You are Here : Home / USA News

പരി. പരുമല തിരുമേനിയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും കുരിശടി കൂദാശയും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, May 08, 2015 04:07 hrs UTC

സാന്‍അന്റോണിയോ: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സാന്‍ അന്റോണിയോ സെന്റ്‌ ജോര്‍ജ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തിലെ വി. ഗീവര്‍ഗീസ്‌ സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പുതുതായി പണികഴിപ്പിച്ച കുരിശടി കൂദാശയും, മലങ്കര സഭയുടെ മഹാപരിശുദ്ധനായ പരുമല കൊച്ചുതിരുമേനിയുടെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയും മെയ്‌ 1,2 (ശനി, ഞായര്‍) തീയതികളില്‍ സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും, വൈദീകരുടെ സഹകാര്‍മികത്വത്തിലും അനേകം വിശ്വാസികളെ സാക്ഷി നിര്‍ത്തി പ്രാര്‍ത്ഥനാപൂര്‍വ്വം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. മെയ്‌ രണ്ടാം തീയതി ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ നാലുമണിയോടെ ദേവാലയ കവാടത്തില്‍ എത്തിയ അഭി. തിരുമേനിയെ കത്തിച്ച മെഴുകുതിരികള്‍ പിടിച്ച്‌ വൈദീകരും, വിശ്വാസികളും ദേവാലയത്തിലേക്ക്‌ സ്വീകരിച്ച്‌ ആനയിച്ചു.

 

ഏതാണ്ട്‌ വൈകുന്നേരം 5.30-ന്‌ പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ പുതുതായി പണികഴിപ്പിച്ച കുരിശടി ശ്ശീബാ ഉയര്‍ത്തി നാലു ദിക്കുകളേയും ആശീര്‍വദിച്ച്‌ അഭി. തിരുമേനി നടത്തുകയുണ്ടായി. സന്ധ്യാനമസ്‌കാരത്തോടുകൂടി ആരംഭിച്ച തിരുശേഷിപ്പ്‌ പ്രതിഷ്‌ഠയിലും, വര്‍ണ്ണശബളമായ പെരുന്നാള്‍ റാസയിലും അനേകം വിശ്വാസികള്‍ കൊടി, മുത്തുക്കുട എന്നിവയേന്തിക്കൊണ്ട്‌ പങ്കുചേര്‍ന്ന്‌ അനുഗ്രഹങ്ങള്‍ പ്രാപിച്ചു. പ്രധാന പെരുന്നാള്‍ ദിനമായ മെയ്‌ മൂന്നാം തീയതി അഭി. തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും വൈദീകരുടെ സഹകാര്‍മികത്വത്തിലും ബലിയര്‍പ്പിക്കുകയും, അഭി. തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തുകയും ചെയ്‌തു. തദവസരത്തില്‍ ആത്മീയ സംഘടനകളുടെ വാര്‍ഷികവും സമ്മാനദാനവും നടത്തപ്പെട്ടു. ഉച്ചയ്‌ക്ക്‌ നടന്ന പെരുന്നാള്‍ റാസയിലും തുടര്‍ന്ന്‌ നടന്ന ശ്ശൈഹീക വാഴ്‌വിലും, വെച്ചൂട്ട്‌ നേര്‍ച്ചയിലും ധാരാളം ഭക്തജനങ്ങള്‍ പങ്കുചേര്‍ന്ന്‌ വി. ഗീവര്‍ഗീസ്‌ സഹദായുടെ മധ്യസ്ഥതയില്‍ അനുഗ്രഹങ്ങള്‍ പ്രാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.