You are Here : Home / USA News

നിലനില്‍പിന്റെ പ്രശ്‌നം ചാനലുകള്‍ക്കും ഉണ്ടാവാന്‍ സാധ്യത

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Thursday, November 26, 2015 01:59 hrs UTC

ചിക്കാഗോ: പ്രിന്റ്‌ മീഡിയ അഭിമുഖീകരിക്കുന്ന നിലനില്‍പിന്റെ പ്രശ്‌നം ചാനലുകള്‍ക്കും ഉണ്ടായിക്കൂടായ്‌കയില്ലെന്ന്‌ പി.ജി. സുരേഷ്‌ കുമാര്‍. ഏഷ്യാനെറ്റിലെ നേര്‍ക്കുനേര്‍ പരിപാടിയുടെ അവതാരകനായ സുരേഷ്‌ കുമാര്‍ ഇന്ത്യാ പ്രസ്‌ക്ലബ്‌ സമ്മേളനത്തില്‍ 'ദൃശ്യമാധ്യമങ്ങള്‍ വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു. വാര്‍ത്താ ചാനലുകളുടെ എണ്ണം കൂടുമ്പോള്‍ കാഴ്‌ചക്കാരുടെ എണ്ണവും വിഭജിച്ചു പോകുന്നു. എങ്കിലും ആധികാരികതയുള്ള ചാനലിനാണ്‌ വിശ്വാസ്യത. 24 മണിക്കൂറും ഡെഡ്‌ലൈന്‍ ഉള്ള മറ്റൊരു മാധ്യമവുമില്ല. പത്രത്തില്‍ പല കൈകളിലൂടെയാണ്‌ വാര്‍ത്ത കടന്നുപോകുന്നത്‌. അതിനാല്‍ തെറ്റുകള്‍ കടന്നുകൂടാന്‍ സാധ്യത കുറവ്‌. എന്നാല്‍ ടിവിയില്‍ തത്സമയ സംപ്രേഷണം നടക്കുമ്പോള്‍ ഒരൊറ്റ വ്യക്തിയാണ്‌ റിപ്പോര്‍ട്ടറും എഡിറ്ററും എല്ലാം. കാര്യങ്ങള്‍ കൂ ടുതല്‍ പഠിക്കാനോ ആരോടെങ്കിലും ചോദിക്കാനോ സമയമില്ല. ഇതുമൂലമാണ്‌ പലപ്പോഴും ടിവി വാര്‍ത്തയില്‍ തെറ്റും കുറവുകളും കാണുന്നത്‌. അതിനെ പര്‍വതീകരിച്ചു കാണിക്കുന്ന പ്രവണതയുണ്ട്‌. ടെലിവിഷന്‍ പല രാഷ്‌ട്രീയക്കാരുടേയും പ്രവര്‍ത്തനങ്ങളെ മാത്രമല്ല, സ്വഭാവത്തെ വരെ സ്വാധീനിച്ചു. ഉദാഹരണത്തിന്‌ അച്യുതാനന്ദന്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസില്‍ തിരിച്ചു വരാന്‍ വൈകിയതിനു കാരണം മുമ്പു പറഞ്ഞ കാര്യങ്ങള്‍ ടിവിയില്‍ അടിക്കടി പ്രക്ഷേപണം ചെയ്‌തതു കൊണ്ടാണെന്ന്‌ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്‌. വാര്‍ത്ത ബ്രേക്ക്‌ ചെയ്യുന്നതിനു ലഭിക്കുന്ന പ്രധാന്യം വിവരണാതീതമാണ്‌. വൈകാതെ തന്നെ അതു മറ്റുള്ളവര്‍ ഏറ്റുപിടിക്കുമെങ്കിലും ആദ്യം കൊടുത്തതിന്റെ പ്രധാന്യം കുറയുന്നില്ല. പിഴവുകള്‍ വരാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്‌. കെ.ആര്‍. നാരായണന്‍ മരിക്കും മുമ്പ്‌ മരണവാര്‍ത്ത ടിവിയില്‍ വന്നു. ഹോസ്‌പിറ്റലില്‍ ചെന്നപ്പോള്‍ ഡോക്‌ടര്‍മാര്‍ അവസാന ശ്രമത്തിലാണ്‌. ചാനലുകള്‍ തമ്മിലുള്ള മത്സരത്തില്‍ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്നു പറയാനാവില്ല. എങ്കിലും അതൊരു വെല്ലുവിളിയാണ്‌. നിഷ്‌പക്ഷത എന്നു പറഞ്ഞ്‌ സത്യത്തിനു നേരേ കണ്ണടയ്‌ക്കുന്നതും ശരിയല്ല. ചിലരെ മാത്രം ആക്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകന്‌ നഷ്‌ടമാകുന്നതു സ്വന്തം വിശ്വാസ്യതയാണ്‌. അത്തരക്കാര്‍ക്ക്‌ പിടിച്ചു നില്‍ക്കാനാവില്ല. നിഷ്‌പക്ഷമായല്ല, ശരിയുടെ ഭാഗത്താണ്‌ മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കേണ്ടത്‌. അതു മാനേജ്‌മെന്റിനെ ബോധ്യപ്പെടുത്താനും കഴിയണം. ഉറവിടം എന്തെന്നറിയാതെ വാര്‍ത്തകള്‍ മാധ്യമങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്നതും ദോഷം ചെയ്യുന്നു. പ്രത്യേകിച്ച്‌ വെബ്‌സൈറ്റില്‍. ടാഗ്‌ ചെയ്‌തും മറ്റും വരുന്ന വാര്‍ത്തകള്‍. കെ.എം. മാണിയെ വേട്ടയാടി എന്നു പറയുന്നവര്‍ കെ. കരുണാകരനെതിരെ ഉണ്ടായ വാര്‍ത്താ വിസ്‌ഫോടനം ഓര്‍ക്കണം. പിണറായിയേയും മാധ്യമങ്ങള്‍ വെറുതെ വിടുന്നില്ല. പക്ഷെ ഇതൊക്കെ അവരെ തളര്‍ത്തും എന്നു പറയുന്നതില്‍ കഴമ്പില്ല. ടെലിവിഷനാണ്‌ ദോഷമെന്നു പറയുന്നതിനോട്‌ യോജിപ്പില്ല. വാര്‍ത്തകള്‍ തമസ്‌കരിക്കാന്‍ കഴിയാതെ വരുന്നത്‌ വാര്‍ത്താ ചാനലുകള്‍ വന്നതുമൂലമാണ്‌. മാധ്യമ നിലപാട്‌ മൂലം ഏതെങ്കിലും പദ്ധതികള്‍ നഷ്‌ടപ്പെട്ടതായി അറിവില്ല. പിഴവുകളേക്കാള്‍ ഒരുപാട്‌ നേട്ടങ്ങളാണ്‌ വാര്‍ത്താ ചാനലുകള്‍ നല്‍കുന്നത്‌; സുരേഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി. ബുക്കര്‍ െ്രെപസുമായി ബന്ധപ്പെട്ട്‌ തനിക്കെതിരേ ആക്രമണം നടന്നത്‌ രതീദേവി ചൂണ്ടിക്കാട്ടി. ഓരാളും തന്നോട്‌ അഭിപ്രായം ചോദിച്ചില്ല. പത്രത്തിനും അതിലെ പത്രപ്രവര്‍ത്തകര്‍ക്കും രണ്ടുതരം സ്വാതന്ത്ര്യമില്ലെന്നു സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ ചൂണ്ടിക്കാട്ടി. ഒരുകാലത്ത്‌ ഒന്നോ രണ്ടോ പത്രങ്ങള്‍ വിചാരിച്ചാല്‍ വാര്‍ത്തകള്‍ തമസ്‌കരിക്കാനാകുമായിരുന്നുവെന്നു രാജു ഏബ്രഹാം എം.എല്‍.എ ചൂണ്ടിക്കാട്ടി. അതായിരുന്നു സ്ഥിതിയെങ്കില്‍ സരിത കേസ്‌ വെളിച്ചം കാണുമായിരുന്നില്ല. എക്‌സ്‌ക്ലൂസീവുകള്‍ക്കായുള്ള നെട്ടോട്ടത്തില്‍ മാധ്യമങ്ങള്‍ സത്യം കണ്ടെത്താന്‍ മെനക്കെടാറില്ലെന്ന്‌ തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു. മോഡറേറ്ററായിരുന്ന ഡോ. കൃഷ്‌ണകിഷോര്‍ ഇന്‍ഫര്‍മേഷന്‍ സുനാമിയെപ്പറ്റി സംസാരിച്ചു. പാനലിസ്‌റ്റുകളായിരുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, രാജു പളളത്ത്‌, ജേക്കബ്‌ റോയി, സുനില്‍ തൈമറ്റം, മാത്യു വര്‍ഗീസ്‌, ഏബ്രഹാം തോമസ്‌, സണ്ണി വളളിക്കളം എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.