You are Here : Home / USA News

ഡോ: എ പി ജെ അബ്ദുള്‍ കലാമിനു ഡി എം എ യുടെ പ്രണാമം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, July 29, 2015 10:45 hrs UTC

ഡിട്രോയിറ്റ്: ഇന്ത്യ കണ്ട മികച്ച പ്രസിഡന്റുമാരില്‍ ഒരാളായ ഡോ: എ പി ജെ അബ്ദുള്‍ കലാമിനു ഡിട്രോയിറ്റിലെ മലയാളി സമൂഹത്തിന്റെ പ്രതിനിധാനം ചെയ്യുന്ന സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ കണ്ണീരില്‍ ചാലിച്ച പ്രണാമം. ഡി എം എയ്ക്കു വേണ്ടി പ്രസിഡന്റ് റോജന്‍ തോമസും സെക്രട്ടറി ആകാശ് ഏബ്രഹാമും ട്രഷറാര്‍ ഷാജി തോമസ്സും സംയുക്ത്മായാണു അനുശോചനം രേഖപ്പെടുത്തിയതു. കുഞ്ഞു മനസ്സുകളില്‍ പ്രത്യാശയുടെ അഗ്‌നിചിറകുകള്‍ വിരിയിച്ച ചാച്ച കലാം യാത്രയായതോടെ, സ്വയം മറന്നു പ്രവര്‍ത്തിച്ച ഒരു ധീര നേതാവിനെയാണു ഇന്ത്യക്ക് നഷ്ടമായത്. ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ശ്രീ അബ്ദുള്‍ കലാം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രീയപ്പെട്ടവനായിരുന്നു. രാഷ്ട്രീയ നിലപാടുകള്‍ക്കതീതമായി ഇന്ത്യയെ ഉയരങ്ങളിലേക്ക് നയിക്കുവാന്‍ നടത്തിയ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അനുസ്മരിച്ചു.

 

കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് കൂടിയ അടിയന്തിര കോണ്‍ഫറന്‍സ് കോള്‍ കമ്മിറ്റിയിലാണു അദ്ദേഹം അനുസ്മരിച്ചത്. ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയകക്ഷികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഭാരതീയ ജനതാപാര്‍ട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാര്‍ത്ഥിയായിരുന്നു അബ്ദുള്‍ കലാം. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മിയേക്കാള്‍ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂണ്‍ 2002 ല്‍ അന്നത്തെ ഭരണക്ഷിയായിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ്സിനോട് തങ്ങള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുള്‍ കലാമിനെ പിന്തുണയ്ക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാര്‍ട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ കലാം ഏകപക്ഷീയമായി അബ്ദുള്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി തിരഞ്ഞെടുക്കപ്പെട്ടു. ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുള്‍ കലാമിനുണ്ട്. ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാന്‍ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു. 2020 ല്‍ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ഒരു പദ്ധതി കലാം സ്വപ്നം കണ്ടിരുന്നു. വിഷന്‍2020 എന്ന തന്റെ പുസ്തകത്തിലൂടെ ഈ ചിന്തകള്‍ അദ്ദേഹം ഭാരതത്തിലെ ജനങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. അതുപോലെ ആണവായുധ രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടം ഭാവിയുടെ വന്‍ശക്തി എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യയെ കൂടുതല്‍ അടുപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കു വലിയതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തെ മറ്റ് മേഖലകളിലും അതീവ താല്പര്യം പ്രകടിപ്പിക്കുന്ന അബ്ദുല്‍ കലാം സ്വതന്ത്ര സോഫ്‌റ്റ്വെയറിനെ പിന്താങ്ങുകയും വന്‍തോതിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗം കൂടുതല്‍ ജനങ്ങള്‍ക്ക് വിവരസാങ്കേതിക വിദ്യ കൊണ്ടുള്ള പ്രയോജനം ലഭിക്കാന്‍ കാരണമാകും എന്ന് വിശ്വസിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രിയുടെ ശാസ്ത്രഉപദേഷ്ടാവ് എന്ന സ്ഥാനത്തു നിന്നും രാജിവെച്ചതിനു ശേഷം കലാം ഏതാണ്ട് ഒരു ലക്ഷത്തോളം വരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയുണ്ടായി. അവരുടെ സൗഹൃദം എനിക്കിഷ്ടമാണ്. നാളെയുടെ ഇന്ത്യയെക്കുറിച്ച് അവര്‍ക്കുള്ള സ്വപ്നങ്ങളെ ഉത്തേജിപ്പിച്ച് അവരെ അത് നേടിയെടുക്കാന്‍ പ്രാപ്തരാക്കണം,ഇത് എന്റെ ലക്ഷ്യത്തിലൊന്നാണ്. ഇത്തരം സംവാദങ്ങളെക്കുറിച്ച് കലാമിന്റെ അഭിപ്രായമിതാണ്. രാഷ്ട്രപതി കാലയളവിലും, അതിനു ശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രൊഫസര്‍ ആയിരുന്നു. രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചശേഷം തിരുവനന്തപുരത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ ചാന്‍സലര്‍ ആയി കലാം സേവനമനുഷ്ഠിച്ചു വരുകയായിരുന്നു. അഗ്‌നിചിറകുകളുടെ രാജകുമാരനെ മാതൃകയാക്കുവാന്‍ വരും തലമുറക്കും കഴിയട്ടെ എന്നും ഡി എം എ പ്രത്യാശ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.