You are Here : Home / USA News

പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം മലയാള സാഹിത്യത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 20, 2015 10:08 hrs UTC

ന്യൂയോര്‍ക്ക്‌: മലയാള നോവല്‍- ചെറുകഥാസാഹിത്യത്തില്‍ പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനം എന്ന വിഷയം വിചാരവേദി കെ.സി.എ.എന്‍.എ.യില്‍ ചേര്‍ന്ന ഈ മാസത്തെ (ആഗസ്റ്റ്‌ 9, 2015) സാഹിത്യസദസ്സില്‍ ചര്‍ച്ച ചെയ്‌തു. ജീവിതവീക്ഷണത്തെ കുറിച്ച്‌ ഡോ. എന്‍.പി. ഷീല കവിത ചൊല്ലിക്കൊണ്ടാണ്‌ ചര്‍ച്ച ആരംഭിച്ചത്‌. യോഗത്തില്‍ മുന്‍ ഇന്‍ഡ്യന്‍ പ്രസിഡന്റ്‌ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചനം രേപ്പെടുത്തി. മലയാളസാഹിത്യത്തിന്റെ വിവിധ മേലകളില്‍ പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനമുണ്ടായിട്ടുണ്ടെങ്കിലും നോവല്‍ സാഹിത്യമാണ്‌ പാശ്ചാത്യസാഹിത്യത്തോട്‌ കൂടുതല്‍ ബാന്ധപ്പെട്ടിരിക്കുന്നത്‌. ഒരു കാലഘട്ടത്തില്‍ മലയാളത്തിലെ പ്രമുരായ എഴുത്തുകാരില്‍ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ സ്വാധീനം കാണാം. എന്നാല്‍, ഈ കാലഘട്ടത്തില്‍ രചനകളില്‍ തങ്ങളുടെ തനതായ വ്യക്തിത്വം നിലനിര്‍ത്താന്‍ എഴുത്തുകാര്‍ ശ്രദ്ധിക്കുന്നുണ്ട്‌. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ചന്തുമേനോന്റെ ഇന്ദുലേയിലെ ഇംഗ്ലീഷ്‌ സ്വാധീനം വിശദീകരിക്കപ്പെട്ടു.

 

ചന്തുമേനോന്‍, സി. വി. രാമന്‍ പിള്ള മുതലായവരെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ എഴുത്തുകാരുടെ അനുകരണ മനോഭാവവും കൂടാതെ മറ്റുള്ള എഴുത്തുകാരെ കോപ്പി ചെയ്യാനുള്ള അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ വാഞ്ചയും എടുത്തു കാണിക്കപ്പെട്ടു. ആര്‍ഷ സംസ്‌കാരനിരതമായ കേരളത്തില്‍ ആംഗലഭാഷാസാഹിത്യത്തിന്റേയും പാശ്ചാത്യചിന്തയുടേയും സ്വാധീനം വിവരിക്കുന്ന ഒരു ഇതിഹാസമായി ഇന്ദുലേ പരിണമിച്ചത്‌ നോവലിസ്റ്റിന്റെ സാമൂഹ്യവീക്ഷണവും നിരീക്ഷണവും ഫിലോസഫിയും എല്ലാം ഇംഗ്ലീഷ്‌ ആയിപ്പോയതു മൂലമാണ്‌. അതേ പോലെ ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ സ്വാധീന വലയത്തിലായിരുന്നു എം. പി. പോള്‍. മലയാളത്തിലെ പുരോഗമന സാഹിത്യത്തിന്റെ വക്താവായി നിലകൊണ്ട എം. പി. പോളിന്റെ ജീവശ്വാസം തന്നെ പാശ്ചാത്യസാഹിത്യമായിരുന്നു. ഇംഗ്ലീഷ്‌ സാഹിത്യത്തിന്റെ സ്വാധീനവും അതില്‍ നിന്ന്‌ ലഭിച്ച പ്രചോദനവുമാണ്‌ എം. പി. പോളിന്റെ നോവല്‍ സാഹിത്യത്തിനും മറ്റും വഴിയൊരുക്കിയത്‌. ഭാരതത്തില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ഏര്‍പ്പെടുത്തണമെന്ന ആശയവുമായി മുന്നോട്ട്‌ വന്നത്‌ മെക്കാള പ്രഭുവാണ്‌.

 

ഇംഗ്ലീഷ്‌ ശാസ്ര്‌തം, രാഷ്ട്രീയ, മതം ഇവയില്‍ വരുത്തിയ സ്വാധീനം ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ സാഹിത്യത്തേയും ബാധിച്ചു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം മൂലം എഴുത്തുകാര്‍ മനസ്സിലാക്കിയ പാശ്ചാത്യ രാജ്യത്തിന്റെ ചിട്ടയും സബ്രദായവും അവരുടെ രചനകളില്‍ ഇഴചേര്‍ത്തു. വിശ്വസാഹിത്യ കൃതികള്‍ നമ്മള്‍ വായിച്ച്‌ മനസ്സിലാക്കിയത്‌ ഇംഗ്ലീഷിലാണ്‌. ആനന്ദിന്റേയും മുകുന്ദന്റേയും പല നോവലുകളും പാശ്ചത്യരുടെ അസ്ഥിത്വവാദപരമായ നോവലുകളില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ട്‌ എഴുതിയിട്ടുള്ളതാണ്‌. പ്രൊഫ. ജോസഫ്‌ ചേറൂവേലിയുടെ എ പാസ്സേജ്‌ റ്റു അമേരിക്ക എന്ന പുസ്‌തകത്തില്‍ പാശ്ചാത്യ എഴുത്തുകാരും കേരളത്തിലെ പ്രമു എഴുത്തുകാരുമായി ഒരു താരതമ്യ പഠനം നടത്തിയിട്ടുണ്ട്‌. ഉദാഹരണത്തിന്‌ മാര്‍ക്ക്‌ ട്വയിനിന്റേയും തകഴിയുടെയും രചനകളില്‍ പ്രാദേശിക ജീവിതം എങ്ങനെ ഗ്രാമീണ ജീവിതവുമായി ഇഴചേര്‍ന്നിരിക്കുന്നു എന്ന്‌ കാണിക്കുന്നതില്‍ സമാനത പുലര്‍ത്തുന്നു. ഗദ്യത്തില്‍ എഴുതിയ ജീവിതത്തിന്റെ സമഗ്രകാര്യങ്ങളും പ്രതിപാദിക്കുന്ന ഗദ്യകാവ്യമാണ്‌ നോവല്‍. മിഷനറിമാരുടെ ആഗമനം കൊണ്ട്‌ കേരളത്തില്‍ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം അഭിവൃദ്ധിപ്പട്ടു. കെ. പി. അപ്പന്റേയും മറ്റും ചെറുകഥാസാഹിത്യത്തില്‍ ഇംഗ്ലീഷിന്റെ സ്വാധീനമുണ്ട്‌.

 

ഇംഗ്ലീഷിന്റെ ചുവടുപിടിച്ച്‌ കേശവദേവ്‌, എം. ടി., പൊറ്റക്കാട്‌ മുതലായവര്‍ കഥകള്‍ എഴുതിയിട്ടുണ്ട്‌. കൃതികള്‍ മനസ്സില്‍ രൂപപ്പെടുത്തിയതിനു ശേഷം വേണം എഴുതാന്‍. ഇത്തരത്തിലൂള്ള രൂപപ്പെടുത്തലിന്‌ സമയവും സര്‍ഗ്ഗവൈഭവവും വേണം. അല്ലാതെ, ഭാര്യയെ ജോലിക്ക്‌ വിടാന്‍ കാറില്‍ പോകുന്ന സമയത്ത്‌ വീണുകിട്ടിയ ആശയം പെട്ടെന്ന്‌ തട്ടിക്കുട്ടിയതാണെന്ന്‌ പറഞ്ഞ്‌ സാഹിത്യരചനകള്‍ നടത്തി ദയവു ചെയ്‌ത്‌ വായനക്കാരെ ഉപദ്രവിക്കരുത്‌. പാശ്ചാത്യഭാഷകള്‍ നമ്മുടെ ഭാഷയില്‍ പദസമ്പത്ത്‌ വര്‍ദ്ധിപ്പിക്കുന്നതിന്‌ സഹായകമായിട്ടുണ്ട്‌. മലയാള സാഹിത്യത്തിന്‌ പാശ്ചാത്യ സമ്പര്‍ക്കം കൊണ്ട്‌ നോവല്‍ചെറുകഥാരംഗത്തുണ്ടായ നേട്ടങ്ങള്‍ വിസ്‌മരിക്കാവുന്നതല്ല. കേസരി ബാലകൃഷ്‌ണപിള്ള, പ്രൊഫസര്‍ മുണ്ടശ്ശേരി, എം. പി. പോള്‍ എന്നീ മഹാരഥന്മാരാണ്‌ പാശ്ചാത്യസാഹിത്യകാരന്മാരെ മലയാളസാഹിത്യകാരന്മാര്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌. ബ്രിട്ടീഷുകാരുടെ അടിമത്തം അംഗീകരിക്കപ്പെടേണ്ടി വന്നെങ്കിലും അതുകൊണ്ട്‌ ഇംഗ്ലീഷ്‌ പഠിക്കാന്‍ സാധിച്ചു എന്നും പാശ്ചത്യസാഹിത്യത്തിന്റെ പ്രവണതകള്‍ മനസ്സിലക്കാന്‍ സാധിച്ചു എന്നും നിഷേധിക്കാനാവില്ല.

 

നാടക സാഹിത്യത്തില്‍ വിദേശകൃതികളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്‌. യവന നാടകങ്ങളില്‍ നിന്ന്‌ ഉത്തേജനം ഉള്‍ക്കൊണ്ടുകൊണ്ട്‌ നാടകരചന നടത്തിയതിന്റെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട.്‌ സാഹിത്യകാരന്‍ പാശ്ചത്യ സംസ്‌കാരം ഉള്‍ക്കൊണ്ടു വേണം രചനകള്‍ നടത്താന്‍ എന്ന ചിന്ത കേരളത്തില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതിന്‌ വിപരിതമായി ശബ്ദമുയര്‍ത്തിയ നോവലിസ്റ്റാണ്‌ മുട്ടത്തു വര്‍ക്കി. പാശ്ചത്യ സാഹിത്യത്തിന്റെ സ്വാധീനമില്ലാതെ മുട്ടത്തു വര്‍ക്കി എഴുതിയ നോവലുകളായിരിക്കണം കൂടുതല്‍ വായിക്കപ്പെട്ടിട്ടുള്ളത്‌. സാംസി കൊടുമണ്‍, വാസുദേവ്‌ പുളിക്കല്‍, ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു, ഡോ. എന്‍. പി. ഷീല, ഡോ. നന്ദകുമാര്‍ ചാണയില്‍, രാജു തോമസ്‌, ബാബു പാറക്കല്‍, പി. റ്റി. പൗലോസ്‌ മുതലായവരാണ്‌ ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സാസാരിച്ചത്‌. വാസുദേവ്‌ പുളിക്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.