You are Here : Home / USA News

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‌ കൊടിയിറങ്ങി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 02, 2015 11:16 hrs UTC

ലോസ്‌ആഞ്ചലസ്‌: സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ജൂലൈ 17-ന്‌ ആരംഭിച്ച തിരുനാളിനു ജൂലൈ 28-നു ഗംഭീര പരിസമാപ്‌തി. ജൂലൈ 17-ന്‌ അഭിവന്ദ്യ ബിഷപ്പ്‌ സൈമണ്‍ കൈപ്പുറം (ബാലേശ്വര്‍രൂപത, ഒറീസ) ആണ്‌ കൊടിയേറ്റിയത്‌. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വി. കുര്‍ബാനയും നവനാള്‍ നൊവേനയും ഇടവക ജനങ്ങള്‍ക്ക്‌ പ്രത്യേകം അനുഗ്രഹപ്രദമായിത്തീര്‍ന്നു. അഭിവന്ദ്യ ബിഷപ്പ്‌ സൈമണ്‍ കൈപ്പുറം, റവ.ഫാ. ഫ്രാന്‍സീസ്‌ നമ്പ്യാപറമ്പില്‍, റവ.ഫാ. പോള്‍ തോമസ്‌, റവ.ഫാ. കുര്യാക്കോസ്‌ മാമ്പ്രക്കാട്ട്‌, റവ.ഫാ. സിജു മുടക്കോടില്‍, റവ.ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, റവ.ഫാ. ഡെന്നി ജോസഫ്‌, റവ.ഫാ. സോണി സെബാസ്റ്റ്യന്‍, റവ.ഫാ. പോള്‍ ചാലിശേരി, റവ.ഫാ. ഷിന്റോ സെബാസ്റ്റ്യന്‍, റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി എന്നീ വൈദീകര്‍ തിരുനാളിന്റെ വിവിധ ദിവസങ്ങളില്‍ വി. കുര്‍ബാനയും നൊവേനയും അര്‍പ്പിക്കുകയുണ്ടായി. ജൂലൈ 21-ന്‌ ലത്തീന്‍ റീത്തിലും, ജൂലൈ 22-ന്‌ മലങ്കര റീത്തിലുമാണ്‌ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്‌.

 

പ്രധാന തിരുനാളിന്റെ ഒന്നാം ദിവസം റവ.ഫാ. ഡെന്നി ജോസഫ്‌ ആയിരുന്നു ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചത്‌. ബഹു. സോണി സെബാസ്റ്റ്യന്‍ അച്ചന്‍ തിരുനാള്‍ സന്ദേശം നല്‍കി. ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും സഹനങ്ങളിലും വി. അല്‍ഫോന്‍സാമ്മയെപ്പോലെ വഴിയും സത്യവും ജീവനുമായ ഈശോയ്‌ക്ക്‌ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുവാന്‍ ആ അമ്മയോട്‌ മാധ്യസ്ഥം അപേക്ഷിക്കണമെന്ന്‌ ബഹു. സോണി അച്ചന്‍ തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. വി. കുര്‍ബാനയെ തുടര്‍ന്ന്‌ സ്‌നേഹവിരുന്നും ഇടവകയിലെ കുട്ടികളുടെ കലാസന്ധ്യയും തിരുനാളിന്‌ പ്രത്യേകം നിറവേകി. ഇടവകാംഗങ്ങള്‍ ചേര്‍ന്ന്‌ തയാറാക്കിയ ഷോര്‍ട്ട്‌ ഫിലിം `ഒപ്പം' തുടര്‍ന്ന്‌ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പ്രവാസി ജീവിതത്തിന്റെ തിരക്കില്‍ കുടുംബബന്ധങ്ങള്‍ക്കുണ്ടാകുന്ന വിള്ളലുകളും, എന്നാല്‍ ആ വിള്ളലുകളെ ഒരു ക്രിസ്‌തീയ കുട്ടായ്‌മ എങ്ങനെയാണ്‌ പരിഹരിക്കേണ്ടതെന്നും ഉള്ള ശക്തമായ ഒരു സന്ദേശം ഈ ഫിലിം നിര്‍മ്മിച്ചവര്‍ക്ക്‌ വളരെ ലളിതമായ രീതിയല്‍ കാട്ടിത്തരുവാന്‍ സാധിക്കുകയുണ്ടായി. പ്രധാന തിരുനാളിന്റെ രണ്ടാം ദിനമായ ജൂലൈ 26-ന്‌ ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്‌, പ്രദക്ഷിണം, അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ്‌ വണക്കം എന്നിവയ്‌ക്ക്‌ കാര്‍മികത്വം വഹിച്ചത്‌ ചിക്കാഗോ രൂപതയുടെ പ്രൊക്യുറേറ്റര്‍ റവ.ഫാ. പോള്‍ ചാലിശേരി ആയിരുന്നു. ജോണി ചൂണ്ടക്കാരന്‍, ബെറ്റ്‌സി കൈതത്തറ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കുവാന്‍ സഹായിച്ചു. നമ്മുടെ ജീവിതത്തിലെ സഹനത്തിന്റെ ഒരോ നിമിഷങ്ങളിലും നമ്മുടെ ഒപ്പം സഹിക്കുവാന്‍ നമുക്കുവേണ്ടി തന്നെ കാല്‍വരിയിലെ ക്രൂശില്‍ മരിച്ച യേശുനാഥന്‍ നമ്മുടെ കൂടെ ഉണ്ട്‌ എന്നുള്ള സത്യവും, നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സഹനത്തിനും ഒരു സ്വര്‍ഗ്ഗീയ മൂല്യം ഉണ്ട്‌ എന്നുള്ള സത്യവും , നമുക്കുണ്ടാകുന്ന സഹനങ്ങള്‍ ശാപമായി എടുക്കാതെ തന്റെ വിശുദ്ധീകരണത്തിനുവേണ്ടി വിനിയോഗിക്കണം എന്നുള്ള പാഠവും ചാലിശേരി അച്ചന്‍ തന്റെ സന്ദേശത്തില്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. തിരുകര്‍മ്മങ്ങള്‍ക്കുശേഷം ദേവാലയത്തിനുചുറ്റും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും വിശുദ്ധരുടേയും രൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഇടവകയിലെ കൊച്ചുകുട്ടികള്‍ക്ക്‌ കേരള ക്രിസ്‌തീയ പാരമ്പര്യത്തിലേക്ക്‌ ഒരു വഴികാട്ടിയും, മുതിര്‍ന്നവര്‍ക്ക്‌ അവരുടെ വിശ്വാസ പ്രഘോഷത്തിന്‌ കൂടുതല്‍ ശക്തിനല്‍കുന്നതും ആയി. ലോസ്‌ ആഞ്ചലസിലെ പ്രഗത്ഭരായ കലാകാരന്മാരുടെ ചെണ്ടമേളം പ്രദക്ഷിണത്തിന്‌ കൊഴുപ്പുകൂട്ടി. ജൂലൈ 27-ന്‌ ഇടവകയിലെ മരിച്ചവര്‍ക്കുവേണ്ടി വി. കുര്‍ബാന അര്‍പ്പിക്കുകയുണ്ടായി. തന്റെ തനത്‌ വിധിക്കും, അന്ത്യവിധിക്കും വേണ്ടി ഒരാള്‍ ജിവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുങ്ങണമെന്ന്‌ അന്ന്‌ വി. കുര്‍ബാന അര്‍പ്പിച്ച റവ.ഫാ. ഷിന്റോ സെബാസ്റ്റ്യന്‍ ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. ജൂലൈ 28-ന്‌ ആഘോഷമായ കുര്‍ബാനയ്‌ക്കും, നൊവേനയ്‌ക്കും ശേഷം 2015-ലെ തിരുനാളിന്‌ കൊടിയിറങ്ങുകയും, 2016-ലെ പ്രസുദേന്തിമാരായ മറിയം ത്രേസ്യാ ഫാമിലി യൂണീറ്റിലെ അംഗങ്ങളെ വാഴിക്കുകയും ചെയ്‌തു. സാന്റാ അന്ന സെന്റ്‌ തോമസ്‌ ഫൊറോനാ വികാരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയായിരുന്നു അന്നത്തെ തിരുകര്‍മ്മങ്ങള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിച്ചത്‌. പ്രീത പുതിയകുന്നേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.