You are Here : Home / USA News

ലോംഗ്‌ ഐലന്റ്‌ മുസ്ലിംകളും വിവിധ മത നേതാക്കളും പാരിസ്‌ ആക്രമണത്തെ അപലപിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Wednesday, November 25, 2015 12:39 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ ഇസ്ലാമിക്‌ സെന്റര്‍ ഓഫ്‌ ലോംഗ്‌ ഐലന്റിന്റേയും (ഐ.സി.എല്‍.ഐ), ഇന്റര്‍ഫെയ്‌ത്ത്‌ അലയന്‍സ്‌ ഓഫ്‌ ലോംഗ്‌ ഐലന്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 20 വെള്ളിയാഴ്‌ച ജുമാ നമസ്‌ക്കാരത്തിനുശേഷം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍, പാരീസ്‌ നഗരത്തില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. ഇസ്ലാമിക്‌ സെന്ററിന്റെ മുന്‍വശത്ത്‌ തടിച്ചുകൂടിയ വിവിധ മതവിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ ഒരു ഡസനോളം വരുന്ന മതമേലധ്യക്ഷന്മാര്‍ വികാരാധീനരായാണ്‌ പാരീസ്‌ ആക്രമണത്തെ അപലപിച്ച്‌ സംസാരിച്ചത്‌. ഇസ്ലാമിന്റെ പേരില്‍ ഐസിസ്‌ എന്ന ഭീകരസംഘടന നടത്തുന്ന പൈശാചികവും ഹീനവുമായ ആക്രമണങ്ങളെ യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും, ഇസ്ലാമിന്റെ പേര്‌ ദുരുപയോഗം ചെയ്യുന്ന ഐസിസ്‌ പോലുള്ള ഭീകരസംഘടനകളെ ഇല്ലാതാക്കണമെന്നും എല്ലാവരും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. ആക്രമണങ്ങളിലും ബോംബ്‌ സ്‌ഫോടനങ്ങളിലുമായി 129 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌ത സംഭവത്തെ ശക്തമായ ഭാഷയിലാണ്‌ തടിച്ചുകൂടിയവര്‍ അപലപിച്ചത്‌. ബൈബിള്‍ വചനങ്ങളും, ഖുര്‍ആന്‍ സൂക്തങ്ങളുമുരുവിട്ട്‌, ഖിന്ന ഹൃദയങ്ങളോടും, 'ഐസിസ്‌ ഇസ്ലാം വിശ്വാസികളല്ല' എന്ന പ്ലക്കാര്‍ഡുകളുമേന്തി കൃസ്‌ത്യന്‍ഇസ്ലാംജൂത മതവിശ്വാസികളടങ്ങുന്ന ജനക്കൂട്ടം ഐസിസിന്‌ വ്യക്തമായ സന്ദേശമാണ്‌ നല്‍കിയത്‌. കുടിയേറ്റക്കാരുടെ ഭൂമിയായ അമേരിക്കയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും അനുവദിക്കുകയില്ല എന്ന്‌ അവര്‍ ശപഥം ചെയ്‌തു. `ഭയവും വിദ്വേഷവുമാണ്‌ ഞങ്ങളുടെ ശത്രു. ആ ശത്രുവിനെ മനഃസ്സാന്നിധ്യം കൊണ്ട്‌ സധൈര്യം ഞങ്ങള്‍ നേരിടും. പരസ്‌പരവിശ്വാസവും സ്‌നേഹവുമാണ്‌ ഞങ്ങളുടെ മുഖമുദ്ര.` ഇന്റര്‍ഫെയ്‌ത്ത്‌ അലയന്‍സ്‌ ഓഫ്‌ ലോംഗ്‌ ഐലന്റ്‌ ചെയര്‍മാന്‍ റവ. മാര്‍ക്ക്‌ ലൂക്കന്‍സ്‌ വ്യക്തമാക്കി. തീവ്രവാദത്തിന്റെ പേരില്‍ ഇത്തരം നീചമായ ആക്രമണങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതവിശ്വാസികളും ഒറ്റക്കെട്ടായി നിന്ന്‌ തീവ്രവാദത്തേയും വംശീയാക്രമണത്തേയും അപലപിക്കണമെന്ന്‌ ഇസ്ലാമിക്‌ സെന്റര്‍ പ്രസിഡന്റ്‌ ഡോ. ഇസ്‌മാ ചൗധരി അഭ്യര്‍ത്ഥിച്ചു. ഭീകരപ്രവര്‍ത്തനത്തെ ഇസ്‌ലാം അനുവദിക്കുന്നില്ലെന്നും മതം പഠിപ്പിക്കുന്ന കാരുണ്യ സന്ദേശത്തിന്‌ എതിരാണ്‌ തീവ്രവാദികളുടെ പ്രവര്‍ത്തനമെന്നും അവര്‍ വ്യക്തമാക്കി. മുസ്ലീം മതവിശ്വാസികള്‍ക്ക്‌ ഇതൊരു വംശീയ പ്രശ്‌നമാണെങ്കിലും, ഇത്‌ വെറും രാഷ്‌ട്രീയസാമൂഹിക പ്രശ്‌നമായി കാണാതെ തീവ്രവാദത്തിനും, അനീതിക്കെതിരെയും, രക്തച്ചൊരിച്ചിലിനെതിരെയും പോരാടുവാന്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇമാം ഇബ്രാഹിം നിഗം, ഐ.സി.എല്‍.ഐ. സഹസ്ഥാപകന്‍ ഡോ. ഫറൂഖ്‌ ഖാന്‍, വെരി. റവ. മൈക്കള്‍ സ്‌നിഫിന്‍ (ഡീന്‍, കത്തീഡ്രല്‍ ഓഫ്‌ ഇന്‍കാര്‍നേഷന്‍, ഗാര്‍ഡന്‍ സിറ്റി), ഐ.സി.എല്‍.ഐ. പ്രസിഡന്റ്‌ ഡോ. ഇസ്‌മാ ചൗധരി, ഇന്റര്‍ഫെയ്‌ത്ത്‌ അലയന്‍സ്‌ ഓഫ്‌ ലോംഗ്‌ ഐലന്റ്‌ ചെയര്‍മാന്‍ റവ .മാര്‍ക്ക്‌ ലൂക്കന്‍സ്‌, ഹബീബ്‌ അഹമ്മദ്‌ (നിയുക്ത ഐ.സി.എല്‍.ഐ. പ്രസിഡന്റ്‌), ഡോ. ഉണ്ണി മൂപ്പന്‍, യു.എ. നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.