You are Here : Home / USA News

സെപ്റ്റംബര്‍ ദുരന്തത്തിന്റെ ഭയാനകമായ ഓര്‍മ്മകള്‍

Text Size  

Story Dated: Friday, September 11, 2015 10:52 hrs UTC

 
ഇന്ന് സെപ്റ്റംബര്‍ പതിനൊന്ന് ലോകമനസാക്ഷിയെ ഞെട്ടിച്ച ആ മഹാദുരന്തം നടന്നിട്ട് ഇന്ന് പതിനാലു വര്‍ഷം തികയുന്നു. ആ ദാരുണ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ നമുക്ക് ഈ അവസരത്തില്‍ ഓര്‍ക്കാം. അവരെ ഓര്‍ത്ത് വേദനിക്കുന്നവര്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവാനുഗ്രഹം കൊണ്ട് ആ അപകടത്തില്‍ അകപ്പെടാതെ രക്ഷപ്പെട്ടവരില്‍ മലയാളികളുമുണ്ടായിരുന്നു. അവരില്‍ ഒരാളും എന്റെ സുഹൃത്തുമായ പ്രിന്‍സ് മാര്‍ക്കൂസിനെ വീണ്ടും കാണുവാന്‍ ഈയിടെ ഒരവസരമുണ്ടായി.
 
സംസാരമധ്യേ ഈ വിഷയവും കടന്നു വന്നു. ഓരോ വര്‍ഷവും ഈ ദിനം കടന്നു വരുമ്പോള്‍ മനസ്സില്‍ ഭീതി കടന്നു വരുന്നു എന്നദ്ദേഹം പറഞ്ഞു. അതൊടൊപ്പം ആയുസ്സ് നീട്ടിത്തന്ന ദൈവത്തോടുള്ള നന്ദിയും മനസ്സില്‍ സ്ഥാനം പിടിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാണദ്ദേഹം. ഫൊക്കാനായുടെ സ്ഥാപകന നേതാക്കളിലൊരാളും സജീവമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനുമായ അദ്ദേഹം അക്ഷരം മാസികയുടെ മുഖ്യസാരഥികളിലൊരാളായി സേവനം ചെയ്യുന്നു.
 
സെപ്തംബര്‍ ദുരന്തം നടന്ന കാലഘട്ടത്തില്‍ വേള്‍ഡ് ട്രെയിഡ് സെന്ററില്‍ ഉള്ള ഓഫീസിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ഓരോ ദിവസവും വ്യത്യസ്ത സമയത്ത് വന്നാല്‍ മതിയായിരുന്നു. അന്നേ ദിവസം വൈകിയാണ്  ജോലിക്കെത്തിയത്. സബ് വേയിലെ ട്രെയിന്‍ സംഭവസ്ഥലത്തിനടുത്ത് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ സര്‍വ്വീസ് നിര്‍ത്തിവയ്ക്കുന്നതായ അനൗണ്‍സ്‌മെന്റ് അവിടത്തെ സ്പീക്കര്‍ വഴി എല്ലാവരും അറിഞ്ഞു.
 
സബ് വേയില്‍ പുറത്തിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായ എന്തോ സംഭവിച്ചു എന്നദ്ദേഹത്തിന് മനസ്സിലായി. എങ്ങും പുകപടലം. അതിനിടയിലൂടെ വാവിട്ടു നിലവിളിച്ചുകൊണ്ട് എതിര്‍ദിശയിലേക്ക് ഓടുന്നവരെ അദ്ദേഹം കണ്ടു. അവരില്‍ വെളുത്തവരും കറുത്തവരും ഏഷ്യക്കാരും നാനാജാതി മതസ്ഥരും ഉണ്ടായിരുന്നു. മരണത്തിന്റെ മുന്നില്‍ വലിയ ചെറുപ്പ വ്യത്യാസങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന്  നമുക്കറിയാം.
 
പ്രിന്‍സ് മാര്‍ക്കോസും ആ ജനാവലിയൊടൊപ്പം ചേര്‍ന്ന് ബ്രൂക്ക്‌ലിന്‍ ബ്രിഡ്ജിന്റെ ഭാഗത്തേക്ക് അതിവേഗം കുതിച്ചുനീങ്ങി. ബ്രിഡ്ജ് കടന്നപ്പോള്‍ മൂന്നാല് മണിക്കൂറുകള്‍ കഴിഞ്ഞാണ് അപ്പനെ തിരഞ്ഞെത്തിയ മകനെ കാണാന്‍ കഴിഞ്ഞത്.
 
സെല്‍ഫോണ്‍ സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് വീട്ടില്‍ വിളിക്കാന്‍ സാധിച്ചില്ല എങ്കിലും റ്റിവിയിലൂടെ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ കൂട്ടികൊണ്ടുപോകാന്‍ എത്തുകയായിരുന്നു.
 
ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങള്‍ ഭൂമിയില്‍ ഉണ്ടാകരുതെന്നാണ് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന. പ്രകൃതിക്ഷേഭങ്ങള്‍, യുദ്ധം, ഭീകരവാദം, മതവിദ്വേഷം, വര്‍ഗ്ഗീയത, വര്‍ണ്ണ വിവേചനം എന്നീ തിന്മകളില്‍ നിന്നും വിമുക്തമായ ഒരു സുന്ദരലോകം നിലവില്‍ വരുന്നതിനായി അദ്ദേഹം ആഗ്രഹിക്കുന്നു. അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.