You are Here : Home / USA News

ഗൃഹാതുരസ്മരണകളുയര്‍ത്തിയ ഹോളി ഫാമിലി നേഴ്‌സസ് സംഗമം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Sunday, October 18, 2015 12:50 hrs UTC

ഫിലാഡല്‍ഫിയ: സെപ്റ്റംബര്‍ 26, 27 ദിവസങ്ങളില്‍ ന്യൂജേഴ്‌സി നുവാര്‍ക്ക് ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്‍ഡ്യ പൂര്‍വവിദ്യാര്‍ത്ഥികളുടെ മൂന്നാമത് വാര്‍ഷികകുടുംബസംഗമം കലാലയ സ്മരണകളുയര്‍ത്തി പങ്കെടുത്ത എല്ലാ നേഴ്‌സുമാരെയും 1970 കളിലേക്കും, എണ്‍പതുകളിലേക്കും കൂട്ടിക്കൊണ്ടുപോയി. 26 ശനിയാഴ്ച്ച വൈകുന്നേരം പ്രസിഡന്റ് മേരിക്കുട്ടി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ന്യൂഡല്‍ഹി, പാറ്റ്‌നാ ഹോളി ഫാമിലി ഹോസ്പിറ്റല്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങ്ങ് മുന്‍ ഡയറക്ടര്‍ സിസ്റ്റര്‍ മേരി അക്വിനാസ് ഹാമില്‍ട്ടണ്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് മറിയക്കുട്ടി ജോര്‍ജ് വന്താനത്ത് സ്വാഗതം ആശംസിച്ചു. ജോലിയിലെ പിരിമുറക്കങ്ങള്‍ മാറ്റിവച്ച് പാടിയും, ആടിയും, തമാശകള്‍ പൊട്ടിച്ചും, കുടുംബവിശേഷങ്ങള്‍ പങ്കുവച്ചും, ഒന്നിച്ചുള്ള ആരാധനയില്‍ പങ്കെടുത്തും, സ്‌നേഹവിരുന്ന് ആസ്വദിച്ചും എല്ലാവരും കുടുംബസമേതം രണ്ടുദിവസം സന്തോഷമായി ചെലവഴിച്ചു. ടാലന്റ് ഷോയും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 27 ഞായറാഴ്ച്ച ഫ്രാന്‍സിസ് മാര്‍പാപ്പ വേള്‍ഡ് ഫാമിലി മീറ്റിംഗിന്റെ സമാപനത്തില്‍ ഫിലാഡല്‍ഫിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ അംഗങ്ങള്‍ എല്ലാവരും പങ്കെടുത്തു. അതിനായി ഫിലാഡല്‍ഫിയായിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന ബസ് ടൂറും എല്ലാവരും ആവോളം ആസ്വദിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തദവസരത്തില്‍ നടന്നു. മേരിക്കുട്ടി കുര്യാക്കോസ് (ചിക്കാഗോ) വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഏലിയാമ്മ ബേബി (ഹ്യൂസ്റ്റണ്‍) വൈസ് പ്രസിഡന്റ്, ലൂസി ജോസഫ് (ഒക്ലഹോമ) സെക്രട്ടറി, ഗ്രേസി പുരക്കല്‍ (ന്യൂയോര്‍ക്ക്) ജോ. സെക്രട്ടറി, മേരി ജയിംസ് (ഫ്‌ളോറിഡ) ട്രഷറര്‍, എല്‍സി വാതിയേലില്‍ ജോ. ട്രഷറര്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഏലിയാമ്മ ബേബി 2017 ലെ റീയൂണിയന്‍ ഹ്യൂസ്റ്റണില്‍ നടത്താന്‍ വോളന്റിയര്‍ ചെയ്തു. ന്യൂഡല്‍ഹി, പാറ്റ്‌നാ, മാന്‍ഡര്‍ എന്നിവിടങ്ങളിലെ ഹോളി ഫാമിലി ഹോസ്പിറ്റല്‍ നേഴ്‌സിംഗ് കോളേജുകളില്‍നിന്നും ബിരുദമെടുത്ത് അമേരിക്ക, കാനഡ, ഇന്‍ഡ്യ എന്നിവിടങ്ങളില്‍ ആതുരശുശ്രൂഷ, ആരോഗ്യവിദ്യാഭ്യാസം എന്നീ മേഖലകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണല്‍സിന്റെ സൗഹൃദക്കൂട്ടായ്മയാണു ഹോളി ഫാമിലി ആന്റ് മെഡിക്കല്‍ മിഷന്‍ ഇന്‍ഡ്യ ആലംനൈ എന്നപേരില്‍ അറിയപ്പെടുന്നത്. മുന്‍സഹപാഠികളെ കണ്ടുമുട്ടുന്നതിനും, സൗഹൃദം പങ്കുവക്കുന്നതിനും, കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഈ സമാഗമം എല്ലാവര്‍ക്കും സഹായകമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.