You are Here : Home / USA News

സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌, മലങ്കര സഭകളുടെ വിജയം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 14, 2015 03:43 hrs UTC

ഡാലസ്‌: സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ മലങ്കര സഭകളുടെ വിജയത്തെ ആണ്‌ സൂചിപ്പിക്കുന്നതെന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവ കോണ്‍ഫറന്‍സ്‌ സമാപന സമ്മേളനത്തില്‍ ഉത്‌ബോധിപ്പിച്ചു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ വെറും ചടങ്ങില്‍ സംബന്ധിക്കുന്നവര്‍ ആകാതെ ആത്മീയമായി പുതുക്കപ്പെടണമെന്ന്‌ സൂചിപ്പിച്ചു. ജൂലൈ എട്ടാം തീയതി വര്‍ണ്ണപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടുകൂടി തുടങ്ങിയ കോണ്‍ഫറന്‍സ്‌ പരിശുദ്ധ ബാവാ തിരുമേനി ഉദ്‌ഘാടനം ചെയ്‌തു. ജുലൈ ഒമ്പതാംതീയതിയും പത്താംതീയതിയും `ഭവനം ഒരു ദേവാലയം' എന്ന ചിന്താവിഷയത്തെ ആധാരമാക്കി മുഖ്യപ്രാസംഗീകന്‍ റവ.ഫാ. വര്‍ഗീസ്‌ വര്‍ഗീസ്‌ പ്രഭാഷണവും ക്ലാസുകളും എടുത്തു. ഭവനത്തില്‍ സ്‌ത്രീകളുടെ സ്ഥാനം മഹത്തരമാണെന്നും, കുടുംബം മുഴുവന്‍ സ്വാധീനിക്കാനുള്ള സ്‌ത്രീകളുടെ കഴിവ്‌ അപാരമാണെന്നും പറഞ്ഞു. ദൈവവുമായി നേരിട്ട്‌ ആത്മബന്ധം സ്ഥാപിക്കുകയും അതിലൂടെ ദൈവസാന്നിധ്യം ഭവനത്തില്‍ മുഴുവന്‍ അനുഭവവേദ്യമാകുകയും ചെയ്യുകയെന്നതും സ്‌ത്രീകള്‍ ഏറ്റെടുക്കേണ്ടതായ ദൗത്യമാണ്‌. സ്‌ത്രീകളുടെ കണ്ണീരോടെയുള്ള പ്രാര്‍ത്ഥന ഭവനത്തിലും ദേവാലയത്തിലും സമൂഹത്തിലും സമാധനവും ഐശ്വര്യവും ഉണ്ടാക്കും. `അമ്മ പുരോഹിത' എന്ന വിശേഷണം സ്‌ത്രീകള്‍ക്ക്‌ പുരാതനകാലം മുതല്‍ ഉള്ളതാണ്‌. കോണ്‍ഫറന്‍സില്‍ സഭാ വൈദീക ട്രസ്റ്റി റവ ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ഏകദേശം എണ്ണൂറ്‌ ആളുകള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ്‌ ചിട്ടയായ പ്രവര്‍ത്തനംകൊണ്ടും മികച്ച ക്ലാസുകള്‍കൊണ്ടും മികവുറ്റതായി. ഭദ്രാസന ഡയറക്‌ടറി പരിശുദ്ധ ബാവാ തിരുമേനി ആദ്യകോപ്പി റവ.ഫാ. രാജു ദാനിയേലിനു നല്‍കി പ്രകാശനം ചെയ്‌തു. തദവസരത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി പ്രിന്‍സ്‌ ഏബ്രഹാമിനേയും, ജിജു ജോണിനേയും പ്രത്യേകം അനുമോദിച്ചു. ജൂലൈ പതിനൊന്നിനു ശനിയാഴ്‌ച രാവിലെ പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരുന്നു. ഡാളസ്‌ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടന്ന ഈ കോണ്‍ഫറന്‍സ്‌ വന്‍ വിജയമാക്കിയ കോണ്‍ഫറന്‍സ്‌ ഡയറക്‌ടര്‍ റവ.ഫാ. മാത്യു അലക്‌സാണ്ടര്‍, സെക്രട്ടറി എല്‍സണ്‍ സാമുവേല്‍, ട്രഷറര്‍ ലജീത്ത്‌ മാത്യു എന്നിവരേയും കൂടെ പ്രവര്‍ത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളേയും പരിശുദ്ധ ബാവാ തിരുമേനിയും ഇടവക മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയും മുക്തകണ്‌ഠം പ്രശംസിച്ചു. 2018-ല്‍ ചിക്കാഗോയില്‍ ആണ്‌ അടുത്ത ഭദ്രാസന തല ഫാമിലി കോണ്‍റന്‍സ്‌ നടക്കുകയെന്ന്‌ ഭദ്രാസന മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.