You are Here : Home / USA News

പ്രവസിചാനലിലൂടെ " ഐ ലവ് യു" ചലച്ചിത്രം റിലീസ് ചെയ്യുന്നു.

Text Size  

Story Dated: Tuesday, September 22, 2015 10:29 hrs UTC

ന്യൂയോര്‍ക്ക്‌: മൂവി ക്യാമറയെ ഒരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത ഏതാനും അമേരിക്കന്‍ മലയാളികളെ അഭിനേതാക്കളാക്കിയ ശബരീനാഥിന്റെ ചാതുര്യം അഭ്രപാളികളില്‍ ഇതള്‍വിരിഞ്ഞപ്പോള്‍ ഹൃദ്യമായ ലഘു കാവ്യംപോലെ `ഐ ലവ്‌ യു'. ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ ക്ഷണിക്കപ്പെട്ട പ്രൗഢസദസില്‍ ഹ്രസ്വചിത്രമായ ഐ ലവ്‌ യു പ്രദര്‍ശിപ്പിച്ചപ്പോള്‍ ലഭിച്ച കൈയ്യടി തന്നെ സിനിമയുടെ വലിയ അംഗീകാരം. ഹ്രസ്വ ചിത്രം കണ്ടപോലെയല്ല മുഴുനീള സിനിമ കാണുന്നതുപോലെ തന്നെ തോന്നിയെന്നു പ്രാസംഗികര്‍ ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ആ വിലയിരുത്തലില്‍ യാഥാര്‍ത്ഥ്യമുണ്ട്‌. മുഴുനീള സിനിമയില്‍ കാണുന്ന ജീവിതാനുഭവങ്ങളെല്ലാം ഐ ലവ്‌ യുവിലുണ്ട്‌. വലിച്ചുനീട്ടിയുള്ള വിരസതയും ആവശ്യമില്ലാത്ത കേമഡി രംഗങ്ങളും ചേര്‍ത്തുള്ള വൃഥാസ്ഥൂലതയും ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു.

 

ഈ സിനിമ സെപ്റ്റം. 22 രാത്രി പ്രൈം ടൈം 8 മണിക്കും രാത്രി 11 മണിക്കും (ന്യു യോര്‍ക്ക് സമയം) പ്രവാസി ചാനലില്‍റിലീസ് ചെയ്യും. പ്രവസികളുടെ സ്വന്തം ചാനലിലൂടെ അമേരിക്കന്‍ മലയാളികളുടെ ചലച്ചിത്രം റിലീസ് ചെയ്യുന്നതും ഇതാദ്യമാണു. ഏതാനും ദിവസം രാത്രി 11 മണിക്കു ഇതു വീണ്ടും പ്രദര്‍ശിപ്പിക്കും സിനിമ കാണുമ്പോള്‍ തന്നെ പ്രേക്ഷകന്റെ മനംകവരുന്നത്‌ ഛായാഗ്രഹണ മികവാണ്‌. അതുപോലെ തന്നെ തെരഞ്ഞെടുത്ത ലൊക്കേഷനുകളും. ഹൃദയാവര്‍ജ്ജകമായ പരിസരങ്ങളില്‍ കഥാപാത്രങ്ങള്‍ ഒന്നൊന്നായി എത്തുമ്പോള്‍ അതില്‍ ലയിക്കുന്ന പ്രേക്ഷക മനസ്‌. ഐ ലവ്‌ യു ഒരു പ്രണയകഥയാണ്‌. അനുകരിക്കപ്പെടാവുന്ന പ്രണയത്തിനുപരിയുള്ള തീക്ഷ്‌ണ സ്‌നേഹത്തിന്റെ കഥ. സ്‌നേഹത്തിനായി ത്യാഗം ചെയ്യാനുള്ള അപൂര്‍വ്വതയുടെ കഥ. ഇത്രയും പറഞ്ഞുവെങ്കിലും കഥയില്‍ അത്ര പുതുമയില്ല എന്ന പോരായ്‌മയുമുണ്ട്‌.

 

ഇതേ കഥ പല രൂപത്തില്‌ നാം പലപ്പോഴായി കണ്ടിരിക്കാം. പക്ഷെ അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഇതാദ്യം. ആനി എന്ന കൗമാരക്കാരിയുടെ പിന്നാലെ പ്രേമവുമായി നടക്കുന്ന പൊന്നൂസ് ആണ്‌ കഥയെ തുടക്കത്തിലേ നയിക്കുന്നതും പ്രേക്ഷകരെ ചിരിപ്പിക്കുന്നതും. ആനിയുടേയും ചേച്ചി സൂസന്റേയും അമ്മയുടേയുമൊക്കെ കണക്കുകൂട്ടലില്‍ പൊന്നൂസ്‌ ഒരു പൊട്ടന്‍ ചെക്കന്‍. പിതാവ്‌ മരിച്ച ആനിയെ അല്‍പം നിയന്ത്രിക്കാന്‍ തന്നെ മടിയില്ലാത്ത സൂസന്‍ എന്ന തന്റേടി ചേച്ചി കഥാപാത്രം പല വീടുകളിലും അന്യമല്ല. പ്രേമാഭ്യര്‍ത്ഥനയൊന്നും ഫലിക്കാതെ വരുമ്പോള്‍ നാട്ടില്‍ നിന്നുവന്ന കുട്ടിക്കാമദേവനായ സാം അമ്മാവന്റെ സഹായം പൊന്നൂസ്‌ തേടുന്നു. പെണ്ണുങ്ങളെ വലയില്‍ വീഴ്‌ത്തുന്നതിൽ വിദഗ്ദനായ സാം ആ അടവ്‌ പലരോടും എടുക്കുന്നു. ഒടുവിലത്‌ സൂസന്റെ നേരേയായി. പക്ഷെ ദുരന്തത്തിന്റെ ഇരയാണ്‌ സൂസനെന്നയാള്‍ മനസിലാക്കുന്നു. രണ്ടു വൃക്കകളും രോഗബാധിതയായവള്‍. അതുകൊണ്ട്‌ പ്രേമിച്ചവര്‍ ഇട്ടിട്ടുപോയി. പക്ഷെ പരിണാമഗുപ്‌തി പോലെ കാമദേവനായി വരുന്നവന്‍ സൂസന്‌ ഒരു വൃക്ക ദാനം ചെയ്യാന്‍ തയാറാകുന്നു. ഇവിടെ പുതിയൊരു പ്രേമകഥ മൊട്ടിടുന്നു. കഥയിലെ സാധാരണത്വവും അഭിനേതാക്കളുടെ പരിചയക്കുറവും പിന്തള്ളി നല്ല കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി സിനിമ ആസ്വാദ്യമധുരമാക്കുന്നതിലാണ്‌ ശബരീനാഥിന്റേയും ഛായാഗ്രാഹകനായ ജോണ്‍ മാര്‍ട്ടിന്റേയും വിജയം.

 

വിസ, വക്കാലത്ത്‌ നാരായണന്‍കുട്ടി തുടങ്ങി ഏതാനും സിനിമകളില്‍ സഹസംവിധായനകനായിരുന്ന ശബരീനാഥ്‌ ഒന്നര ദശാബ്‌ദമായി അമേരിക്കയില്‍ കഴിയുന്നു. സ്വപ്‌നങ്ങളെ കാവല്‍, ബിന്‍ഗോ എന്നീ ഹൃസ്വചിത്രങ്ങള്‍ നേരത്തെ സംവിധാനം ചെയ്‌തിരുന്നു. വക്കാലത്ത്‌ നാരായണന്‍കുട്ടിയിലൂടെ മലയാള സിനിമാരംഗത്തു വരികയും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ജെ.പി മോര്‍ഗനില്‍ ഫൈനാന്‍ഷ്യല്‍ രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മന്യ ആയിരുന്നു മുഖ്യാതിഥി. ശബരീനാഥിന്റെ എല്ലാ സിനിമാ സംരംഭങ്ങള്‍ക്കും അവര്‍ വിജയം നേര്‍ന്നു. ധനീഷ്‌ കാര്‍ത്തിക്കാണ്‌ പൊന്നൂസ്‌ ആയി വേഷമിടുന്നത്‌. ഗായകന്‍ നിലമ്പൂര്‍ ബാലന്റെ പുത്രനായ ധനീഷ്‌ ഏതാനും സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നു.

 

 

ബ്ലസണ്‍ കുര്യന്‍ ആണ്‌ അമ്മാവന്‍ സാമിന്റെ വേഷം അനായാസ വിജയമാക്കിയത്‌. ബാലികയായ മിഷേല്‍, ആനി (സ്വന്തം അമ്മയുടെ പേരും അതാണ്‌- ആനി ലിബു. ചിത്രത്തിന്റെ പി.ആര്‍.ഒ), സൂസന്‍ ആയി ഷെല്‍സിയ ജോര്‍ജ്‌, സൂസന്റെ സുഹൃത്തായി അനിതാ കണ്ണന്‍, ഡോളമ്മയായി പ്രവാസി ചാനല്‍ അവതാരക റോഷി, ഡോ. ഗ്രേസ് ആയി ബിന്ദു കൊച്ചുണ്ണി, ലിസമ്മയായി ജയജി, മുന്‍ സൈനീകനായി സിബി ഡേവിഡ്‌, വൈദീകനായി ജംസണ്‍ കുര്യാക്കോസ്‌, രോഗിയായി ഹരിലാല്‍ നായര്‍, പീറ്ററായി ജോജോ കൊട്ടാരക്കര, അന്ധ യുവതിയായി നടാഷ ലവാനി, സ്റ്റെഫിയായി സൗമ്യ ജോര്‍ജ്‌, ജിമ്മിച്ചനായി സുനില്‍ ചാക്കൊ എന്നിവര്‍ വേഷമിടുന്നു. ജെയ്‌സന്‍ പുല്ലാട്‌ ആണ്‌ അസി. ഡയറക്‌ടര്‍. എഡിറ്റിംഗ്‌ ടിനു കെ. തോമസ്‌. സുമേഷ്‌ ആനന്ദ്‌ സൂര്യ പശ്ചാത്തല സംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍ ഗ്രാഫിക്‌സും ,രാഗേഷ്‌ നാരായണ്‍ വിസ്വല്‍ എഫഫെക്ട്‌സും , ബിനൂപ്‌ ദേവന്‍ സൗണ്ട്‌ എഫഫെക്ട്‌സ്‌ ഉം ഷെഫിന്‍ മേയാന്‍ റീ റെക്കോര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു . ഷീബ ജോണ്‍സന്‍ കാസ്റ്റിംഗും ജിജി ഫിലിപ്പ്‌ പ്രോഡക്‌റ്റ്‌ഷന്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്‌സ്‌ വിജി ജോണും തോമസ്‌ സഞ്‌ജു ചെറിയാനും ആണ്‌. ആനി ലിബു പി.ആര്‍.ഒ ആയി പ്രവര്‍ത്തിക്കുന്നു. ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, ട്രഷറര്‍ ജോയി ഇട്ടന്‍, ജോ. സെക്രട്ടറി ജോസഫ്‌ കുര്യപ്പുറം, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ഫോമാ പി.ആര്‍.ഒ ജോസ്‌ ഏബ്രഹാം, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍, നടി സജിനി സക്കറിയ, നടന്‍ ഗ്രിഗറി തുടങ്ങി ഒട്ടേറെ പേര്‍ ആശംസകള്‍ നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.