You are Here : Home / USA News

മരിയന്‍ ടിവി ഇനി കാത്തലിക്‌ ന്യൂ മീഡിയ നെറ്റ്‌ വര്‍ക്കിന്റെ ഭാഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, November 27, 2015 01:37 hrs UTC

ഫിലാഡാല്‍ഫിയ: ലോകമെങ്ങുമുള്ള മലയാളി ക്രൈസ്‌തവരുടെ ആത്മീയതയില്‍ സവിശേഷമായ അടയാളങ്ങള്‍ പതിപ്പിച്ച മരിയന്‍ ടിവി ഇനിമുതല്‍ കാത്തലിക്‌ ന്യൂ മീഡിയ നെറ്റ്‌ വര്‍ക്കിന്റെ (CNMN) ഭാഗം. ഇരുപത്തിനാലു മണിക്കൂറും ദൈവവചനം മാത്രം നല്‌കുന്ന മലയാളത്തിലെ ആദ്യത്തെ ചാനലായ മരിയന്‍ ടിവി വിദേശത്ത്‌ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ആത്മീയ ചാനലാണ്‌. അമേരിക്ക, കാനഡ, യുകെ, അയര്‍ലന്‍ഡ്‌, ജെര്‍മനി, ഓസ്‌ട്രിയ, സ്വിറ്റ്‌സെര്‍ലാന്‍ഡ്‌, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളില്‍ ഇതര ടെലിവിഷന്‍ ചാനലുകള്‍ക്കൊപ്പം മരിയന്‍ ടിവി ലഭ്യമാണ്‌. മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ വര്‍ഷത്തില്‍ തന്നെ ഈ ചാനല്‍ ഇന്ത്യയിലും സാറ്റെലൈറ്റ്‌ സംപ്രേക്ഷണം ആരംഭിക്കും. പരിപൂര്‍ണമായും കത്തോലിക്കാ വിശ്വാസത്തിന്‌ അനുസൃതമായി സഭാപിതാക്കന്മാരുടെ നിര്‍ദേശാനുസരണം ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. സിഎംഐ സഭയുടെ മുന്‍ പ്രിയോര്‍ ജനറലും ദീപിക ദിനപത്രത്തിന്റെ മുന്‍ ചീഫ്‌ എഡിറ്ററും ആയ ഫാദര്‍ ജോസ്‌ പന്തപ്ലാംതൊട്ടിയില്‍, ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ മുന്‍ വികാരി ജനറാളും സീറോ മലബാര്‍ സഭയുടെ പബ്ലിക്‌ അഫയേഴ്‌സ്‌, ഹയര്‍ എജ്യൂക്കേഷന്‍ വകുപ്പുകളുടെ സെക്രട്ടറിയുമായ റവ.ഡോ.ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍, റിഡംപ്‌റ്ററിസ്റ്റ്‌ സന്യാസസഭയുടെ കമ്മ്യൂണിക്കേഷന്‍സ്‌ ഡയറക്ടര്‍ ഫാദര്‍ ബിജു മഠത്തിക്കുന്നേല്‍ (Rome), പ്രശസ്‌ത ധ്യാനഗുരു ഫാദര്‍ ഷാജി തുമ്പേച്ചിറയില്‍ എന്നിവര്‍ ഈ ചാനലിന്റെ ആത്മീയനേതൃത്വം വഹിക്കും; ബ്രദര്‍ പി ഡി ഡൊമിനിക്ക്‌ ചെയര്‍മാനായി തുടരും; പ്രശസ്‌ത മാധ്യമപ്രവര്‍ത്തകനായ ശാന്തിമോന്‍ ജേക്കബ്‌ ആയിരിക്കും എക്‌സിക്യൂട്ടിവ്‌ ഡയറക്ടര്‍. വത്തിക്കാന്‍ ടെലിവിഷന്‍ സെന്ററുമായി സഹകരിച്ച്‌ വത്തിക്കാനില്‍ നിന്നുള്ള ലൈവ്‌ ടെലികാസ്റ്റ്‌ ഉടന്‍ ആരംഭിക്കും. വത്തിക്കാനിലെ പ്രാധാന സംഭവങ്ങളും മാര്‍പാപ്പയുടെ വിദേശയാത്രകളും ലൈവ്‌ ആയി ഇനി മലയാളത്തില്‍ എത്തും. മൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഫിലാഡല്‍ഫിയായില്‍ നിന്ന്‌ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച മരിയന്‍ ടിവി ഇന്ന്‌ ലോകമെമ്പാടും ക്രിസ്‌തുവിന്റെ വചനം എത്തിച്ചുകൊണ്ടിരിക്കുന്നു. വിദേശത്ത്‌ മലയാളം ചാനലുകള്‍ ലഭിക്കുന്ന എല്ലാ പാക്കേജുകളിലും മരിയന്‍ ടിവി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. റോക്കു ഇന്റര്‍നാഷനല്‍ ആന്‍ഡ്രോയിസ്‌ ബോക്‌സ്‌, നിയോ ടിവി, നെറ്റ്‌ ഗിയര്‍, ഗൂഗിള്‍ ടിവി, ബോം ടിവി, ഹോം ടിവി, ആനന്ദ്‌ മീഡിയ യുകെ, വിവാജി കാനഡ എന്നീ പ്ലാറ്റ്‌ഫോമുകളിലും മരിയന്‍ ടിവി ലഭ്യമാണ്‌. ഐ ഫോണ്‍, ഐ പാഡ്‌, ഐ പോഡ്‌ എന്നിവയില്‍ ആപ്പ്‌സ്‌റ്റോറിലും ആന്‍ഡ്രോയിഡ്‌ പ്ലേ സ്‌റ്റോറിലും നിന്ന്‌ മരിയന്‍ ടിവിയുടെ ആപ്പ്‌ ഡൌണ്‍ലോഡ്‌ ചെയ്യാം. മരിയന്‍ ടിവിയുടെ വെബ്‌സൈറ്റില്‍ ലൈവ്‌ സ്‌ട്രീമിംഗ്‌ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. റോം കേന്ദ്രമായി രജിസ്‌ട്രര്‍ ചെയ്‌തിരിക്കുന്ന മാധ്യമസംരംഭമാണ്‌ സിഎന്‍എംഎന്‍ അഥവാ കാത്തലിക്‌ ന്യൂ മീഡിയ നെറ്റ്‌ വര്‍ക്ക്‌. സിഎന്‍എംഎന്‍ ഇംഗ്ലീഷ്‌ സ്‌പിരിച്വല്‍ പോര്‍ട്ടലും ഹൃദയവയല്‍ ഡോട്ട്‌ കോം മലയാളം സ്‌പിരിച്വല്‍ പോര്‍ട്ടലുമാണ്‌ സിഎന്‍എംഎന്റെ പ്രഥമസംരംഭങ്ങള്‍. ലോകമെങ്ങുമുള്ളവായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മലയാള ക്രൈസ്‌തവ പോര്‍ട്ടലായി ചുരുങ്ങിയ നാളുകള്‍ക്കൊണ്ടുതന്നെ ഹൃദയവയല്‍ മാറിക്കഴിഞ്ഞിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.