You are Here : Home / USA News

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ പാത്രിയര്‍ക്കീസ്‌ ബാവ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 18, 2015 10:43 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-ന്‌ യൂത്ത്‌ ആന്‍ഡ്‌ ഫാമിലി കോണ്‍ഫറന്‍സില്‍ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ്‌ അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ അനുഗ്രഹീത സാന്നിധ്യം സഭാ ചരിത്രത്തിലെ തന്നെ അവിസ്‌മരണീയമായ മുഹൂര്‍ത്തമായി. പരിശുദ്ധ പിതാവിനോടൊപ്പം ചുരുങ്ങിയ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതിനും, അതുവഴി ശ്ശൈഹീക വാഴ്‌വുകള്‍ സ്വീകരിച്ച്‌ അനുഗ്രഹീതരാകുന്നതിനും തങ്ങളുടെ ജീവിതത്തില്‍ ലഭിച്ച ഈ ധന്യനിമിഷങ്ങള്‍ വിശ്വാസികളേവര്‍ക്കും, ഒരു പുത്തന്‍ ഉണര്‍വ്വിന്റെ അനുഭവങ്ങളായി മാറി. പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരുന്ന വിശ്വാസി സമൂഹംമുഴുവന്‍ അര മണിക്കൂറോളം നീണ്ട ബാവാ തിരുമേനിയുടെ അനുഗ്രഹീത പ്രഭാഷണം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു. മലങ്കര സഭാ സന്ദര്‍ശന വേളയില്‍ സഭാ മക്കള്‍ നല്‍കിയ ഊഷ്‌മളമായ സ്‌നേഹവും വരവേല്‍പും ഒരിക്കലും വിസ്‌മരിക്കാവുന്നതല്ലെന്നും, അത്‌ എക്കാലത്തും മനസ്സില്‍ മായാതെ കാത്തുസൂക്ഷിക്കുമെന്നും, സഭാ മക്കളുടെ കളങ്കമറ്റ സ്‌നേഹത്തില്‍ ഏറെ സന്തുഷ്‌ടിയുണ്ടെന്നും പരിശുദ്ധ പിതാവ്‌ സൂചിപ്പിക്കുകയുണ്ടായി.

 

സിറിയ, ഇറാക്ക്‌ തുടങ്ങിയ ലോകത്തിന്റെ നാനാഭാഗങ്ങളിലായി ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനു സഹോദരങ്ങളുടെ കദനകഥകള്‍ പരിശുദ്ധ ബാവാ വിവരിക്കുകയുണ്ടായി. സത്യവിശ്വാസ സംരക്ഷണത്തിനായി പോരാടുന്ന വിശ്വാസ സമൂഹത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ നാമോരോരുത്തരുംകടപ്പെട്ടിരിക്കുന്നുവെന്നും ബാവാ ഓര്‍മ്മിപ്പിച്ചു. ക്രൈസ്‌തവ സാക്ഷ്യം കൈവരിച്ച്‌ പീഡിതര്‍ക്കാശ്വാസവും ആലംബഹീനര്‍ക്ക്‌ ആശ്രയവുമായി അചഞ്ചലമായ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട്‌ പ്രാര്‍ത്ഥനാജീവിതമുള്ളവരായി, ലോക നന്മയ്‌ക്കായി നിലകൊള്ളുവാന്‍ പിതാവ്‌ സഭാ മക്കളെ ആഹ്വാനം ചെയ്‌തു. അഭിവന്ദ്യ തീത്തോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനം അനുദിനം അഭിവൃദ്ധിയിലേക്ക്‌ മുന്നേറുന്നതില്‍ ഏറെ സന്തുഷ്‌ടിയുണ്ടെന്നും പ. ബാവാ അറിയിച്ചു. ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന `മലങ്കരദീപം' സുവനീറിന്റെ പ്രകാശന കര്‍മ്മവും പ. പാത്രിയര്‍ക്കീസ്‌ ബാവ നിര്‍വഹിച്ചു. കോണ്‍ഫറന്‍സിന്റെ സമാപന ദിനമായ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ പരി. പാത്രിയര്‍ക്കീസ്‌ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടേയും വന്ദ്യ വൈദീകരുടേയും സഹകാര്‍മികത്വത്തിലും വി. കുര്‍ബാനയും അര്‍പ്പിക്കുന്നതാണ്‌. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.