധിയായ ഗുരുരത്‌നം ജ്ഞാനതപസ്വി അവതരിപ്പിക്കുക. ആരാണ് അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന വിഷയമാണു അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുക. പത്രമോഫീസിനു മുന്നില്‍ കൂടി നടന്നു പോയതു പോലും പ്രസ്‌ക്ലബ് സ്ഥാപിക്കാനുള്ള യോഗ്യതയായി കരുതുന്നവരുള്ളപ്പോള്‍ ഈ വിഷയം ഏറെ ശ്രദ്ധേയമായിരിക്കും. കോണ്‍ഫറന്‍സ് നവംബര്‍ 19,20,21 തീയതികളില്‍ ചിക്കാഗോയിലെ വിന്‍ധം ഹോട്ടലിലാണ് നടക്കുക. കഴിയുന്നത്ര പേര്‍ സെമിനാറില്‍ പങ്കെടുക്കണമെന്നു ഐ.പി.സി.എന്‍.എ പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍, കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ക്ക്: ipcna.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.