You are Here : Home / USA News

നൈനയ്‌ക്ക്‌ ലീഡര്‍ഷിപ്പ്‌ ഗ്രാന്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 18, 2015 10:47 hrs UTC

ബീന വള്ളിക്കളം (വൈസ്‌ പ്രസിഡന്റ്‌)

ഷിക്കാഗോ: അമേരിക്കയിലെ നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌ (National Association of Nurses of America) അത്യധികം പ്രശസ്‌തമായ ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌ (Gordon & Betty Moore Foundation Grant) ലഭിച്ചു. നേതൃത്വ പരിശീലനത്തിനായുള്ള പരിശ്രമങ്ങളിലേക്കാണ്‌ ഈ ഗ്രാന്റ്‌ അംഗീകരിച്ചിരിക്കുന്നത്‌. ഈ അംഗീകാരം ഏറെ വിലമതിക്കുന്നുവെന്നും നേഴ്‌സുമാര്‍ക്ക്‌ പരിശീലനത്തിനായി പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ ഇതിനാലാകുമെന്നും ഭാരവാഹികള്‍ പ്രത്യാശിക്കുന്നു. ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ലോകത്തെമ്പാടും വിവിധ രംഗങ്ങളിലുള്ള ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി, സയന്‍സ്‌, ആരോഗ്യരംഗം എന്നീ വിഭാഗങ്ങളിലായി ഒട്ടനവധി രംഗങ്ങളില്‍ പങ്കാളിയാണ്‌ ഈ ഫൗണ്ടേഷന്‍. ഈ ഫൗണ്ടേഷന്‍ നേതൃത്വപരിശീലനത്തിനായുള്ള വീഡിയോ അവതരണങ്ങള്‍ ലോകമെമ്പാടും ഉപയോഗിക്കപ്പെടുന്ന ഒന്നാണ്‌.

 

ഈ വീഡിയോകളും സ്വയം തയാറാക്കുന്ന പാഠ്യപദ്ധതിയും ചേര്‍ത്ത ഒരു പരിശീലനമാണ്‌ നൈന വിവക്ഷിക്കുന്നത്‌. 14 ചാപ്‌റ്ററുകളുള്ള നൈന വിദ്യാഭ്യാസത്തിനും നേതൃത്വ നന്മയ്‌ക്കും അത്യധികം പ്രാധാന്യം കല്‍പ്പിക്കുന്നു. ഇന്നത്തെ ആരോഗ്യ, ആതുര പരിശീലന രംഗത്തെ നേതൃനിരയിലേക്ക്‌ കൂടുതല്‍ നേഴ്‌സുമാര്‍ കടന്നുവരേണ്ടതിന്‌ പരിചയസമ്പന്നതയോടൊപ്പം കൃത്യമായ പരിശീലനവും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ്‌ ഇത്തരം പരിശീലന സംരംഭങ്ങള്‍ തെരഞ്ഞെടുക്കാന്‍ നൈന തീരുമാനമെടുത്തതെന്ന്‌ നാഷണല്‍ പ്രസിഡന്റ്‌ സാറാഗബ്രിയേല്‍ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട 14 പേര്‍ക്ക്‌ ആദ്യപടിയായി പരിശീലനം നല്‍കുകയും തുടര്‍ന്ന്‌ ഇവര്‍ മറ്റുള്ളവര്‍ക്ക്‌ അറിവ്‌ പകര്‍ന്നുകൊടുക്കുകയും ചെയ്‌ത്‌ എല്ലാ നേഴ്‌സിമാരിലേക്കും ഈ പരിശീലനം എത്തിക്കുക എന്നതാണ്‌ ഈ പദ്ധതിയുടെ വീക്ഷണമെന്ന്‌ ഈ ഗ്രാന്റിനായി പ്രവര്‍ത്തിച്ച കമ്മിറ്റി കോര്‍ഡിനേറ്റര്‍ നാന്‍സി ഡിയാസ്‌ അറിയിച്ചു. മാറിവരുന്ന ആരോഗ്യ പരിരക്ഷണ മേഖലകളില്‍ നേതൃസ്ഥാനങ്ങളിലേക്ക്‌ കടന്നുവരുവാന്‍ നേഴ്‌സുമാരെ സജ്ജമാക്കുന്ന ഈ പരിശീലനത്തില്‍ ഏവരും പങ്കുചേരുവാനായി താത്‌പര്യപ്പെടുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.