You are Here : Home / USA News

കലയുടെ കൈത്തിരി തെളിയിച്ച 30 വര്‍ഷങ്ങള്‍

Text Size  

Story Dated: Wednesday, December 02, 2015 12:12 hrs UTC

ശ്രീകുമാര്‍ ഉണ്ണിത്താന്‍

 

ഫൊക്കാനയുടെ കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചയോടൊപ്പം വളര്‍ന്നു പന്തലിച്ച ഒരു സമൂഹമുണ്ട് അമേരിക്കയില്‍. ഫൊക്കാനാ വളര്‍ത്തിയെടുത്ത കലാകാരന്മാര്‍, കലാകാരികള്‍. ഒരു നീണ്ട നിരതന്നെയുണ്ട്. ഫൊക്കാനയുടെ ആദ്യസമ്മേളനം മുതല്‍ അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ യുവകലാകാരന്മാര്‍ക്കും കുട്ടികള്‍ക്കും ലഭിച്ച ഫൊക്കാനയുടെ വേദികള്‍ അവരുടെ കലയുടെ കേളി വൈഭവം പ്രകടിപ്പിക്കാന്‍ കിട്ടിയ അസുലഭ അവസരങ്ങള്‍ ആയിരുന്നു. ഫൊക്കാനയുടെ രൂപീകരണത്തിനു പിന്നില്‍ ഇത്തരം ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം കുട്ടികളുടെ സര്‍ഗ്ഗ വൈഭവം ഒരു വേദിയില്‍ അവതരിപ്പിച്ചു കാണുമ്പോള്‍ ഒരു രക്ഷകര്‍ത്താവിനുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഫൊക്കാനയുടെ വേദികളില്‍ തിളങ്ങിയ കലാകാരന്മാരുടെ എണ്ണമെത്ര? ആയിരത്തിലധികം വേദികള്‍ 10000ത്തിലധികം കലാകാരന്മാര്‍. ഇവരെല്ലാം നമ്മുടെ കുട്ടികള്‍. പുതിയ തലമുറയെ ഭാരതീയ പാരമ്പര്യത്തില്‍ അധിഷ്ടിതമായ നാട്യ ചിന്താധാരകള്‍ പഠിപ്പിക്കുവാനും അത് മനോഹരമായി വേദികളില്‍ അവതരിപ്പിക്കുവാനുമുള്ള യുവജനോത്സവങ്ങള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാന്‍ സാധിച്ചത് ഫൊക്കാന നാളെയുടെ മുത്തുകളെ വാര്‍ത്തെടുക്കുവാന്‍ പ്രതിഞാബദ്ധമായതുകൊണ്ടാണ്. ഫൊക്കാനയുടെ ആരംഭകാലം മുതല്‍ കണ്‍വെന്‍ഷനുകളിലും, റീജിയണല്‍ കണ്‍വെന്‍ഷനുകളിലും പുതിയ തലമുറകള്‍ക്കായി ഒരു ദിവസം തന്നെ നീക്കി വയ്ക്കുന്നു. ഇപ്പോള്‍ യുവജനങ്ങള്‍ക്ക് മാത്രമായി കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. കഴിഞ്ഞ ചിക്കാഗോ കണ്‍വെന്‍ഷനില്‍ ക്ഷണിക്കപ്പെട്ട പരിപാടികളേക്കാള്‍ കയ്യടി നേടിയത് നമ്മുടെ കുട്ടികളുടെ കലാപരിപാടികള്‍ക്കായിരുന്നു. ഫൊക്കാന യുവതലമുറയ്ക്കു പ്രാധാന്യം നല്‍കുന്നതിന് പ്രധാന കാരണം അവരുടെ കലാവാസനകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് ഒരു കറ കളഞ്ഞ വ്യക്തിത്വത്തിനു ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിനു ഫൊക്കാനയുടെ നേതൃത്വനിരയിലേക്ക് ചെറുപ്പക്കാര്‍ കടന്നു വരേണ്ടതുണ്ട്. അതിനു പഴയ തലമുറയുടെ അംഗീകാരവും അനുഗ്രഹവും അവര്‍ക്ക് ഉണ്ടാകണം. മത്സരത്തില്‍ അധിഷ്ടിതമായ ചിന്താഗതികള്‍ മാറ്റി സ്‌നേഹത്തിന്റെ ഭാഷയുടെ ചിന്താഗതികള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. ഫൊക്കാനയുടെ ഒരു ലക്ഷ്യവും അതാണ്. നാളത്തെ തലമുറ അമേരിക്കക്കാരാകാതെ അമേരിക്കന്‍ മലയാളികളായി ജീവിക്കുവാനും കുടുംബം എന്ന സത്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ജീവിക്കുവാനും ഫൊക്കാനയുടെ സംഘ ചേതനയ്ക്കും കലാവേദികള്‍ക്കും കഴിയും എന്നതിന്റെ തെളിവാണ് ഈ സംഘടനയുടെ നാളിതുവരെയുള്ള വര്‍ച്ച. അതാണ് ഫൊക്കാനയുടെ കരുത്ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.