You are Here : Home / USA News

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ `ബൈബിള്‍ എക്‌സ്‌പെഡീഷന്‍ 2015'

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, August 16, 2015 12:01 hrs UTC

 
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു.

സി.സി.ഡി. കുട്ടികള്‍ സാധാരണ ഞായറാഴ്‌ച്ചകളില്‍ വേദപാഠം പഠിച്ചിരുന്ന ക്ലാസ്‌ മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ എക്‌സ്‌പെഡീഷനു തികച്ചും അനുചിതമായ രീതിയില്‍ ബൈബിളിലെ മനുഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട്‌ തികച്ചും നാടകീയമായ രീതിയില്‍ സ്റ്റേജും, ഹാളും സജ്ജമാക്കിയിരുന്നു. സ്റ്റേജും, ഭിത്തികളും വ്യത്യസ്‌ത രംഗപടങ്ങളാല്‍ സമൃദ്ധമായിരുന്നു. യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മ്മയേകി.
ആഗസ്റ്റ്‌ 10 മുതല്‍ 14 വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു ക്ലാസ്‌ സമയം. ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും, കഥകളും ആക്ഷന്‍ സോംഗ്‌, കഥാകഥനം, സ്‌കിറ്റ്‌, പവര്‍ പോയിന്റ്‌, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പ്‌ എന്നിവയിലൂടെ കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു. ഗ്രേഡ്‌ ലെവല്‍ അനുസരിച്ച്‌ വിവിധ ഗ്രൂപ്പുകളിലായിട്ടാണു ക്ലാസ്‌ നടന്നത്‌.?ഇടവകവികാരി വെരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ്‌ പുലിശേരി ആഗസ്റ്റ്‌ 10 നു അഞ്ചുദിവസം നീണ്ടുനിന്ന വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഉത്‌ഘാടനം ചെയ്‌തു. 200 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി. എസില്‍ പങ്കെടുത്തു.

ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണു ഒരാഴ്‌ചത്തെ പരിശീലന പദ്ധതികൊണ്ട്‌ ഉദ്ദേശിച്ചത്‌. ക്ലാസ്‌ റൂം പഠനത്തിനു പുറമെ വിവിധയിനം ബൈബിള്‍ ഗെയിംസ്‌, ബൈബിള്‍ ക്വിസ്‌, ബൈബിള്‍ വായന, പാട്ടുകള്‍, ക്രാഫ്‌റ്റ്‌സ്‌ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയനിയമത്തിലെയും, പുതിയനിയമത്തിലെയും പല ഉപമകളും, അത്ഭുതപ്രവൃത്തികളും ആനിമേഷന്‍ മൂവീസ്‌ ഉപയോഗിച്ച്‌ അവതരിപ്പിച്ചത്‌ കുട്ടികള്‍ ഒരിക്കലും മറക്കുകയില്ല. പഴയ നിയമത്തില്‍ ദൈവം ധീരനും പരാക്രമിയുമായിരുന്ന സൈന്യാധിയപന്‍ നാമാനെ ദൈവപുരുഷനായ എലീഷാ പ്രവാചകന്‍ വഴി കുഷ്‌ഠരോഗത്തില്‍നിന്നും വിമുക്തനാക്കുന്ന അത്ഭുതം കുട്ടികള്‍ക്ക്‌ ആവേശമുണര്‍ത്തി. രോഗശാന്തിയും അതിലുപരി നമുക്ക്‌ ശാശ്വതരക്ഷയും, സമാധാനവും നല്‌കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ എന്നുള്ള പാഠം കുട്ടികള്‍ ഈ കഥയിലൂടെ ഹൃദിസ്‌തമാക്കി.

ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി, സെക്രട്ടറി ടോം പാറ്റാനി, മതബോധനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ്‌ കുറിച്ചി എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന യുവജന ഗ്രൂപ്പാണു വി. ബി. എ സിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്‌തത്‌. റോസ്‌ മേരി, ജെന്നി ഫിലിപ്‌, റോസ്‌ ഫിലിപ്‌, എലിസബത്ത്‌ ഫിലിപ്‌ എന്നിവര്‍ വി. ബി. എസിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. അവരോടൊപ്പം ഇടവകയിലെ യൂത്ത്‌ വിംഗ്‌ ഭക്ഷണക്രമീകരണമുള്‍പ്പെടെ പലവിധ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്‌തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ്‌ കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്നു പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയത്‌ മികച്ച സംഘാടനത്തിന്റെ മേന്മയാണു കാണിക്കുന്നത്‌.

വെള്ളിയാഴ്‌ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികള്‍ക്ക്‌ ശേഷം പ്രധാന കോര്‍ഡിനേറ്റര്‍മാരായ റോസ്‌ മേരി, ജെന്നി ഫിലിപ്‌, റോസ്‌ ഫിലിപ്‌, എലിസബത്ത്‌ ഫിലിപ്‌ എന്നിവരെ ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരിയും, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടും ഇടവകയുടെ പാരിതോഷികം നല്‍കി ആദരിച്ചു.

ഫോട്ടോ: ജോസ്‌ ജോസഫ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.