You are Here : Home / USA News

ഹോപ് നൈറ്റ് 2015: നവംബര്‍ 1, ഞായറാഴ്ച വൈകീട്ട് 5.30ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Monday, October 19, 2015 10:35 hrs UTC

ഹൂസ്റ്റന്‍ : ഹോപ് നൈറ്റ് 2015 നവംബര്‍ 1 ഞായറാഴ്ച വൈകീട്ട് 5.30ന് സ്റ്റാഫോര്‍ഡിലെ ഇമ്മാനുവല്‍ സെന്ററില്‍(12801 Sugar Ridge Blvd, Stafford, TX-77477) നടത്തപ്പെടുന്നു. ഡാന്‍സ്, മ്യൂസിക്, കോമഡി ഷോ മുതലായ നിറപ്പകിട്ടാര്‍ന്ന വിവിധ കലാപരിപാടികള്‍ പ്രമുഖരായ കലാനിപുണര്‍ വേദിയില്‍ ആവിഷ്‌ക്കരിക്കുന്നു. ഹൃദയത്തിന്റെ ലോലതലങ്ങളില്‍ ആത്മീയാനുഭൂതികളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന 'സ്വര്‍ഗ്ഗത്തിന്റെ സ്വന്തം അമൂല്യദൃഷ്ടികളുടെ'(Heaven's Own Precious Eyes) ഈ അപൂര്‍വ്വ സന്ധ്യപങ്കിടുവാന്‍ എല്ലാവര്‍ക്കും സ്വാഗതം! വിഭിന്ന ശേഷിയുള്ളവരുടെ(Differently Abled) സംരക്ഷണവും പരിപാലനവും വളരെ സൂക്ഷ്മസ്പര്‍ശിയും ദുഷ്‌ക്കരവുമാണ്. അറിയുന്നവയും അല്ലാത്തവയുമായ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ഇത്തരം അവസ്ഥകള്‍ക്ക് ഇരകളായിത്തീരുന്നതിനാല്‍ വളരെ നൊമ്പരപ്പെടുകയും ആത്മഭാരം അനുഭവിക്കയും ചെയ്യുന്നുണ്ട്. ഇത്തരുണത്തിലാണ് HOPE എന്ന ഈ പ്രസ്ഥാനം അന്ധകാരാവൃതമായ ലോകത്തിലെ ആദ്യകിരണങ്ങള്‍പോലെ ഈ ഹ്യൂസ്റ്റന്‍ പ്രദേശത്തെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രശോഭിക്കുന്നത്.

 

 

ഏകദേശം 5 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓട്ടിസം(Autism), സെറിബ്രല്‍ പാള്‍സി(Cerebral palsy), ഡോണ്‍ സിന്‍ഡ്രം(Down Syndrome) മുതലായ മാനസീക വെല്ലുവിളി ശൃംഘലാവസ്ഥകള്‍(Mentally Challenged) ഉള്ളവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു ആശാകേന്ദ്രം പോലെ HOPE ആരംഭിച്ചത്. ആധുനിക സമൂഹത്തില്‍ പരിഭ്രമജനകാംവിധം വര്‍ദ്ധിച്ചുവരുന്ന ഇത്തരം അവസ്ഥകളോട് സമൂഹത്തിന്റെ ആവശ്യപ്രതികരണമായ ഒരു പ്രസ്ഥാനം ഒരു ഇന്ത്യന്‍ സമൂഹത്തില്‍ ഇതു ഇദംപ്രഥമമാണ്. ഈ സംഘടനയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത് അവരുടെ ആത്മഭാരം ലഘൂകരിക്കുന്ന ഒരു അത്താണിയാണ്. ഇന്നത്തെ സമൂഹത്തില്‍ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം അവസ്ഥകള്‍ ശൈശവത്തില്‍ത്തന്നെ തിരിച്ചറിയുവാനും, വിദഗ്ധ ഇടപെടല്‍ അന്വേഷിക്കുവാനും, ലഭ്യമായ പരിഹാരമാര്‍ഗ്ഗങ്ങളും ചികിത്സകളും ആരായുവാനും കഴിയാതെ പോകുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുവാന്‍ കാരണമാകുന്നു. വൈദ്യശാസ്ത്രപരമായ കണ്ടെത്തല്‍ സ്വീകരിക്കുവാനും അംഗീകരിക്കുവാനും ഇന്ത്യന്‍ കുടുംബങ്ങള്‍ വൈമുഖ്യം കാണിക്കുന്നത് തീരെ ആശാസ്യമല്ല. കുടുംബത്തിലെ ഒരു വ്യക്തിയുടെ ഈ അവസ്ഥ പുറത്തുള്ളവര്‍ അറിയുന്നത് ഒരു പോരായ്മയായി കാണുന്ന മാനസീകാവസ്ഥ മാറി അതിനോടു ക്രിയാത്മകമായി പ്രതികരിക്കുന്ന മനോഭാവമാണ് ഉണ്ടാകേണ്ടത്. ഇത്തരം അവസ്ഥകളുള്ളവരെയും അവരുടെ കുടുംബങ്ങളെയും ജാതിമതഭേദമെന്യെ HOPE സ്വാഗതം ചെയ്യുന്നു. HOPE അതിന്റെ ആരംഭം മുതല്‍ ക്രമമായ പ്രതിമാസകൂടി വരവുകള്‍, പ്രത്യേക മീറ്റിംഗുകള്‍, ഈ അവസ്ഥകളെ പഠിക്കുവാന്‍ ഇവയുടെ വിദഗ്ധരെ കണ്ടെത്തി പ്രത്യേക പഠനക്ലാസ്സുകള്‍, സമാന സ്ഥാപനങ്ങളുടെ സന്ദര്‍ശനം മുതലായ പരിപാടികളില്‍ കൂടി വ്യാപകമായ ബോധവല്‍ക്കരണത്തിനും, ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമായി നിരന്തരം യത്‌നിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പംതന്നെ ആഗോളതലത്തില്‍ ഇത്തരം പ്രശ്‌നങ്ങളോടുള്ള ഐക്യദാര്‍ഢ്യം എന്നോണം ഇന്ത്യയിലെ ഇത്തരം കുടുംബങ്ങളെ സഹായിക്കുന്ന പരിപാടിയും തുടര്‍ന്നു വരുന്നു. ഈ വിധ നിസ്വാര്‍ത്ഥ സേവനങ്ങള്‍ അനുഷ്ഠിക്കുന്ന ഈ പ്രസ്ഥാനം വ്യാപകമായ പ്രചാരവും സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും ക്ഷണിക്കുന്നു, അര്‍ഹിക്കുന്നു! HOPE എന്ന ഈ പ്രസ്ഥാനത്തെ അടുത്തറിയുവാനും അതില്‍ പങ്കാളികളാകുവാനും സഹകരിക്കുവാനുമുള്ള ഒരു അസുലഭസന്ദര്‍ഭമാണ് 2015 നവംബര്‍ 1 എന്ന കേരളപ്പിറവി ദിനത്തില്‍ നടത്തപ്പെടുന്ന HOPE NITE-2015! സാമൂഹ്യ ബോധവല്‍ക്കരണത്തോടൊപ്പം HOPE- ന്റെ ചിരകാലാഭിലാഷമായ പുനരധിവാസ കേന്ദ്രത്തിനായുള്ള (Rehabilitation Center) വിഭവ സമാഹാരണവും ലക്ഷ്യമാക്കിയാണ് ഈ പരിപാടി. വ്യക്തികള്‍, കുടുംബങ്ങള്‍, സംഘടനകള്‍, പ്രസ്ഥാനങ്ങള്‍ ഇവയില്‍നിന്ന് ഉദാരമായ സംഭാവനകള്‍ HOPE പ്രതീക്ഷിക്കുന്നു. നല്‍കുന്ന തുകയുടെ വലിപ്പചെറുപ്പം ഗൗനിക്കാതെ സമര്‍പ്പിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. HOPE NITE- 2015 ന് പല തലങ്ങളിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാണ്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഡിന്നറും വിളമ്പുന്ന മനോഹര സായംസന്ധ്യയില്‍ കുടുംബസമ്മേതം പങ്കെടുക്കുവാന്‍ HOPE ജാതിമതഭേദമെന്യെ എല്ലാവരേയും ക്ഷണിക്കുന്നു. പ്രവേശനം സൗജന്യം! കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റും ബന്ധപ്പെടുക: ഏബ്രാഹാം സാമൂവല്‍(കോ-ഓര്‍ഡിനേറ്റര്‍): 281-248-6528 ജോസ് കെ. ജോര്‍ജ്(ട്രഷറര്‍): 281-704-3538 മോനച്ചന്‍ തോമസ്(സെക്രട്ടറി): 832-766-4249

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.