You are Here : Home / USA News

നാല്‍പതാം വാര്‍ഷീകവും പരുമല തിരുമേനിയുടെ പെരുന്നാളും സമുചിതമായി ആചരിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, November 11, 2015 02:07 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ 40-ാം വാര്‍ഷീകാഘോഷവും പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാളും സംയുക്തമായി ഒക്ടോബര്‍ 30, 31(വെള്ളി, ശനി) ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ട ആഘോഷ പരിപാടികളില്‍, ഇടവകയിലേയും, സമീപ ഇടവകയിലേയുമായി ഒട്ടനവധി വിശ്വാസികള്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരായി. 31-ാം തിയ്യതി ശനിയാഴ്ച അഭിവന്ദ്യ മെത്രാപോലീത്തായുടെ പ്രധാന കാര്‍മ്മികത്വത്തിലും, വെരി.റവ.കുരിയാക്കോസ് കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ.ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും, വി.മൂന്നിന്മേല്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. വി.കുര്‍ബ്ബാനാനന്തരം നടത്തപ്പെട്ട പൊതു സമ്മേളനത്തില്‍ അഭവന്ദ്യ മെത്രാപ്പോലീത്താ അദ്ധ്യക്ഷം വഹിച്ചു. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന യാക്കോബായ വിശ്വാസികളായ ഏതാനും പേരുടെ അശ്രാന്ത പരിശ്രമത്തിന്റേയും, അര്‍പ്പണ മനോഭാവത്തിന്റേയും ഫലമായി തുടക്കം കുറിച്ച ഈ ആരാധനാലയത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ഏവരേയും, ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായി അഭിവന്ദ്യ തിരുമേനി തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ തന്നെ പ്രഥമ ദേവാലയങ്ങളിലൊന്നായ ഈ ആരാധനാലയത്തിന്റെ സ്ഥാപകവികാരി റവ.ഫാ.ജോണ്‍ ജേക്കബ്ബ്(ഇപ്പോള്‍ യൂഹാനോന്‍ മാര്‍ പീലക്ലിനോസ് മെത്രാപോലീത്താ) മറ്റു മുന്‍ വികാരിമാര്‍, എന്നിവരുടെ സേവനങ്ങള്‍ വര്‍ണ്ണാതീതമാണെന്നും തിരുമേനി ഓര്‍മ്മിപ്പിച്ചു. ഈ ദേവാലയത്തിന്റെ വളര്‍ച്ചക്കും, പുരോഗതിക്കുമായി പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതിനോടൊപ്പം ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങളിലും, സഭയുടെ വിശ്വാസാചാരാനുഷ്ഠാനങ്ങളിലും, ഈ ദേവാലയത്തിന്റെ പങ്ക് ഏറെ പ്രശംസനീയമാണെന്നും റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ്(ഭദ്രാസന സെക്രട്ടറി) ആശംസാ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. തന്റെ വികാരിത്വ ശുശ്രൂഷ വേളയില്‍, ഏതു പ്രതികൂലസാഹചര്യങ്ങളിലും തന്നോടൊപ്പം പ്രവര്‍ത്തിച്ച ഏവരേയും പ്രത്യേകം സ്മരിക്കുന്നതായി ആശംസാ പ്രസംഗം നടത്തിയ വെരി.റവ. കുരിയാക്കോസ് കറുകയില്‍ കോര്‍പ്പിസ്‌ക്കോപ്പയും സൂചിപ്പിച്ചു. റവ.ഫാ.ജോസഫ് കാരികുന്നേല്‍(കത്തോലിക്കാ ചര്‍ച്ച്) ആശംസകള്‍ അര്‍പ്പിച്ചു. റവ.ഫാ. വര്‍ഗീസ് പോള്‍(കൗണ്‍സില്‍ മെംബര്‍) റവ.ഫാ. ബിജൊ മാത്യു, റവ.ഫാ. ആകാശ് പോള്‍, റവ.ഫാ. ഫോസ്റ്റിനെ കോന്റിലാ എന്നിവര്‍ക്ക് പുറമേ, ശ്രീ.സാജു പൗലോസ് മാരോത്ത്(മുന്‍ ഭദ്രാസന ട്രഷറര്‍), ശ്രീ.സിമി ജോസഫ്(ഭദ്രാസന ജോയിന്റ് ട്രഷറര്‍), ഷെവലിയര്‍ അബ്രഹാം മാത്യു(കൗണ്‍സില്‍ മെംബര്‍) എന്നിവരും സന്നിഹിതരായിരുന്നു. 40 വര്‍ഷത്തെ പള്ളിയുടെ ചരിത്രമുള്‍ക്കൊള്ളുന്ന സോവനീറിന്റെ പ്രകാശന കര്‍മ്മവും അഭിവന്ദ്യ തിരുമേനി നിര്‍വഹിച്ചു. ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍ നന്ദി രേഖപ്പെടുത്തി. സ്‌നേഹ വിരുന്നോടെ ആഘോഷ പരിപാടികള്‍ക്ക് സമാപനമായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.