You are Here : Home / USA News

മാത്യു മണക്കാട്ടച്ചന് ഫിലാഡല്‍ഫിയ സമൂഹത്തിന്റെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Thursday, December 03, 2015 01:23 hrs UTC

ഫിലാഡല്‍ഫിയ: ദൈവപരിപാലനയിലൂന്നിയ നാലരവര്‍ഷത്തെ സ്തുത്യര്‍ഹമായ അമേരിക്കന്‍ ശുശ്രൂഷകള്‍ക്കുശേഷം കേരളത്തിലേയ്ക്ക് മടങ്ങിപ്പോകുന്ന സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ടിന് ഫിലാഡല്‍ഫിയായിലെ വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. സെ. ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഫിലാഡല്‍ഫിയാ ക്‌നാനായ മിഷന്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചുകൊണ്ടിരുന്ന ബഹുമാനപ്പെട്ട മാത്യു അച്ചന്‍ ക്‌നാനായ കമ്യൂണിറ്റിക്ക് പുതിയൊരു ദിശാബോധവും, ഉണര്‍വും പകര്‍ന്നു നല്‍കി. ചിക്കാഗോ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നിയമനപ്രകാരം 2011 ജൂലൈ 21 -ന് മിഷന്‍ ഡയറക്ടറായി സ്ഥാനമേറ്റ ഉടന്‍ തന്നെ ഫിലാഡല്‍ഫിയായുടെ പ്രഥമവിശുദ്ധനായ സെ. ജോണ്‍ ന്യൂമാന്റെ പേരു നല്‍കി ക്‌നനായ മിഷനെ അമേരിക്കന്‍ സംസ്‌കാരവും പൈതൃകവുമായി സമന്വയിപ്പിച്ചു. സെന്റ് ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച് ഇംഗ്ലീഷ് പാരീഷില്‍ പാര്‍ട്ട് ടൈം പാരോക്കിയല്‍ വികാരിയായി സേവനം ചെയ്തുകൊണ്ട് ക്‌നാനായ കമ്യൂണിറ്റിയുടെ സര്‍വതോമുഖമായ വളര്‍ച്ചക്ക് മാത്യു അച്ചന്‍ വഴിയൊരുക്കി. മാസത്തിലൊരിക്കല്‍ മാത്രമായി നടന്നുവന്നിരുന്ന ഞായറാഴ്ച്ച് കുര്‍ബാന എല്ലാ ഞായറാഴ്ച്ചകളിലുമായി ക്രമീകരിക്കുകയും, കുട്ടികളുടെ വിശ്വാസപരിശീലനത്തിനു മുന്‍തൂക്കം നല്‍കുകയും ചെയ്തു. പലസ്ഥലങ്ങളിലായി ചിതറിക്കിടന്നിക്കുന്ന അമ്പതോളം ക്‌നനായ കുടുംബങ്ങളെ കൂടാരയോഗങ്ങളിലൂടെ ഒരുമിപ്പിക്കുന്നതിനും, എല്ലാ ഞായറാഴ്ച്ചകളിലും ദിവ്യബലിയില്‍ പങ്കെടുപ്പിക്കുന്നതിനും, യുവജനങ്ങളെ സംഘടിപ്പിച്ച് അവര്‍ക്ക് പരിശീലനം നല്‍കുന്നതിലും മാത്യു അച്ചന്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റും, സെ. തോമസ് അപ്പസ്‌തോലിക്ക് സെമിനാരിയില്‍ ദൈവശാസ്ത്ര പ്രൊഫസറുമായിരുന്ന മണക്കാട്ടച്ചന്‍ പ്രഗല്‍ഭനായ ബൈബിള്‍ പണ്ഡിതനും, വാഗ്മിയുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായ നിരവധി വൈദികര്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും അജപാലനദൌത്യം നിര്‍വഹിക്കുന്നു. ഫിലാഡല്‍ഫിയാ ഇന്‍ഡ്യന്‍ ക്രൈസ്തവരുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിക്കുന്ന മണക്കാട്ടച്ചന്‍ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ് കമ്മിറ്റി അംഗം, ഫിലാഡല്‍ഫിയാ അതിരൂപതയുടെ മൈഗ്രന്റ്‌സ് മിനിസ്റ്റ്രി കമ്മിറ്റി അംഗം, ചിക്കാഗോ രൂപതാ ഉപദേശകസമിതിയംഗം, ഫാമിലി അപ്പസ്‌തോലേറ്റ് കമ്മീഷന്‍ അംഗം എന്നീ നിലകളിലും സേവനം ചെയ്ത് മലയാളി കമ്യൂണിറ്റിയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ജീവിതശൈലിയും, പാവങ്ങളോടുള്ള കരുണയും, അനുകമ്പയും മാത്യു അച്ചനില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. പരിശുദ്ധപിതാവിനെപ്പോലെ താന്‍ പറയുകയും, സെമിനാരിയില്‍ പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കാറുള്ള തീവ്രമായ ആഭിലാഷം ഒന്നു മാത്രമാണ് നാട്ടിലെ ഇടവക ശുശ്രൂഷയിലേക്ക് തിരിച്ചു പോകാന്‍ മാത്യു അച്ചനു പ്രേരകശക്തിയായത്. വൈദികര്‍ തങ്ങള്‍ നയിക്കുന്ന കുഞ്ഞാടുകളുടെ ഗന്ധം വഹിക്കുന്ന ഇടയന്മാരായിരിക്കണം എന്ന ഫ്രാന്‍സിസ് പാപ്പായുടെ പ്രബോധനം ശിരസാവഹിക്കുന്ന മാത്യു അച്ചന്‍ നാട്ടില്‍ സ്വന്തം ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നു. നവംബര്‍ 28 ശനിയാഴ്ച്ച മാത്യു അച്ചന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയ്ക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ സെ. ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച് പാസ്റ്റര്‍ റവ. മോണ്‍. ജോസഫ് ഡങ്കന്‍, സീറോമലബാര്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സെ. ജൂഡ് മലങ്കര കാത്തലിക്ക് ചര്‍ച്ച് വികാരി റവ. ഡോ. സജി മുക്കൂട്ട്, സെ. ജൂഡ് മലങ്കര ചര്‍ച്ച് മുന്‍ വികാരി റവ. ഫാ. തോമസ് മലയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാലരവര്‍ഷത്തെ സേവനത്തിനുശേഷം തങ്ങളോടു വിടപറയുന്ന മണക്കാട്ടച്ചനു ക്‌നാനായ മിഷന്റെ സ്‌നേഹോപഹാരം കൈക്കാരന്‍മാരായ സൈമണ്‍ മങ്ങാട്ടുതുണ്ടത്തിലും, ലൂക്കോസ് തത്തങ്കിണറ്റുകരയും നല്‍കി ആദരിച്ചു. വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ജോസ് പാറ്റിയല്‍, ലീല പാറക്കല്‍, മരിയ സ്റ്റീഫന്‍, റൊണാള്‍ഡ് ജോസഫ്, രാജു പാറക്കല്‍ എന്നിവര്‍ അനുമോദനങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വക പാരിതോഷികം ചെയര്‍മാന്‍ ഫാ. ജോണിക്കുട്ടി പുലിശേരിയും, സെക്രട്ടറി സജീവ് ശങ്കരത്തിലും ചേര്‍ന്ന് നല്‍കി. സെ. തോമസ് സീറോമലബാര്‍ പള്ളി, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍, സെ. ആല്‍ബര്‍ട്ട് ദി ഗ്രേറ്റ് ചര്‍ച്ച്, ഫിലാഡല്‍ഫിയാ അതിരൂപത എന്നിവയുടെ പാരിതോഷികങ്ങള്‍ വ്യത്യസ്ത ചടങ്ങുകളിലായി നേരത്തെ നല്‍കി ആദരിച്ചിരുന്നു. പൊതുസമ്മേളനത്തെ തുടര്‍ന്ന് ക്‌നാനായ തനിമയും, പൈതൃകവും വിളിച്ചോതിയ വിവിധ കലാപരിപാടികള്‍ കുട്ടികളും യുവജനങ്ങളും അവതരിപ്പിച്ചത് കാണികളില്‍ ആവേശമുണര്‍ത്തി. തോമസ്‌കുട്ടി സൈമണ്‍, ടീനാ സൈമണ്‍ എന്നിവര്‍ പൊതുസമ്മേളനത്തിന്റെ എം. സി മാരായി. താങ്ക്‌സ്ഗിവിംഗ് ഡിന്നറോടുകൂടി സമ്മേളനം അവസാനിച്ചു. നാട്ടില്‍ ഇടവക ശുശ്രൂഷയിലേയ്ക്ക് തിരിച്ചുപോകുന്ന മാത്യു അച്ചന്‍ കടുത്തുരുത്തിയിലെ പുരാതനവും, പ്രസിദ്ധവുമായ സെ. മേരീസ് ഫോറോനാപള്ളി (മുത്തിയമ്മയുടെ വലിയ പള്ളി) വികാരിയായാണ് തന്റെ പുതിയ ദൗത്യത്തിനു തുടക്കം കുറിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.