You are Here : Home / USA News

മാര്‍വാലാഹ്‌ - ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ മുഖപത്രം പ്രകാശനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 17, 2015 10:14 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ മുഖപത്രമായ `മാര്‍വാലാഹിന്റെ' പ്രകാശനകര്‍മ്മം 2015 ജൂലൈ ഒന്നിന്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിര്‍വഹിച്ചു. രൂപത ഔദ്യോഗികമായി ആരംഭിച്ചതിന്റെ പതിനാലാം വാര്‍ഷിക ദിനത്തില്‍, മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രല്‍ ദേവാലയത്തിലെ കൃതജ്ഞതാ ബലിയര്‍പ്പണത്തിനുശേഷം നടന്ന പ്രകാശന കര്‍മ്മത്തില്‍ വൈദീകരും സന്യസ്‌തരും അത്മായ സഹോദരങ്ങളും ഉള്‍പ്പടെ നൂറുകണക്കിന്‌ ആളുകള്‍ പങ്കെടുത്തു. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയ്‌ ആലപ്പാട്ട്‌ പത്രത്തിന്റെ കോപ്പി മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവില്‍ നിന്ന്‌ ഏറ്റുവാങ്ങി.

 

`മാര്‍വാലാഹ്‌' എന്ന പേര്‌ രണ്ട്‌ സുറിയാനി പദങ്ങളുടെ സമുച്ചയമാണ്‌. ഈശോമിശിഹ സംസാരിച്ച അറമായ ഭാഷയുടെ പ്രാദേശിക രൂപമാണ്‌ സുറിയാനി. പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായിരുന്ന സുറിയാനി സീറോ മലബാര്‍ സഭയുടെ ആരാധനക്രമ ഭാഷകൂടിയായിരുന്നു. `എന്റെ കര്‍ത്താവേ എന്റെ ദൈവമേ...' എന്നാണ്‌ `മാര്‍വാലാഹ്‌' എന്ന പേരിന്റെ അര്‍ത്ഥം. മാര്‍ത്തോമാ ശ്ശീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ആഴമേറിയ അനുഭവത്തിലാണ്‌ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലും ഭാരതത്തിലും തഴച്ചുവളര്‍ന്ന സുറിയാനി സഭകളുടെ ആദ്ധ്യാത്മികത പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്‌. ഭാരതത്തിന്റെ അപ്പസ്‌തോലനായ മാര്‍ത്തോമാ ശ്ശീഹായുടെ നാമത്തില്‍ ഇന്ത്യയ്‌ക്കു പുറത്ത്‌ ആദ്യമായി രുപംകൊണ്ട ഷിക്കാഗോ സീറോ മലബാര്‍ രൂപത, തോമസ്‌ അപ്പസ്‌തോലന്റെ ദൈവാനുഭവത്തില്‍ ആഴപ്പെട്ട്‌, അമേരിക്കന്‍ ഐക്യനാടുകളില്‍ ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ കാഴ്‌ചപ്പാടുകളും ദര്‍ശനങ്ങളും നല്‌കുക എന്നതാണ്‌ മുഖപത്രത്തിന്റെ ലക്ഷ്യം. പത്രത്തിന്റെ ഇമെയില്‍ കോപ്പികള്‍ രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും എല്ലാ വിശ്വാസികള്‍ക്കും എത്തിച്ചുകൊടുക്കും. മുഖപത്രത്തിന്റെ ആദ്യപതിപ്പിന്‌ ആവേശകരമായ പ്രതികരണമാണ്‌ വിശ്വാസികളില്‍ നിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ രൂപതാ ചാന്‍സിലര്‍ റവ.ഡോ.സെബാസ്റ്റ്യന്‍ വേത്താനത്ത്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.